ബ്യൂണസ് ഐറിസ്: അര്‍ജന്‍റൈന്‍ ടീമിന് പുറത്തും ലയണല്‍ മെസി- ഏയ്‌ഞ്ചൽ ഡി മരിയ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നു. 36-കാരനായ ഡി മരിയ ഈ സമ്മറില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുമായുള്ള ഡി മരിയയുടെ കരാർ അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് താരം അമേരിക്കയിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
തന്‍റെ പഴയകാല ക്ലബായ റൊസാരിയോ സെൻട്രലിലേക്ക് മടങ്ങാനുള്ള ആഗ്രഹം താരം നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അർജന്‍റൈന്‍ നഗരത്തിലെ സുരക്ഷ പ്രശ്‌നങ്ങൾ കാരണം മനസ് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ബെന്‍ഫിക്കയ്‌ക്കായി സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ഡി മരിയയ്‌ക്കായിരുന്നു. 16 ഗോളുകള്‍ അടിച്ച് കൂട്ടിയ താരം 15 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തു.
വമ്പന്‍ ക്ലബുകളായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്‍റസ്, പിഎസ്‌ജി എന്നിവയ്‌ക്കായും ഏയ്‌ഞ്ചൽ ഡി മരിയ നേരത്തെ പന്ത് തട്ടുയിട്ടുണ്ട്. ജൂണില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയോടെ അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് നേരത്തെ തന്നെ താരം പ്രഖ്യാപിച്ചിട്ടുണ്ട്.
"അവസാനമായി ഞാന്‍ അര്‍ജന്‍റീനയുടെ ജഴ്‌സി അണിയുന്നത് കോപ്പ അമേരിക്ക വേദിയിലായിരിക്കും. അര്‍ജന്‍റൈന്‍ കുപ്പായം അണിയാന്‍ കഴിഞ്ഞുവെന്നത് എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ്. ഇക്കാരണത്താല്‍ തന്നെ ഏറെ വേദനയോടെയായിരിക്കും ഞാന്‍ അതിനോട് വിട പറയുന്നതും. നന്ദി മാത്രമാണ് എല്ലാവരോടും ഇപ്പോള്‍ പറയാനുള്ളത്. നമ്മുടെ ടീമിന് ഇനിയും ചരിത്രം സൃഷ്‌ടിക്കാന്‍ കഴിയും"- ഡി മരിയ പറഞ്ഞു.
2008-ലാണ് ഡി മരിയ അര്‍ജന്‍റീനയ്‌ക്കായി അരങ്ങേറ്റം നടത്തുന്നത്. ഇതുവരെ കളിച്ച 136 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് സമ്പാദ്യം. കഴിഞ്ഞ ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഫ്രാന്‍സിനെതിരായ ഫൈനലിലും താരം അര്‍ജന്‍റീനയ്‌ക്കായി വലകുലുക്കി.
2021- കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരായ ഫൈനലില്‍ അര്‍ജന്‍റീനയുടെ വിജയ ഗോള്‍ പിറന്നതും ഡി മരിയയുടെ ബൂട്ടില്‍ നിന്നാണ്. പിന്നാലെ ഇറ്റലിക്കെതിരായ ഫൈനലിസിമയിലും താരം ഗോളടിച്ചിരുന്നു. അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചാലും ക്ലബ് കരിയറില്‍ താരം തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ലയണല്‍ മെസിക്ക് പിന്നാലെ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവരും ഇന്‍റര്‍ മയാമിയിലേക്ക് എത്തിയിരുന്നു.