ഹൈദരാബാദ് : 2024 സമ്മര്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ആദരവും അഭിനന്ദനവുമായി ഇന്ത്യന്‍ ചലച്ചിത്ര ലോകം. കരീന കപൂര്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, സിദ്ധാര്‍ഥ് മല്‍ഹോത്ര, സാമന്ത രൂത്ത് പ്രഭു, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിന്‍റെ വിജയത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കി.
ദീപിക പദുക്കോണ്‍ ഇന്ത്യന്‍ പുരുഷ ഹോക്കി സംഘത്തിന്‍റെ ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു. വെങ്കല മെഡല്‍ നേടിയ താരങ്ങള്‍ അവിടെ തന്നെ തങ്ങളുടെ വിജയം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ദീപിക പങ്കുവച്ചത്. കരീന കപൂറും ടീമിനെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ അഭിനന്ദിച്ചു. അബ്‌സല്യൂട്ടിലി ബ്രില്ല്യന്‍റ് എന്നാണ് കരീന കുറിച്ചത്. ശില്‍പ്പ ഷെട്ടിയും ഇന്ത്യന്‍ ടീമിന്‍റെ നേട്ടത്തില്‍ അഭിമാനം പങ്കുവച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭിനന്ദനവും താരം അറിയിച്ചു.
രണ്‍വീര്‍ സിങ് രണ്ട് സ്റ്റോറികളാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. കമോണ്‍, ബാക്ക് ടു ഇന്ത്യ എന്നാണ് ഒരു പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. മറ്റൊരു പോസ്റ്റില്‍ ശ്രീജേഷിനെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹോക്കിയുടെ വന്‍മതിലെന്നാണ് താരം ശ്രീജേഷിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
സിദ്ധാര്‍ഥ് മല്‍ഹോത്രയും ഇന്ത്യന്‍ പുരുഷ ഹോക്കി സംഘത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നു. 'എന്തൊരു കളിയായിരുന്നു. വിജയം നേടിയതിന് അഭിനന്ദനങ്ങള്‍' എന്നാണ് അദ്ദേഹം കുറിച്ചത്. ശ്രീജേഷിന്‍റെ പ്രകടനത്തെയും അദ്ദേഹം എടുത്ത് സൂചിപ്പിച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ സാമന്തയും ഒരു ചിത്രം പങ്ക് വച്ച് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഫോട്ടോ ഓഫ് ദി ഡേ എന്നാണ് ഈ ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
കുട്ടികള്‍ ഇതിഹാസം ആവര്‍ത്തിച്ചിരിക്കുന്നുവെന്ന് വിക്കി കൗശല്‍ കുറിച്ചു. മമ്മൂട്ടിയടക്കം മലയാളത്തില്‍ നിന്നുള്ള താരങ്ങളും ഹോക്കി ടീമിന് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയിട്ടുണ്ട്.
2-1 എന്ന സ്‌കോറിനാണ് ഇന്ത്യ സ്പെയിനിലെ അട്ടിമറിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്‍റെയും പി ആര്‍ ശ്രീജേഷിന്‍റെയും പ്രകടനങ്ങളാണ് പാരിസില്‍ ഇന്ത്യന്‍ ടീമിന് അനായാസ വിജയം സമ്മാനിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ 0-1 എന്ന നിലയില്‍ പിന്നിലായിരുന്ന ടീമിനെ ശ്രീജേഷും ഹര്‍മന്‍പ്രീതും ചേര്‍ന്ന് വിജയത്തിലെത്തിച്ചു.
ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്കായി രണ്ടാം വെങ്കലം നേടിയതിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച് ഇന്ത്യൻ ഗോള്‍കീപ്പറും ഇതിഹാസ താരവുമായ പിആർ ശ്രീജേഷ്. മെഡലുമായി ഒളിമ്പിക് ഗെയിംസ് അവസാനിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ലത് എന്നാണ് തോന്നുന്നതെന്ന് ശ്രീജേഷ് പറഞ്ഞു. ഇതോടെ കേരളത്തിൽ നിന്നുള്ള 36കാരന്‍റെ 18 വർഷം നീണ്ടുനിന്ന കരിയറിനാണ് തിരശീല വീണത്.
'ആളുകളുടെ വികാരത്തെ ഞാൻ മാനിക്കുന്നു. ചില തീരുമാനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാൽ ശരിയായ സമയത്ത് തീരുമാനമെടുക്കുന്നതാണ് സാഹചര്യത്തെ കൂടുതൽ മനോഹരമാക്കുന്നത്' എന്ന് താരം പറഞ്ഞു. 'ഞങ്ങൾ വെറുംകൈയോടെയല്ല മടങ്ങുന്നത്. അത് വലിയ കാര്യമാണ്' എന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീം അവരുടെ ജോലി നന്നായി ചെയ്തെന്നും മനോഹരമായി കളിച്ചെന്നും ശ്രീജേഷ് പറഞ്ഞു.
Also Read: ആ വന്‍മതില്‍ ഇനിയില്ല; അന്താരാഷ്‌ട്ര ഹോക്കിയില്‍ നിന്നും മെഡലുമായി ശ്രീജേഷിന്‍റെ പടിയിറക്കം