ലണ്ടൻ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ബ്രസീലിന് ജയം (England vs Brazil International Friendly Result). പുതിയ പരിശീലകന് കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ കാനറിപ്പട വെംബ്ലിയില്‍ ഇംഗ്ലീഷ് പടയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. കൗമാരതാരം എൻഡ്രിക്കെയാണ് (Endrick) മത്സരത്തില്‍ ബ്രസീലിനായി ഗോള്‍ നേടിയത്.
തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമുള്ള ബ്രസീലിന്‍റെ ആദ്യ ജയമാണിത്. പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം ഹാരി കെയ്‌ൻ (Harry Kane) ഇല്ലാതെ ബ്രസീലിനെ നേരിടാൻ വെംബ്ലിയില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്‌റ്റന്‍റെ ആം ബാന്‍ഡ് അണിഞ്ഞ് കളിക്കാനെത്തിയത് കെയ്‌ല്‍ വാക്കര്‍ (Kyle Walker) ആയിരുന്നു. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ വാക്കര്‍ പരിക്കേറ്റ് പുറത്തുപോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
ബ്രസീല്‍ ആയിരുന്നു വെംബ്ലിയില്‍ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. മത്സരത്തിന്‍റെ 12-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ (Vinicius Junior) കാനറിപ്പട ലീഡിന് അരികില്‍ വരെയെത്തി. സ്വന്തം ഹാഫില്‍ നിന്നുള്ള കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു വിനീഷ്യസ് ഗോളിന് അരികിലേക്ക് എത്തിയത്.
ലൂക്കസ് പക്വേറ്റ നല്‍കിയ പന്തുമായിട്ടായിരുന്നു വിനീഷ്യസിന്‍റെ കുതിപ്പ്. ബോക്‌സിനുള്ളില്‍ ഇംഗ്ലീഷ് ഗോളി പിച്ച്ഫോര്‍ഡ് പൊസിഷൻ മാറിയായിരുന്നു ഉണ്ടായിരുന്നത്. ഈ സമയം ഗോള്‍ വല ലക്ഷ്യമാക്കി വിനീഷ്യസ് പായിച്ച ദുര്‍ബലമായ ഷോട്ട് വാക്കര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ഇരു ടീമും സൃഷ്‌ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.
രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 80-ാം മിനിറ്റിലാണ് എൻഡ്രിക്കെ ബ്രസീലിന് ലീഡ് സമ്മാനിച്ചത്. വിനീഷ്യസ് ജൂനിയര്‍ നടത്തിയ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഗോളിന്‍റെ പിറവി. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും ആന്‍ഡ്രേസ് പെരേയ്‌ര നല്‍കിയ ത്രൂ ബോളുമായി വിനീഷ്യസ് ഇംഗ്ലീഷ് ഗോള്‍ വല ലക്ഷ്യമാക്കി കുതിച്ചു.
ബോക്‌സിനുള്ളില്‍ നിന്നും പന്ത് ചിപ്പ് ചെയ്‌ത് ഗോള്‍വലയില്‍ എത്തിക്കാനുള്ള വിനീഷ്യസിന്‍റെ ശ്രമം ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ബ്ലോക്ക് ചെയ്‌തു. ഇതേതുടര്‍ന്ന് റീബൗണ്ടായി ലഭിച്ച പന്താണ് ബോക്‌സിനുള്ളില്‍ വിനീഷ്യസിന് ഒപ്പമുണ്ടായിരുന്ന എൻഡ്രിക്കെ ലക്ഷ്യത്തിലേക്ക് എത്തിച്ചത് (Endrick Goal Against Brazil). അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ബ്രസീല്‍ സീനിയര്‍ ടീമിനായി 17കാരന്‍റെ ആദ്യത്തെ ഗോളാണിത് (Endrick First International Goal).