വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ (India vs England 2nd Test) ഇന്ത്യയ്‌ക്ക് ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് സമ്മാനിച്ചതില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്ന വിശാഖപട്ടണത്തെ പിച്ചില്‍ ആറ് വിക്കറ്റുകളുമായാണ് താരം നിറഞ്ഞാടിയത്. ഇതോടെ ഒരു വിക്കറ്റിന് 114 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് ആകെ 253 റണ്‍സിന് തങ്ങളുടെ ഇന്നിങ്‌സിന് തിരശ്ശീലയിടേണ്ടി വന്നു.
ജോ റൂട്ട്, ഒല്ലി പോപ്പ്, ജോണി ബെയര്‍ സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ടോം ഹാര്‍ട്ട്‌ലി, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെയായിരുന്നു ബുംറ എറിഞ്ഞിട്ടത്. വേഗവും സ്വിങ്ങും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായിരുന്നു ബുംറയുടെ മാരക സ്‌പെല്‍. ഇപ്പോഴിതാ 30-കാരനെ വാനോളം പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര.
ജസ്‌പ്രീത് ബുംറ സൂപ്പര്‍മാനാണെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഏറെ അതിശയകരമായ രീതിയിലാണ് താരം പന്തെറിഞ്ഞത്. ഒല്ലി പോപ്പിന്‍റെ വിക്കറ്റിളക്കിയ ബുംറയുടെ പന്ത് 2024-ലെ ഏറ്റവും മികച്ചതാവുമെന്നും അദ്ദേഹം പറഞ്ഞു."നമ്മള്‍ കൺമുന്നിൽ കണ്ടത് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളുടെ തകര്‍പ്പന്‍ പ്രകടനമാണ്. അതിശയകരമായാണ് അവന്‍ പന്തെറിഞ്ഞത്. ഒരു ഫ്ലാറ്റ് വിക്കറ്റിലാണ് അവന്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്.
ആദ്യം ജോ റൂട്ടിനെ പുറത്താക്കി. പിന്നെ,ഒല്ലി പോപ്പിന്‍റെ കുറ്റിയിളക്കി 2024-ലെ ഏറ്റവും മികച്ച പന്തെറിഞ്ഞു. രണ്ട് വശത്തേക്കും പന്ത് റിവേഴ്‌സ് ചെയ്യാനുള്ള അപൂർവ വൈദഗ്ധ്യവും ബുംറയ്ക്കുണ്ട്. ബെന്‍ സ്റ്റോക്‌സ് പുറത്തായ രീതിയും നമ്മള്‍ കണ്ടു. കുറ്റി തെറിച്ച് മടങ്ങുമ്പോള്‍, ജസ്പ്രീത് ബുംറ ചതിച്ചതുപോലെയായിരുന്നു സ്റ്റോക്‌സിന്‍റെ ഭാവം. പിച്ച് ചെയ്‌ത ശേഷം സ്റ്റംപിളക്കും മുമ്പ് അവന്‍ ആ പന്ത് കണ്ടിട്ടില്ലെന്നാണ് അത് തോന്നിപ്പിക്കുന്നത്" - ആകാശ് ചോപ്ര പറഞ്ഞു.
15.5 ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ബുംറ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. അഞ്ച് മെയ്‌ഡനുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്‍റെ സ്‌പെല്‍. ഇക്കോണമി വെറും 2.84 മാത്രമായിരുന്നു. വിശാഖപട്ടണത്തും ബാസ്‌ബോള്‍ കളിക്കാനുറച്ചായിരുന്നു ഇംഗ്ലണ്ട് ഇറങ്ങിയത്. തുടക്കം മുതല്‍ ഇന്ത്യന്‍ ബോളര്‍മാരെ ആക്രമിച്ച് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തങ്ങളുടെ നയം പ്രഖ്യാപിച്ചിരുന്നു.
ALSO READ: സ്‌പിന്‍പിച്ചില്‍ ഇംഗ്ലണ്ടിന്‍റെ നടൊവൊടിച്ച് ബൂം ബൂം മാജിക്; ബാസ്‌ബോളൊന്നും അയാള്‍ക്കെതിരെ നടക്കില്ല
ഒരു ഘട്ടത്തില്‍ ബുംറയ്‌ക്ക് എതിരെയും അവര്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയിരുന്നു. എന്നാല്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ ബുംറയ്‌ക്കെതിരെ ടീം പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ ബുംറ വിക്കറ്റെടുക്കുന്നത് തടയാന്‍ അവര്‍ക്ക് കഴിയാതെ വന്നു.