മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം റിങ്കു സിങ്ങിന് ഇടം ലഭിച്ചിരുന്നില്ല. ഇന്ത്യയ്‌ക്കായി ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ താരമായിരുന്നു റിങ്കു. എന്നാല്‍ ടി20 ലോകകപ്പില്‍ റിസര്‍വ് താരമായി ആണ് 26-നെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെലക്‌ടര്‍മാരുടെ തീരുമാനത്തില്‍ ആരാധകരും നിരവധി വിദഗ്‌ധരും അമ്പരപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചരിക്കുകയാണ് റിങ്കുവിന്‍റെ പിതാവ് ഖാൻചന്ദ്ര സിങ്. പ്രധാന സ്‌ക്വാഡില്‍ റിങ്കുവിന് ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നാണ് ഖാന്‍ചന്ദ്ര സിങ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖാന്‍ചന്ദ്ര സിങ് പറഞ്ഞതിങ്ങനെ...
"ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് ചെറിയൊരു നിരാശയുണ്ട്. ആഘോഷിക്കാൻ ഞങ്ങള്‍ മധുരപലഹാരങ്ങളും പടക്കങ്ങളും വാങ്ങിയിരുന്നു. ആദ്യ ഇലവനില്‍ അവനുണ്ടാവുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്"- പിതാവ് പറഞ്ഞു.
റിങ്കുവിന്‍റെ അവസ്ഥ എന്തായിരുന്നുവെന്ന ചോദ്യത്തോട് ഖാൻചന്ദ്ര സിങ്ങിന്‍റെ പ്രതികരണം ഇങ്ങനെ.... "അവന്‍റെ ഹൃദയം തകർന്നിരിക്കുന്നു. അമ്മയോടായിരുന്നു സംസാരിച്ചത്. പ്ലേയിങ് ഇലവനില്‍ പോയിട്ട് ആദ്യ 15-ല്‍ പോലും ഇടം നേടിയില്ലെന്ന് അവന്‍ പറഞ്ഞു. എന്നാൽ ടീമിനൊപ്പം താൻ യാത്ര ചെയ്യുമെന്നും അവന്‍ പറഞ്ഞു" - പിതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം റിങ്കുവിനെ ടീമില്‍ എടുക്കാത്തതിനെതിരെ ഇന്ത്യയുടെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും കൃഷ്‌ണമാചാരി ശ്രീകാന്തും രംഗത്ത് എത്തിയിരുന്നു. സമീപ കാലപ്രകടനങ്ങള്‍ വച്ചുനോക്കുമ്പോള്‍ റിങ്കു ടീമില്‍ വേണമായിരുന്നുവെന്ന് ഇര്‍ഫാന്‍ എസ്‌കില്‍ കുറിക്കുകയായിരുന്നു.
എന്നാല്‍ യുട്യൂബ് വീഡിയോയിലൂടെ സെലക്‌ടര്‍മാര്‍ക്ക് എതിരെ തുറന്നടിക്കുകയായിരുന്നു ശ്രീകാന്ത്. റിങ്കുവിനെ ഒഴിവാക്കി നാല് സ്‌പിന്നർമാരെ ടീമിലെടുത്തതിന്‍റെ യുക്തിയെന്ത്. ടീം തെരഞ്ഞെടുപ്പിനെ മെറിറ്റ് അല്ലാതെ മറ്റ് ഘടകങ്ങൾ സ്വാധീനിച്ചിരിക്കാം. ഈ തെരഞ്ഞെടുപ്പ് കുറച്ച് ആളുകളെ പ്രീതിപ്പെടുത്താനുള്ളതായിരുന്നു. റിങ്കു സിങ്ങിനെ അതിനായി ബലിയാടാക്കിയെന്നുമായിരുന്നു ശ്രീകാന്ത് പറഞ്ഞത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി , സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍