ബെംഗളൂരു : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നിര്‍ദേശവുമായി മുൻ താരം എബി ഡിവില്ലിയേഴ്‌സ്. ടീം മികച്ച പ്രകടനം നടത്തണമെങ്കില്‍ മധ്യ ഓവറുകളില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ക്രീസില്‍ വേണമെന്നാണ് ഡിവില്ലിയേഴ്‌സിന്‍റെ അഭിപ്രായം. സീസണിലെ ആദ്യ നാല് കളികളില്‍ ഒരെണ്ണത്തില്‍ മാത്രം ജയം നേടിയ ആര്‍സിബി പോയിന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനക്കാരാണ്.
'ഒരു തുടക്കം ലഭിച്ച് കഴിഞ്ഞാല്‍ ഇന്നിങ്‌സിന്‍റെ അവസാനം വരെ ആ മികവ് തുടരാൻ വിരാട് കോലിക്ക് സാധിക്കും. മധ്യ ഓവറുകളിലാണ് കോലിയുടെ ആവശ്യം കൂടുതലായി ടീമിന് വേണ്ടത്. അതുകൊണ്ട് തന്നെ പവര്‍പ്ലേ അവൻ കടന്നുകിട്ടേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ ഫാഫ് ഡുപ്ലെസിസ് കൂടുതല്‍ റിസ്‌ക് എടുക്കണം. 7-15 വരെയുള്ള സമയത്താണ് കോലിയെ നമുക്ക് വേണ്ടത്. അങ്ങനെ വന്നാല്‍ ബാറ്റിങ്ങിലെ പോരായ്‌മകളൊക്കെ പരിഹരിക്കാൻ ആര്‍സിബിയ്‌ക്കാകും'- യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഐപിഎല്‍ പതിനേഴാം പതിപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വിരാട് കോലി. നാല് മത്സരങ്ങളില്‍ നിന്നും 67.66 ശരാശരിയില്‍ 203 റണ്‍സ് കോലി അടിച്ചെടുത്തിട്ടുണ്ട്. ആര്‍സിബി നിരയില്‍ മറ്റാര്‍ക്കും ഇതേ പ്രകടനം ആവര്‍ത്തിക്കാൻ സാധിച്ചിട്ടില്ല.
ദിനേശ് കാര്‍ത്തിക്കാണ് ആര്‍സിബിക്കായി ഈ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം. നാല് മത്സരങ്ങളില്‍ നിന്നും 90 റണ്‍സാണ് കാര്‍ത്തിക്കിന്‍റെ സമ്പാദ്യം. അനൂജ് റാവത്ത് (73), ഫാഫ് ഡുപ്ലെസിസ് (65), കാമറൂണ്‍ ഗ്രീൻ (63), രജത് പടിദാര്‍ (50), ഗ്ലെൻ മാക്‌സ്‌വെല്‍ (31) എന്നിങ്ങനെയാണ് നാല് മത്സരവും കളിച്ച ആര്‍സിബി ബാറ്റര്‍മാരുടെ ഈ സീസണിലെ പ്രകടനം.
പ്രധാന താരങ്ങളായ ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെല്‍, രജത് പടിദാര്‍, കാമറൂണ്‍ ഗ്രീൻ എന്നിവരുടെ ഫോം ഔട്ടാണ് സീസണില്‍ ആര്‍സിബിയ്‌ക്ക് തിരിച്ചടി. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അര്‍ധസെഞ്ച്വറി നേടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താൻ വിരാട് കോലിക്കായിരുന്നു.
അതേസമയം, തോല്‍വി അറിയാതെ കുതിക്കുന്ന രാജസ്ഥാൻ റോയല്‍സിനെതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ അടുത്ത മത്സരം. ഏപ്രില്‍ ആറിന് രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് പോരാട്ടം. ഈ മത്സരത്തിലൂടെ ബെംഗളൂരു വിജയവഴിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.