ന്യൂഡല്‍ഹി : അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ റണ്‍മലയ്‌ക്ക് മുന്നില്‍ പൊരുതി വീണ് ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഡല്‍ഹി ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നാലാം ജയവും ഗുജറാത്തിന്‍റെ അഞ്ചാം തോല്‍വിയുമാണിത്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 224 റണ്‍സ് നേടിയത്. ക്യാപ്‌റ്റൻ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരുടെ അര്‍ധസെഞ്ച്വറികളായിരുന്നു ആതിഥേയര്‍ക്ക് സ്വന്തം തട്ടകത്തില്‍ വമ്പൻ സ്കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 43 പന്ത് നേരിട്ട റിഷഭ് പന്ത് 88 റണ്‍സുമായി പുറത്താകാതെ നിന്നു.
43 പന്തില്‍ 66 റണ്‍സായിരുന്നു അക്‌സര്‍ പട്ടേലിന്‍റെ സമ്പാദ്യം. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് പുറത്താകാതെ 7 പന്തില്‍ 26 റണ്‍സ് അടിച്ചു. പൃഥ്വി ഷാ (11), ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക് (23), ഷായ് ഹോപ്പ് (5) എന്നിങ്ങനെയാണ് മറ്റ് ഡല്‍ഹി താരങ്ങളുടെ സ്‌കോറുകള്‍. ഗുജറാത്തിനായി പന്തെറിഞ്ഞ മലയാളി താരം സന്ദീപ് വാര്യര്‍ മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് രണ്ടാം ഓവറില്‍ തന്നെ നായകൻ ശുഭ്‌മാൻ ഗില്ലിനെ നഷ്‌ടമായി. ആറ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ഗില്ലിനെ ആൻറിച്ച് നോര്‍ക്യയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ വൃദ്ധിമാൻ സാഹയ്‌ക്കൊപ്പം സായ് സുദര്‍ശൻ തകര്‍ത്തടിച്ചതോടെ ഗുജറാത്ത് സ്കോര്‍ കുതിച്ചു. 82 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.
പത്താം ഓവറിലെ നാലാം പന്തില്‍ സാഹയെ (25 പന്തില്‍ 39) വീഴ്‌ത്തി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ അസ്‌മത്തുള്ള ഒമര്‍സായിയെയും (1) ഗുജറാത്തിന് നഷ്‌ടമായി. 13-ാം ഓവറില്‍ സായ് സുദര്‍ശനെ (39 പന്തില്‍ 65) റാസിഖ് സലാം അക്‌സറിന്‍റെ കൈകളില്‍ എത്തിച്ചതോടെ ഗുജറാത്ത് പ്രതിരോധത്തിലായി.
ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഡേവിഡ് മില്ലര്‍ തകര്‍ത്തടിക്കുന്നത് ഗുജറാത്തിന് പ്രതീക്ഷ സമ്മാനിച്ചു. ഷാരൂഖ് ഖാൻ (8), രാഹുല്‍ തെവാട്ടിയ (4) എന്നിവരെ അതിവേഗം മടക്കി ഡല്‍ഹി കളിയില്‍ പിടി മുറുക്കി. 18-ാം ഓവറില്‍ ഡേവിഡ് മില്ലര്‍ (23 പന്തില്‍ 55) പുറത്തായതോടെ 181-7 എന്ന നിലയിലേക്ക് വീണു ഗുജറാത്ത്. സായ് കിഷോറും (6 പന്തില്‍ 13), റാഷിദ് ഖാനും (11 പന്തില്‍ 22*) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിന് നാല് റണ്‍സ് അകലെ ഗുജറാത്ത് ടൈറ്റൻസ് വീഴുകയായിരുന്നു.