ഹരാരെ : സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഡക്കിന് പുറത്തായതിന്‍റെ ക്ഷീണം രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച് മാറ്റിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഹരാരെ സ്പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയം വേദിയായ മത്സരത്തില്‍ 47 പന്തില്‍ 100 റണ്‍സായിരുന്നു അഭിഷേക് നേടിയെടുത്തത്. എട്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു മത്സരത്തില്‍ 23കാരന്‍റെ ഇന്നിങ്‌സ്.
പരമ്പരയിലെ ആദ്യ മത്സരത്തിലൂടെയായിരുന്നു താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ഈ മത്സരത്തില്‍ നാല് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാൻ അഭിഷേക് ശര്‍മയ്‌ക്കായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന രണ്ടാം ടി20യില്‍ താരം കത്തിക്കയറിയത്.
മത്സരത്തിന് ശേഷം ബാറ്റിങ് വെടിക്കെട്ടിന് പിന്നിലെ രഹസ്യം അഭിഷേക് ശര്‍മ വെളിപ്പെടുത്തി. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യില്‍ നായകൻ ശുഭ്‌മാൻ ഗില്ലിന്‍റെ ബാറ്റാണ് താൻ ഉപയോഗിച്ചത് എന്നായിരുന്നു അഭിഷേക് പറഞ്ഞത്. ഇതാദ്യമായല്ല താൻ ഗില്ലിന്‍റെ ബാറ്റ് ഉപയോഗിക്കുന്നതെന്നും താരം മത്സരശേഷം വ്യക്തമാക്കിയിരുന്നു. അഭിഷേക് ശര്‍മയുടെ വാക്കുകള്‍ ഇങ്ങനെ...
'ഇന്ന് ശുഭ്‌മാൻ ഗില്ലിന്‍റെ ബാറ്റ് ഉപയോഗിച്ചാണ് ഞാൻ കളിച്ചത്. ഇതിന് മുന്‍പും ഞാൻ ഇതേ കാര്യം ചെയ്‌തിട്ടുണ്ട്. എപ്പോഴൊക്കെ എനിക്ക് റണ്‍സ് വേണമോ അപ്പോഴെല്ലാം ഞാൻ അവന്‍റെ ബാറ്റ് ചോദിക്കാറുണ്ട്'- അഭിഷേക് ശര്‍മ പറഞ്ഞു.
അതേസമയം, മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് ആദ്യ ഓവറില്‍ തന്നെ നായകൻ ശുഭ്‌മാൻ ഗില്ലിനെ നഷ്‌ടമായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച അഭിഷേക് ശര്‍മ - റിതുരാജ് ഗെയ്‌ക്‌വാദ് സഖ്യം അതിവേഗത്തില്‍ തന്നെ ഇന്ത്യൻ സ്കോര്‍ ഉയര്‍ത്തി. 137 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
ഹാട്രിക്ക് സിക്‌സറുകള്‍ പറത്തിക്കൊണ്ടായിരുന്നു അഭിഷേക് ശര്‍മ അന്താരാഷ്‌ട്ര കരിയറിലെ ആദ്യ സെഞ്ച്വറിയിലേക്ക് എത്തിയത്. 14-ാം ഓവറിലെ അവസാന പന്തിലായിരുന്നു താരത്തിന്‍റെ പുറത്താകല്‍. പിന്നാലെ വന്ന റിങ്കു സിങ്ങും (22 പന്തില്‍ 48) തകര്‍ത്തടിച്ചതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സ് നേടിയാണ് തിരികെ കയറിയത്. മൂന്നാമനായെത്തിയ റിതുരാജ് ഗെയ്‌ക്‌വാദ് പുറത്താകാതെ 47 പന്തില്‍ 77 റണ്‍സടിച്ചു.
235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെയെ 134 റണ്‍സില്‍ എറിഞ്ഞിട്ട് ഇന്ത്യ 100 റണ്‍സിന്‍റെ ജയമായിരുന്നു മത്സരത്തില്‍ നേടിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുകേഷ് കുമാര്‍, ആവേശ് ഖാൻ എന്നിവരുടെ പ്രകടനങ്ങളായിരുന്നു മത്സരത്തില്‍ ഇന്ത്യൻ ജയം എളുപ്പമാക്കിയത്.
Read More : കലിപ്പടക്കി...; സിംബാബ്‌വെക്കെതിരെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം