തിരുവനന്തപുരം: ആദ്യമായി അരങ്ങേറിയ കേരള ക്രിക്കറ്റ് ലീഗ് ടി ട്വന്‍റിയില്‍ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ക്കുറിച്ച് സച്ചിന്‍ ബേബി. തിരുവനന്തപുരത്ത് നടന്ന ലീഗ് മല്‍സരത്തില്‍ 50 പന്തില്‍ നിന്ന് 105 റണ്‍സടിച്ച് പുറത്താവാതെയാണ് സച്ചിന്‍ ബേബി റിക്കാര്‍ഡിട്ടത്.എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളുമടങ്ങുന്നതായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്സ്. കൊച്ചി ബ്ലൂടൈഗേഴ്‌സിനെതിരായ മല്‍സരത്തില്‍ കൊല്ലം സെയിലേഴ്‌സ് ഏഴ് വിക്കറ്റിന് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി ടീം നിശ്ചിത ഇരുപത് ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സെടുത്തു. 33 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത സിജോമോന്‍ ജോസഫായിരുന്നു കൊച്ചിയുടെ ടോപ്പ് സ്കോറര്‍. വിപുല്‍ ശക്തി ഇരുപത്തൊന്‍പതും ജോബിന്‍ ജോബി ഇരുപതും റണ്‍സെടുത്തു. കൊല്ലത്തിനു വേണ്ടി ബിജു നാരായണനും കെ എം ആസിഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ച്വറി കരുത്തില്‍ എട്ട് പന്ത് ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്ത കൊല്ലം സെയിലേഴ്‌സ് നിരയില്‍ വത്സല്‍ ഗോവിന്ദ് 22 റണ്‍സെടുത്തു.
മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ കൊല്ലം സെയിലേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മല്‍സരങ്ങളില്‍ നിന്ന് ആറ് വിജയം നേടിയാണ് കൊല്ലം ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Also Read:ജയ് ഷാ ഐസിസി തലപ്പത്തെത്തിയതിന് പിന്നാലെ ഒരു സങ്കടവാര്‍ത്ത; ക്രിക്കറ്റ് നിരോധിച്ച് ഈ നഗരം