ആര്‍ച്ചറി ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ട് 'ചൈനകള്‍' തമ്മിലുള്ള മല്‍സരമായിരുന്നു. ചൈനയും ചൈനീസ് തായ്പേയും തമ്മിലുള്ള പോരാട്ടം. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് 2022ല്‍ തായാവാന് ചുറ്റും സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തി മുള്‍മുനയില്‍ നിര്‍ത്താന്‍ ചൈന ശ്രമിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
തായ്‌വാന് അമേരിക്ക സഹായം നല്‍കുന്നതിനെതിരായ മുന്നറിയിപ്പായിരുന്നു ചൈനീസ് യുദ്ധവിമാനങ്ങള്‍ അടക്കം പങ്കെടുത്ത അഭ്യാസ പ്രകടനങ്ങള്‍. പല തവണ തായ്‌വാന്‍റെ വ്യോമാതിര്‍ത്തി മറികടന്ന് പ്രകോപനം സൃഷ്‌ടിക്കാനും ചൈന മെനക്കെട്ടു. പുതിയ പ്രസിഡന്‍റായി വില്യം ലായി ചുമതലയേറ്റതിന് പുറകേ ചൈന അഭ്യാസ പ്രകടനങ്ങള്‍ ഒന്നു കൂടി വര്‍ധിപ്പിച്ചു.
ഈ സംഘര്‍ഷങ്ങളുടെ നടുവിലാണ് ഒളിമ്പിക് വേദിയില്‍ ഇരു രാജ്യത്തേയും താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. ലോക സമാധാനത്തിന്‍റെ വേദിയായ ഒളിമ്പിക്‌സില്‍ സംഘര്‍ഷ മേഖലയില്‍ നിന്നെത്തിയതിന്‍റെ വികാര പ്രകടനങ്ങളൊന്നും ഇരു രാജ്യങ്ങളുടേയും പ്രകടനത്തിലും പെരുമാറ്റത്തിലും ഉണ്ടായില്ല. തികഞ്ഞ സ്പോര്‍ട്‌സ്‌മാന്‍ സ്പിരിറ്റോടെയാണ് ഇരു ടീമുകളും മല്‍സരം പൂര്‍ത്തിയാക്കിയത്.
ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ആരംഭിച്ച തര്‍ക്കം: ചൈനീസ് സിവില്‍ വാറിനെത്തുടര്‍ന്ന് 1049 ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് രൂപം നല്‍കുന്നത്. മറിച്ച് നാഷണലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ചൈന 1912 മുതല്‍ത്തന്നെ നിലവിലുണ്ടായിരുന്നു. 1949 ലെ ചൈനീസ് യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ റിപ്പബ്ലിക്ക് ഓഫ് ചൈന തായ്‌വാനിലേക്കൊതുങ്ങി.
1895ല്‍ ജപ്പാന്‍റെ അധീനതയിലെത്തുന്നതുവരെ ക്വിങ്ങ് രാജവംശമായിരുന്നു തായ്‌വാന്‍ ദ്വീപുകള്‍ ഭരിച്ചത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതോടെ തായ്‌വാനില്‍ നിന്നും അവര്‍ പിന്‍വാങ്ങി. 1971ല്‍ ഐക്യരാഷ്ട്രസഭ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെന്ന പുതിയ രാജ്യത്തിന് അംഗീകാരം നല്‍കി.
ഒളിമ്പിക് കമ്മിറ്റിയാകട്ടെ 1954ല്‍ തന്നെ ഇരു ചൈനകള്‍ക്കും അംഗീകാരം നല്‍കി. 1976ല്‍ തായ്‌വാന്‍ എന്ന പേരിലോ റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന പേരിലോ മത്സരിക്കുന്നതില്‍ നിന്ന് തായ്‌വാന്‍ ടീമിനെ വിലക്കി. മുന്‍ വര്‍ഷങ്ങളിലൊക്കെ തായ്‌വാന്‍ മത്സരിച്ചത് റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിലായിരുന്നു.
വിലക്ക് വന്നതോടെ 1976ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ തായ്‌വാന്‍ തീരുമാനിച്ചു. ഉദ്ഘാടനത്തിന് ഒറ്റ ദിവസം മുമ്പായിരുന്നു ഒളിമ്പിക്‌സില്‍ നിന്നുള്ള പിൻമാറ്റം തായ്‌വാന്‍ പ്രഖ്യാപിച്ചത്. 1979 ല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തായ്പേയ്ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനമെടുത്തു.
തായ്പേയിക്ക് അംഗത്വം നല്‍കുന്നതിനെ ചൈന എതിര്‍ത്തില്ലെങ്കിലും ചൈന എന്ന പേരോ പതാകയോ ഉപയോഗിക്കുന്നതിനെ എതിര്‍ത്തു. തുടര്‍ന്ന് ചൈനീസ് ഒളിമ്പിക് കമ്മിറ്റിയെ ഔദ്യോഗിക ചൈനയായി ഐ ഒ സി അംഗീകരിച്ചു. തായ്‌വാന് അംഗത്വം നല്‍കുകയും അവരെ ചൈനീസ് തായ്പേയ് ഒളിമ്പിക് കമ്മിറ്റിയായി അംഗീകരിക്കുകയും ചെയ്‌തു.
തര്‍ക്കങ്ങള്‍ തുടര്‍ന്നെങ്കിലും 1981ല്‍ പരിഹാരമായി. ജുവാന്‍ അന്‍റോണിയോ സമറാഞ്ച് എന്ന ഇന്‍റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ സമര്‍ത്ഥനായ സാരഥിയുടെ നയതന്ത്രമാണ് മഞ്ഞുരുക്കിയത്. 1984 മുതല്‍ പ്രത്യേക പതാകയും ദേശീയ ഗാനവുമൊക്കെയായി ചൈനീസ് തായ്പേയും ഒളിമ്പിക്‌സിലുണ്ട്.
ക്വാര്‍ട്ടറില്‍ പൊരിഞ്ഞ പോരാട്ടമായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്. ആവേശകരമായ ആദ്യ സെറ്റില്‍ ഇരു രാജ്യങ്ങളും 56 പോയിന്‍റ് വീതം നേടി ഓരോ പോയിന്‍റ് പങ്കുവെച്ചു. രണ്ടാം സെറ്റില്‍ ഒറ്റപ്പോയിന്‍റ് വ്യത്യാസത്തില്‍ ചൈനീസ് തായ്പേയ്- ചൈനക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.
ചൈന 3-1 ന് മുന്നിലായി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 56- 54 എന്ന സ്കോറിന് ചൈന ജയിച്ചതോടെ 5-1 എന്ന പോയിന്‍റ് നിലയില്‍ അവര്‍ മത്സരം സ്വന്തമാക്കി. ചൈന സെമിയിലേക്ക് യോഗ്യത നേടിയെങ്കിലും കരുത്തരെ വെള്ളം കുടിപ്പിച്ച ചാരിതാര്‍ത്ഥ്യത്തോടെ തായ്പേയ് ടീം മടങ്ങി.
Also Read : അര്‍ജുന്‍ യഥാര്‍ഥ പോരാളി; പൊരുതിയത് ഷൂട്ടിങ് റേഞ്ചില്‍ മാത്രല്ല, ജലാലാബാദുകാരന്‍റെ അറിയാക്കഥ അറിയാം...