യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. സ്റ്റട്ട്ഗര്‍ട്ടിലെ എംഎച്ച്പി അരീനയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ജര്‍മനി കരുത്തരായ സ്പെയിനെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്‍പതരയ്‌ക്കാണ് ആവേശപ്പോരാട്ടം ആരംഭിക്കുന്നത്. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയും സോണി ലിവിലൂടെയും ആരാധകര്‍ക്ക് മത്സരം കാണാം.
കരുത്തരുടെ പോരാട്ടം: ജര്‍മ്മനി x സ്പെയിൻ, ഈ വര്‍ഷത്തെ യൂറോ കപ്പില്‍ കരുത്തുറ്റ പ്രകടനം നടത്തിയ രണ്ട് ടീമുകള്‍. ഇന്ന് ആര് തോറ്റ് പുറത്തായാലും ടൂര്‍ണമെന്‍റിലെ ഒരു കരുത്തനെയാകും നഷ്‌ടമാകുക. സ്പെയിന്‍റെയും ജര്‍മ്മനിയുടെയും സൂപ്പര്‍ താരങ്ങളെല്ലാം മിന്നും ഫോമിലാണ്. തുല്യശക്തികള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടാനാകും രണ്ട് ടീമുകളുടെയും ശ്രമം.
സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താനാകും ജര്‍മ്മൻ പട ഇന്ന് കളത്തിലിറങ്ങുക. പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ആതിഥേയര്‍ ക്വാര്‍ട്ടര്‍ ഫൈനലിനെത്തുന്നത്. ജമാല്‍ മുസിയാല, കായ് ഹാവെര്‍ട്‌സ്, ഫ്ലോറിയൻ വിര്‍ട്‌സ് എന്നിവരുടെ ഫോം ജര്‍മ്മനിയ്‌ക്ക് പ്രതീക്ഷയാണ്. സ്പാനിഷ് താരം ജൊസേലുവിന്‍റെ വെല്ലുവിളി നേരിടാൻ ഇറങ്ങഉന്ന സൂപ്പര്‍ താരം ടോണി ക്രൂസിനും മത്സരം നിര്‍ണായകം.
യുവതാരങ്ങളുടെയും സീനിയര്‍ താരങ്ങളുടെയും ഫോമിലാണ് സ്പാനിഷ് പ്രതീക്ഷ. ലാമിൻ യമാല്‍, പെഡ്രി എന്നീ യുവതാരങ്ങളുടെ പ്രകടനങ്ങള്‍ ടീമിന് നിര്‍ണായകമാകും. പ്രീക്വാര്‍ട്ടറില്‍ ജോര്‍ജിയക്കെതിരെ 4-1ന്‍റെ ജയമായിരുന്നു സ്പെയിൻ നേടിയത്.