മുംബൈ: ബിസിസിഐയുടെ ഏറ്റവും പുതിയ വാർഷിക കരാർ പട്ടികയിൽ (BCCI central contracts) നിന്ന് ഇഷാൻ കിഷൻ (Ishan Kishan), ശ്രേയസ് അയ്യർ (Shreyas Iyer) എന്നിവരെ ഒഴിവാക്കിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീളുകയാണ്. സമീപകാലത്തായി ഇരു താരങ്ങളും ബിസിസിഐയുടെ പദ്ധതികളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. ഏകദിന ലോകകപ്പ് അടക്കുള്ള പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഇരുവരും കളിക്കുകയും ചെയ്‌തു.
ശക്തമായ നിര്‍ദേശമുണ്ടായിരുന്നിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും മാറി നിന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവര്‍ക്കും കരാര്‍ നഷ്‌ടമാവുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ഇഷാന്‍ അവസാനമായി ടീമിന്‍റെ ഭാഗമായത്. ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നതിനായി അഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ മാനേജ്‌മെന്‍റിന്‍റെ ഭാഗത്ത് നിന്നും പലതവണ നിര്‍ദേശമുണ്ടായിരുന്നു.
എന്നാല്‍ തന്‍റെ ടീമായ ജാര്‍ഖണ്ഡിനായി കളിക്കാന്‍ ഇഷാന്‍ തയ്യാറായില്ല. ശ്രേയസ് അവട്ടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതിരുന്ന 29-കാരന് രണ്ടാം ടെസ്റ്റിന് ശേഷം മുതുക് വേദന അനുഭവപ്പെടുകയും ചെയ്‌തു.
പിന്നീട് ശ്രേയസിനെ ഒഴിവാക്കിക്കൊണ്ടാണ് ഇംഗ്ളണ്ടിനെതിരെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ശ്രേയസ് ഫിറ്റാണെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കിലും രഞ്‌ജിയില്‍ തന്‍റെ ടീമായ മുംബൈക്കായി കളിക്കാന്‍ താരം തയ്യാറായില്ല. എന്നാല്‍ രഞ്‌ജിയില്‍ നിന്നും മാറി നിന്ന ശ്രേയസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പ്രീ-ഐപിഎൽ (IPL 2024) ക്യാമ്പിൽ പങ്കെടുത്തതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്.
പരിക്ക് പറഞ്ഞ് മാറി നിന്ന ശ്രേയസ്, ഐപിഎൽ ക്യാമ്പിൽ പങ്കെടുത്തതില്‍ ബിസിസിഐ ചീഫ് സെലക്‌ടർ അജിത് അഗാർക്കർ ( Ajit Agarkar) രോഷാകുലനായെന്നാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ശ്രേയസിനെ കരാറില്‍ നിന്നും വെട്ടിയതെന്നാണ് വിവരം. അതേസമയം കരാര്‍ നഷ്‌ടപ്പെട്ടതിന് പിന്നാലെ രഞ്‌ജി ട്രോഫിയില്‍ കളിക്കാന്‍ ശ്രേയസ് അയ്യര്‍ ഇറങ്ങിയിട്ടുണ്ട്. രഞ്ജി ട്രോഫി സെമി ഫൈനലില്‍ തമിഴ്‌നാടിനെതിരെയാണ് മുംബൈക്കായി ശ്രേയസ് അയ്യര്‍ കളിക്കുന്നത്.
ALSO READ: ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ വിളിച്ചു ; ഇഷാന്‍റെ മറുപടി ഇതായിരുന്നു, പുറത്താക്കിയത് വെറുതെയല്ല
അതേസമയം എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് ഗ്രേഡുകളായി ആകെ 30 കളിക്കാരാണ് ബിസിസിഐയുടെ പുതിയ കരാര്‍ പട്ടികയിലുള്ളത്. എ പ്ലസ് വിഭാഗത്തിലുള്ള ഓരോ താരത്തിനും 7 കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. അഞ്ച് കോടി രൂപയാണ് എ ഗ്രേഡിലുള്ള കളിക്കാര്‍ക്ക് പ്രതിഫലം. ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി രൂപയുമാണ് പ്രതിഫലമായി ലഭിക്കുക. ഫാസ്റ്റ് ബോളര്‍മാര്‍ക്കായി പുതുതായി ഒരു കാറ്റഗറി കൂടി ബിസിസിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ALSO READ: ക്യാപ്റ്റനായിട്ടല്ല ഒരാളും ടീമിലേക്ക് എത്തുന്നത്; രോഹിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് അഞ്ജും ചോപ്ര