അഡ്‌ലെയ്‌ഡ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഇന്ത്യയോട് പകരം വീട്ടി ഓസ്‌ട്രേലിയ. അഡ്‌ലെയ്‌ഡിലെ പിങ്ക് ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ക്കാണ് അതിഥേയര്‍ വിജയം പിടിച്ചത്. ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ട സന്ദര്‍ശകര്‍ ഉയര്‍ത്തിയ 19 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് വിക്കറ്റ് നഷ്‌ടമില്ലായാണ് ഓസീസ് എത്തിയത്.
ഓപ്പണർമാരായ നേഥൻ മക്സ്വീനിയും (12 പന്തിൽ 10), ഉസ്‌മാൻ ഖവാജയും (8 പന്തിൽ 9) പുറത്താകാതെ നിന്നു. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ഓസീസിന് കഴിഞ്ഞു. ഇതൊടൊപ്പം പിങ്ക് ബോള്‍ ടെസ്റ്റിലെ തങ്ങളുടെ അപ്രമാദിത്വവും ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഇതുവരെ കളിച്ച 13 പിങ്ക് ബോള്‍ ടെസ്റ്റില്‍ 12 എണ്ണവും ഓസീസ് വിജയിച്ചിരുന്നു. അഡ്‌ലെയ്‌ഡില്‍ കളിച്ച എട്ട് മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടേയില്ല.
Massive win in Adelaide for Australia as they level the series 1-1 💪#WTC25 | #AUSvIND 📝: https://t.co/D4QfJY2DY1 pic.twitter.com/RXZusN98wU
— ICC (@ICC) December 8, 2024
തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ്
രണ്ടാം ഇന്നിങ്‌സില്‍ 175 റൺസായിരുന്നു ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. നിതീഷ് റെഡ്ഡിയാണ് (47 പന്തിൽ 42 ) ഇന്ത്യയുടെ ടോപ് സ്കോറർ. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പാറ്റ് കമ്മിന്‍സാണ് ഇക്കുറി സന്ദര്‍ശകരുടെ നടുവൊടിച്ചത്.
128/5 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് 47 റൺസ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. റിഷഭ് പന്ത് (31 പന്തിൽ 28), രവിചന്ദ്രൻ അശ്വിൻ (14 പന്തിൽ 7), ഹർഷിത് റാണ (0), മുഹമ്മദ് സിറാജ് (8 പന്തിൽ 7) എന്നിവരാണ് ഇന്ന് പുറത്തായത്. യശസ്വി ജയ്‌സ്വാള്‍ (31 പന്തില്‍ 24), കെഎല്‍ രാഹുല്‍ (10 പന്തില്‍ 7), ശുഭ്‌മാന്‍ ഗില്‍ (30 പന്തില്‍ 28), വിരാട് കോലി (21 പന്തില്‍ 11), രോഹിത് ശര്‍മ (15 പന്തില്‍ 6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
ഹെഡിന് സെഞ്ചുറി, ഓസീസിന് ലീഡ്
ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ആറ് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ടീമിനെ എറിഞ്ഞിട്ടത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ ഓസീസ് 337 റൺസടിച്ച് 157 റൺസ് ലീഡ് ഉറപ്പിച്ചു. ആതിഥേയര്‍ക്ക് കരുത്തായത് ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയും (141 പന്തില്‍ 140), മാര്‍നെസ് ലബുഷെയ്‌ന്‍റെ (126 പന്തില്‍ 64) അര്‍ധ സെഞ്ചുറിയുമാണ്. നഥാന്‍ മക്‌സ്വീനിയും (109 പന്തില്‍ 39) നിര്‍ണായകമായി. ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റുകള്‍ വീതം നേടി.