ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുന്ന കാര്യത്തില്‍ ഇതുവരേ തീരുമാനങ്ങളൊന്നും വന്നിട്ടില്ല. 2024 ലെ ടി20 ലോകകപ്പിൽ ചാമ്പ്യൻമാരായതിന് ശേഷം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ്. സ്‌പോർട്‌സ് ടാക്കിനോട് സംസാരിക്കവെ മുൻ ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിങ് ഒരു നിബന്ധനയോടെ മാത്രമേ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാവൂ എന്ന് പറഞ്ഞു.
ടീമിന്‍റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ടീം പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ഹർഭജൻ സിങ് പറഞ്ഞു. ടീമുകൾക്ക് പൂർണ സുരക്ഷ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞാൽ സർക്കാർ ആലോചിച്ച് ഒടുവിൽ തീരുമാനമെടുക്കണം. ഇത് കേവലം ക്രിക്കറ്റുമായി ബന്ധപ്പെട്ടതല്ലെന്നും അതിനപ്പുറവും വ്യാപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അവർ പറയുന്നതെന്തും അവർക്ക് ശരിയാകാം. അതേസമയം ഞങ്ങൾ പറയുന്നത് ഞങ്ങളുടെ കാഴ്‌ചപ്പാടാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു, കളിക്കാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ടീം അവിടെ പോകേണ്ടതില്ലെന്ന് താരം വ്യക്തമാക്കി.
സർക്കാർ അനുമതി നൽകിയാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തീർച്ചയായും ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്ഥാനിലേക്ക് പോകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.