ചെന്നൈ: ഐപിഎല്‍ കലാശപ്പോരാട്ടത്തിന് ശേഷവും വിരാട് കോലിയ്‌ക്കും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനുമെതിരെയും രൂക്ഷവിമര്‍ശനവുമായി അമ്പാട്ടി റായുഡു. ഓറഞ്ച് ക്യാപ് പോലുള്ള വ്യക്തിഗത നേട്ടങ്ങളിലൂടെ ഒരു ഫ്രാഞ്ചൈസിയ്‌ക്കും ഐപിഎല്‍ കിരീടം നേടാൻ സാധിക്കില്ലെന്നും അതിന് ടീമിന്‍റേതായ കൂട്ടായ പരിശ്രമം ആണ് വേണ്ടതെന്നും റായുഡു അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രീമിയര്‍ ലീഗിന്‍റെ പതിനേഴാം പതിപ്പില്‍ കൊല്‍ക്കത്ത കൂട്ടായ പരിശ്രമത്തിലൂടെയാണ് കിരീടം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
'ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഭിനന്ദനങ്ങള്‍. സുനില്‍ നരെയ്ൻ, ആന്ദ്രേ റസല്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെപ്പോലുള്ള പ്രതിഭകളെ അവര്‍ പിന്തുണച്ചു. ഒടുവില്‍ ടീമിന്‍റെ ജയത്തില്‍ ഇവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്‌തു.
ഇങ്ങനെയാണ് ഒരു ടീം ഐപിഎല്‍ ജയിക്കേണ്ടത്. വര്‍ഷങ്ങളായി നമ്മള്‍ ഇക്കാര്യം കാണുന്നതുമാണ്. ഓറഞ്ച് ക്യാപ് അല്ല ഒരു ടീമിനെ ചാമ്പ്യന്മാരാക്കുന്നത്, മറിച്ച് 300, അല്ലെങ്കില്‍ 400 റണ്‍സ് വീതം ഓരോ താരങ്ങളും നല്‍കുന്ന സംഭാവനകളാണ്'- റായുഡു പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിയാണ് ഇത്തവണ ഐപിഎല്ലിലെ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 15 മത്സരങ്ങളില്‍ നിന്നും 61.70 ശരാശരിയില്‍ 741 റണ്‍സാണ് കോലി നേടിയത്. ഐപിഎല്ലില്‍ ഇത് രണ്ടാമത്തെ തവണയാണ് കോലി ഓറഞ്ച് ക്യാപ് നേടുന്നത്.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരം കൂടിയാണ് വിരാട് കോലി. ക്രിസ് ഗെയില്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഇതിന് മുന്‍പ് ഐപിഎല്ലില്‍ രണ്ട് പ്രാവശ്യം ഓറഞ്ച് ക്യാപ് നേടിയിട്ടുള്ളത്.