ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിക്ക് ക്രിക്കറ്റിനകത്തും പുറത്തും എല്ലായിടത്തും ആരാധകരുണ്ട്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ൽ ഇന്ത്യക്കായി ചാമ്പ്യൻസ് ട്രോഫിയും നേടിത്തന്ന ഇന്ത്യന്‍ നായകനാണ് മഹി. എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ ഫാസ്റ്റ് ബൗളറായ ഖലീൽ അഹമ്മദ് കമന്‍റേറ്റര്‍ ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ എംഎസ് ധോണി കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു.
മുൻ ഇന്ത്യൻ ക്യാപ്റ്റനുമായി താൻ വളരെ അടുത്തയാളാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹത്തെ തന്‍റെ ഉപദേഷ്ടാവായാണ് കണക്കാക്കുന്നതെന്നും മഹിയെ പറ്റി ഖലീൽ പറഞ്ഞു. 'മഹി ഭായ് എന്‍റെ സുഹൃത്തല്ല, ജ്യേഷ്‌ഠനുമല്ല, അദ്ദേഹം എന്‍റെ ഗുരുവാണെന്ന് താരം വ്യക്തമാക്കി.
സഹീർ ഖാന്‍ വളർന്നു വരുന്നതു കണ്ടതിനാൽ കുട്ടിക്കാലം മുതൽ ഇന്ത്യയ്ക്കുവേണ്ടി ബൗളറാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അത് വളരെ ചെറുപ്പം മുതലുള്ള തന്‍റെ സ്വപ്നമായിരുന്നുവെന്ന് ഫാസ്റ്റ് ബൗളർ വെളിപ്പെടുത്തി. ഈ സ്വപ്‌നം സാക്ഷാത്കരിക്കാൻ എം.എസ് ധോണി തന്നെ സഹായിച്ചതായി ഖലീൽ വെളിപ്പെടുത്തി.
എം.എസ് ധോണിയുമായി പൂക്കൾ പിടിച്ച് നില്‍ക്കുന്ന ഫോട്ടോ വൈറലായതിനെ കുറിച്ച് അഭിമുഖത്തിനിടെ ആകാശ് ചോദിച്ചു. ന്യൂസിലൻഡ് പര്യടനത്തിനിടെ എംഎസ് ധോണിയാണ് ഈ പൂക്കള്‍ തനിക്ക് നൽകിയതെന്ന് ഖലീൽ പറഞ്ഞു. ആരാധകരിൽ നിന്ന് ലഭിച്ച പൂക്കൾ വാങ്ങി ധോണി തനിക്ക് നൽകുകയായിരുന്നു. ഒരു ആരാധകൻ പകർത്തിയ ഈ അപ്രതീക്ഷിത നിമിഷം തന്‍റെ ജീവിതത്തിലെ അവിസ്‌മരണീയ നിമിഷമായി മാറിയെന്ന് ഖലീൽ പറഞ്ഞു.