അഡ്‌ലെയ്‌ഡ്: ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി മിച്ചല്‍ സ്റ്റാര്‍ക്ക് നിറഞ്ഞാടിയപ്പോള്‍ അഡ്‌ലെയ്‌ഡ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സിന് പുറത്തായി ഇന്ത്യ. 54 പന്തില്‍ 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെഎല്‍ രാഹുല്‍ (64 പന്തില്‍ 37), ശുഭ്‌മാന്‍ ഗില്‍ (51 പന്തില്‍ 31), റിഷഭ് പന്ത് (35 പന്തില്‍ 21), ആര്‍ അശ്വിന്‍ (22 പന്തില്‍ 22) എന്നിവരാണ് രണ്ടക്കംതൊട്ട മറ്റ് താരങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്റ്റാര്‍ക്ക് 14.1 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ടെസ്റ്റില്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2016-ല്‍ ശ്രീലങ്കയ്‌ക്ക് എതിരെ 50 റണ്‍സിന് ആറ് വിക്കറ്റ് വീഴ്‌ത്തിയതായിരുന്നു ഇതിന് മുമ്പ് താരത്തിന്‍റെ മികച്ച പ്രകടനം.
ഞെട്ടുന്ന തുടക്കമായിരുന്നു ഇന്ത്യയ്‌ക്ക് ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ പെര്‍ത്തിലെ സെഞ്ചുറിക്കാരന്‍ യശസ്വി ജയ്‌സ്വാളിനെ സന്ദര്‍ശകര്‍ക്ക് നഷ്‌ടമായി. തുടര്‍ന്ന് ഒന്നിച്ച കെഎല്‍ രാഹുല്‍-ശുഭ്‌മാന്‍ ഗില്‍ സഖ്യം കരുതലോടെ കളിച്ചു.
69 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന സഖ്യത്തെ സ്റ്റാര്‍ക്ക് പൊളിച്ചു. കെഎല്‍ രാഹുല്‍ നഥാൻ മക്‌സ്വീനിയുടെ കയ്യില്‍ ഒതുങ്ങി. പിന്നീട് വെറും 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്‌ടപ്പെട്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി.
വിരാട് കോലിയെ (7) സ്റ്റാര്‍ക്ക് സ്‌മിത്തിന്‍റെ കയ്യിലെത്തിച്ചപ്പോള്‍ ഗില്ലിനെ സ്‌കോട്ട് ബോളണ്ട് വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും സ്റ്റാര്‍ക്ക് നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ആറ് വര്‍ഷത്തിന് ശേഷം ആറാം നമ്പറില്‍ കളിക്കാന്‍ ഇറങ്ങിയ രോഹിത് മൂന്ന് റണ്‍സെടുത്താണ് തിരികെ കയറിയത്.
തുടര്‍ന്ന് ഒന്നിച്ച നിതീഷും പന്തും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചു. എന്നാല്‍ കമ്മിന്‍റെ ബൗണ്‍സില്‍ പന്തിന് പിഴച്ചതോടെ 22 റണ്‍സ് നീണ്ടുനിന്ന കൂട്ടുകെട്ട് പൊളിഞ്ഞു. ഇതോടെ 109-6 എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് അശ്വിനും നിതീഷും ചേര്‍ന്ന് സന്ദര്‍ശകരെ 150 റണ്‍സിന് അടുത്തെത്തിച്ചു.
ALSO READ: ഗില്ലിന്‍റെ പേടി സ്വപ്‌നം !; അഞ്ച് ഓവര്‍ തികച്ചെറിഞ്ഞിട്ടില്ല, 'ബണ്ണി'യാക്കി സ്കോട്ട് ബോളണ്ട്
അശ്വിനെ (22) വിക്കറ്റിന് മുന്നില്‍ കുരുക്കി സ്റ്റാര്‍ക്ക് ബ്രേക് ത്രൂ നല്‍കി. പിന്നാലെ ഹര്‍ഷിത് റാണയെ ബൗള്‍ഡാക്കിയ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റും തികച്ചു. പിന്നീട് ബുംറ (0), മുഹമ്മദ് സിറാജ് എന്നിവരെ കൂട്ടുപിടിച്ച് പൊരുതിയ നിതീഷ് ഇന്ത്യയെ 180 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു. ഒടുവില്‍ നിതീഷിനെ മടക്കിക്കൊണ്ട് സ്റ്റാര്‍ക്ക് ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ടു. മുഹമ്മദ് സിറാജ് (4*) പുറത്താവാതെ നിന്നു. ഓസീസിനായി സ്കോട്ട് ബോളണ്ടും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതം വീഴത്തി.