ടെന്നീസിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായി കളിമൈതാനത്തോട് വിടപറയാൻ ഒരുങ്ങുകയാണ് റാഫേല്‍ നദാല്‍. 38കാരനായ സ്പാനിഷ് താരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലൂടൊണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വരുന്ന നവംബറില്‍ നടക്കുന്ന ഡേവിസ് കപ്പായിരിക്കും തന്‍റെ 23 വര്‍ഷത്തെ കരിയറിലെ അവസാന ടൂര്‍ണമെന്‍റ് എന്നും നദാല്‍ സ്ഥിരീകരിച്ച് കഴിഞ്ഞു.
പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റാഫേല്‍ നദാലിന് മുന്നോട്ടുള്ള യാത്രയില്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നദാലിന്‍റെ യാത്രയ്‌ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതും അദ്ദേഹത്തെ ഒരു സുഹൃത്തായി കാണാൻ സാധിച്ചതും വലിയ ബഹുമതിയാണെന്ന് റൊണാള്‍ഡോ അഭിപ്രായപ്പെട്ടു. ഇൻസ്റ്റഗ്രാമില്‍ നദാല്‍ പോസ്റ്റ് ചെയ്‌ത വീഡിയോയുടെ കമന്‍റ് ബോക്‌സിലൂടെയായിരുന്നു റൊണാള്‍ഡോയുടെ അഭിപ്രായപ്രകടനം. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..
'റാഫ, എന്തൊരു അവിശ്വസനീയമായ യാത്രയായിരുന്നു നിങ്ങളുടേത്. നിങ്ങളുടെ സമര്‍പ്പണമനോഭാവവും ടെന്നീസിനോടുള്ള അടങ്ങാത്ത അഭിനിവേശവും അവിശ്വസനീയമായ കഴിവും ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. നിങ്ങളുടെ യാത്രയ്‌ക്ക് സാക്ഷ്യം വഹിക്കാനും നിങ്ങളെ ഒരു സുഹൃത്ത് എന്ന് വിളിക്കാനും സാധിച്ചത് വലിയ ഒരു ബഹുമതിയാണ്...'.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, വികാരനിര്‍ഭരമായ വീഡിയോയിലൂടെയായിരുന്നു നദാല്‍ തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 'പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിക്കുകയാണ്. കുറച്ചധികം ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ തീരുമാനത്തിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. ജീവിതത്തില്‍ എല്ലാത്തിനും അതിന്‍റേതായ തുടക്കവും അവസാനവുമുണ്ട്..' നദാല്‍ പറഞ്ഞു.
Also Read : കളിമണ്‍ കോര്‍ട്ടിലെ രാജാവും കളമൊഴിയുന്നു...! വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍