ദിബ്രുഗഡ് : ഒളിമ്പിക് മെഡൽ ജേതാവും ആറ് തവണ ലോക ചാമ്പ്യനുമായിരുന്ന ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍റെ നിയമപ്രകാരം 40 വയസുവരെ മാത്രമേ എലൈറ്റ് മത്സരങ്ങളില്‍ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 41-കാരിയായ താരം വിരമിക്കുന്നത് (Mary Kom Announces Retirement).
വിരമിച്ചെങ്കിലും ഇനിയും ബോക്‌സിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് മേരി കോം വ്യക്തമാക്കി. പ്രായപരിധി കാരണമാണ് വിരമിക്കുന്നത്. ജീവിതത്തില്‍ എല്ലാം നേടിയ സംതൃപ്‌തിയോടെയാണ് പടിയിറക്കമെന്നും മേരി കോം പറഞ്ഞു.
'ബോക്‌സിങ്ങിനോടുള്ള എന്‍റെ അഭിനിവേശം ഇപ്പോഴുമുണ്ട്. എന്നാൽ പ്രായപരിധി കഴിഞ്ഞതിനാല്‍ എനിക്ക് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. ബോക്‌സിങ്ങിൽ നിന്ന് വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്‌തിയോടെയാണ് പടിയിറക്കം'– വിരമിക്കൽ പ്രഖ്യാപനത്തിൽ മേരി കോം പറഞ്ഞു.
ബോക്‌സിങ് ചരിത്രത്തിൽ ആറ് ലോക കിരീടങ്ങൾ നേടുന്ന ആദ്യ വനിതാ താരമാണ് മേരി. അഞ്ച് തവണ ഏഷ്യൻ ചാമ്പ്യനായ മേരി, 2014ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയതോടെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി മാറി. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയതും ഇന്ത്യയ്‌ക്ക് പുതുചരിത്രമാണ്.
2021 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെള്ളി നേടിയിട്ടുണ്ട്. 8 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും 7 ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും 2 ഏഷ്യൻ ഗെയിംസ് മെഡലുകളും അവർ നേടി.
Also Read: ഇടിക്കൂട്ടിലെ ഇന്ത്യയുടെ അഞ്ച് സുവര്‍ണ നേട്ടങ്ങള്‍
2003ല്‍ ആദ്യ ലോക ചാംപ്യൻ പട്ടം നേടിയതിന് പിന്നാലെ രാജ്യം മേരിയെ അർജുന അവാർഡ് നൽകി ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്‌കാരവും ലഭിച്ചു. 2006 ൽ പത്മശ്രീ, 2013 ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016– 2022 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു.