ഹൈദരാബാദ് : ലോകമെമ്പാടും മാതൃത്വത്തെ ആദരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ് മെയ് 12. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച എല്ലാ അമ്മമാര്‍ക്കുമുള്ള അഭിനന്ദനത്തിൻ്റെയും സ്‌നേഹത്തിന്‍റെയും ദിനമാണ്. അമ്മയോടുള്ള സ്‌നേഹത്തെയും ആത്മബന്ധത്തെയും ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിനം വേണമെന്നില്ല.
എന്നിരുന്നാലും അമ്മയ്ക്കായുള്ള ഈ ദിനം അവര്‍ക്കായി തന്നെ മാറ്റി വയ്ക്കാം. ദൈനംദിന ജീവിതത്തിരക്കിൽ, നമ്മളെ നമ്മളാക്കി മാറ്റിയ അമ്മമാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസാന നിമിഷം വരെ കാത്തിരുന്നാല്‍ ചിലപ്പോള്‍ സാധിച്ചെന്നുവരില്ല. അമ്മയുമായുള്ള ഊഷ്‌മള ബന്ധം ആഘോഷിക്കാൻ നിങ്ങൾ ഇപ്പോഴും മികച്ച സമ്മാനത്തിനായി തെരയുകയാണെങ്കില്‍, വിഷമിക്കേണ്ട. മാതൃ ദിനം അടിപൊളിയായി ആഘോഷിക്കാന്‍ ചില ആശയങ്ങൾ ഇതാ:
ഡിഐവൈ ഫോട്ടോ ആൽബം : അമൂല്യമായ ഓർമകളുടെ ഒരു സമ്പത്താണ് ഓരോ ആല്‍ബങ്ങളും. അമ്മയ്‌ക്കൊപ്പം ചെലവഴിച്ച വിലമതിക്കാനാകാത്ത നിമിഷങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞ ആൽബം അമ്മയ്ക്ക് നല്‍കാവുന്ന നല്ലൊരു സമ്മാനമാണ്. മാത്രമല്ല സ്‌നേഹവും ഗൃഹാതുരത്വവും നിറഞ്ഞ ഓര്‍മകളിലൂടെയുള്ള ഒരു യാത്രകൂടിയാണ് ആല്‍ബം.
കൈയെഴുത്ത് കത്ത് : നിങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ നിന്ന് കുറച്ച് നിമിഷങ്ങൾ മാറ്റിവച്ച് അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ഒരു കത്ത്, അല്ലെങ്കിൽ ഒരു കവിത എഴുതുക. നിങ്ങളുടെ വികാരങ്ങളും ചിന്തകളും വാക്കുകളിൽ നിറയ്ക്കുക. അമ്മയ്‌ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍, ഓര്‍മകള്‍, കഥകള്‍, അമ്മയോട് സ്‌നേഹം തോന്നാനുള്ള കാരണങ്ങള്‍ എന്നിവയെക്കുറിച്ച് എഴുതുമ്പോള്‍ അത് മനോഹരമായ സമ്മാനമായി മാറുന്നു.
ഡിജിറ്റൽ ഗിഫ്റ്റ് കാർഡുകൾ : ഡിജിറ്റല്‍ ഗിഫ്‌റ്റ് കാര്‍ഡുകള്‍ മികച്ചൊരു ഓപ്‌ഷനാണ്. നിങ്ങളുടെ അമ്മയ്‌ക്ക് ഏറ്റവും ഇഷ്‌മുള്ള ഒരു സ്റ്റോറില്‍ നിന്ന് ഷോപ്പിങ് നടത്താന്‍, അല്ലെങ്കില്‍ റെസ്റ്റോറന്‍റില്‍ നിന്ന് അവരുടെ ഇഷ്‌ട വിഭവം ആസ്വദിക്കാന്‍ അവര്‍ക്ക് ഒരു ഗിഫ്‌റ്റ് കാര്‍ഡ് സമ്മാനിക്കൂ.
മൂവി നൈറ്റ് : ലഘുഭക്ഷണവും അമ്മയുടെ പ്രിയപ്പെട്ട സിനിമകളും ഒരുക്കി നിങ്ങളുടെ വീട്ടിൽ ഒരു മികച്ച രാത്രി തന്നെ ക്രമീകരിക്കാം. അതിനായി നിങ്ങൾക്ക് മുഴുവൻ കുടുംബത്തെയും ഒരുമിച്ച് വിളിച്ച് ചേര്‍ക്കാം. സിനിമയോടൊപ്പം നിങ്ങളുടെ അമ്മയ്‌ക്ക് ഇഷ്‌ടപ്പെട്ട ഫ്ലേവറില്‍ കുറച്ച് പോപ്‌കോണ്‍ കൂടി ആകുമ്പോള്‍ അത് മികച്ചൊരു സ്‌നേഹ സമ്മാനമാകുന്നു. ഇങ്ങനെ മനോഹരവും സമാധാനപരവുമായ ഒരു സായാഹ്നം കുടുംബത്തോടൊപ്പം ആസ്വദിക്കൂ.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം : ബ്രൗണികൾ, കപ്പ്‌കേക്കുകൾ, കുക്കികൾ പോലുള്ള മധുര പലഹാരങ്ങള്‍ വീട്ടില്‍ തന്നെ തയാറാക്കി അമ്മയെ ഞെട്ടിക്കാം. നിങ്ങള്‍ തയാറാക്കിയ പലഹാരം ഭംഗിയില്‍ അലങ്കരിച്ച് അവ സ്‌നേഹത്തോടെ അമ്മയ്‌ക്ക് സമ്മാനിക്കുക.