പെര്‍ത്ത്: ഓസീസിനെതിരായ മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് മികച്ച വിജയം. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 37 റണ്‍സിനാണ് സന്ദര്‍ശകര്‍ കളി പിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നേടിയ 220 റണ്‍സ് പിന്തുടര്‍ന്ന ഓസീസിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സിലെ നേടാന്‍ സാധിച്ചുള്ളൂ. (Australia vs West Indies 3rd T20I Highlights)
49 പന്തില്‍ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 81 റണ്‍സടിച്ച ഡേവിഡ് വാര്‍ണറാണ് (David Warner) ഓസീസിന്‍റെ ടോപ് സ്‌കോറര്‍. വിന്‍ഡീസിനായി റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. വലിയ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസീസിന് മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്.
ആദ്യ വിക്കറ്റില്‍ 6.3 ഓവറില്‍ 68 റണ്‍സായിരുന്നു ഓസീസ് ഓപ്പണര്‍മാര്‍ ചേര്‍ത്തത്. മിച്ചര്‍ മാര്‍ഷിനെ (13 പന്തില്‍ 17) തിരികെ കയറ്റിയ അകെയ്ല്‍ ഹൊസെയ്‌നാണ് വിന്‍ഡീസിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആരോണ്‍ ഹാര്‍ഡിയ്‌ക്ക് (16) നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ വാര്‍ണറെ വീഴ്‌ത്താന്‍ കഴിഞ്ഞത് മത്സരത്തില്‍ വഴിത്തിരിവായി.
ചേസിന്‍റെ പന്തില്‍ ആന്ദ്രെ റസ്സല്‍ പിടികൂടിയായിരുന്നു വാര്‍ണറുടെ മടക്കം. ജോഷ് ഇംഗ്ലിഷ് ( 3 പന്തില്‍ 1), ഗ്ലെന്‍ മാക്‌സ്‌വെല്‍ (14 പന്തില്‍ 12) എന്നിവര്‍ നിരാശപ്പെടുത്തി. ടിം ഡേവിഡ് (19 പന്തില്‍ 41), മാത്യു വെയ്‌ഡ് (7 പന്തില്‍ 7) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ, ആന്ദ്രേ റസ്സല്‍ (29 പന്തില്‍ 71), ഷെഫാനെ റുതര്‍ഫോര്‍ഡ് (40 പന്തില്‍ 67*) എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് വിന്‍ഡീസ് കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്. 2.5 ഓവറില്‍ മൂന്നിന് 17 എന്ന തകര്‍ച്ചത്തുടക്കത്തിന് ശേഷമായിരുന്നു സന്ദര്‍ശകരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ജോണ്‍സണ്‍ ചാര്‍ലസ് (4), നിക്കോളാസ് പുരാന്‍ (1), കെയ്‌ല്‍ മെയേഴ്‌സ് (7 പന്തില്‍ 11) എന്നിവരുടെ വിക്കറ്റായിരുന്നു വിന്‍ഡീസിന് വേഗം തന്നെ നഷ്‌ടമായത്.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ റോവ്മാന്‍ പവലും (37 പന്തില്‍ 21) റോസ്റ്റണ്‍ ചേസും (20 പന്തില്‍ 37) എന്നിവര്‍ 55 റണ്‍സ് കൂട്ടിചേര്‍ത്തു. മത്സരം 10 ഓവറുകളിലേക്ക് എത്തും മുമ്പ് തന്നെ ഇരുവരേയും തിരികെ കയറ്റാന്‍ ഓസീസിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് റെസ്സല്‍- റുതര്‍ഫോര്‍ഡ് സഖ്യത്തിന്‍റെ വിളയാട്ടമാണ് കാണാന്‍ കഴിഞ്ഞത്. ആകെ 67 പന്തുകളില്‍ നിന്നായി 139 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ച് കൂട്ടിയത്.
അവസാന ഓവറിന്‍റെ നാലാം പന്തില്‍ റസ്സല്‍ പുറത്തായതോടെയാണ് സഖ്യം പൊളിയുന്നത്. നാല് ബൗണ്ടറികളും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു റസ്സലിന്‍റെ ഇന്നിങ്‌സ്. അഞ്ച് വീതം ഫോറുകളും സിക്‌സറുകളും നേടിയ റുതര്‍ഫോര്‍ഡിനൊപ്പം റൊമാരിയോ ഷെപ്പേർഡും പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയയ്‌ക്കായി സേവ്യര്‍ ബാര്‍ലെറ്റ് രണ്ട് വിക്കറ്റ് നേടി.
സ്റ്റാര്‍ സ്‌പിന്നര്‍ ആദം സാംപ ഒരു വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ 65 റണ്‍സാണ് വഴങ്ങിയത്. മത്സരം വിന്‍ഡീസ് വിജയിച്ചെങ്കിലും പരമ്പര 2-1ന് ഓസ്‌ട്രേലിയ നേടി. റസ്സലാണ് (Andre Russell) മത്സരത്തിലെ താരം. വാര്‍ണര്‍ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.