ഇന്ന് ലോക ഉത്‌പാദനക്ഷമത ദിനം. ലോകമെമ്പാടുമുള്ള ജനങ്ങളെ ഉത്‌പാദനക്ഷമതയുടെ പ്രാധാന്യം ഓർമപ്പെടുത്താനാണ് എല്ലാ വർഷവും ജൂൺ 20 ന് ലോക ഉത്‌പാദനക്ഷമത ദിനം ആചരിക്കുന്നത്. ഉൽപ്പാദനക്ഷമത എങ്ങനെ വർദ്ധിപ്പിക്കാമെന്ന് പഠിക്കാനുള്ള ഒരു ദിവസം കൂടിയാണിത്. ഒരു ഉത്‌പന്നത്തിന്‍റെയോ സേവനങ്ങളുടെയോ ഉത്‌പാദനത്തിന്‍റെ കാര്യക്ഷമതയെയാണ് ഉത്‌പാദനക്ഷമത എന്നു പറയുന്നത്. എല്ലാ തൊഴിലുടമകളും തങ്ങളുടെ തൊഴിലാളികൾ ഉത്‌പാദനക്ഷമതയുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ജോലിയിലും ജീവിതത്തിലും ശോഭിക്കണമെങ്കിൽ ഒരു വ്യക്തി ഉത്‌പാദനക്ഷമതയുള്ള ഒരാളായിരിക്കേണ്ടതുണ്ട്.
എന്താണ് ഉത്‌പാദനക്ഷമത?
ഉത്‌പാദനക്ഷമത എന്നതിനെ പല തരത്തിൽ വ്യാഖ്യാനിക്കാവുന്നതാണ്. നമ്മുടെ ലക്ഷ്യങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും പൂർത്തിയാക്കാനുള്ള കഴിവാണ് ഉത്‌പാദനക്ഷമത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉത്‌പാദനക്ഷമത എന്നത് തികച്ചും വ്യക്തിഗതമാണ്. കാരണം ഉത്‌പാദനക്ഷമത നിലനിർത്താൻ എല്ലാവർക്കും വ്യത്യസ്‌തമായ കാര്യങ്ങളാണ് ആവശ്യമുള്ളത്. ഒരു വ്യക്തിക്ക് അവരുടെ ജോലിയിലും ജീവിതത്തിലും തിളങ്ങാൻ ഉത്‌പാദനക്ഷമത ആവശ്യമാണ്.
തൊഴിലിടങ്ങളില്‍ ഉത്‌പാദനക്ഷമത വർധിപ്പിക്കാൻ ശീലമാക്കേണ്ട കാര്യങ്ങൾ:
- മാറുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ബോധവാന്മാരാവുക
- നിങ്ങൾ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണെങ്കിൽ ജോലി സ്ഥലത്ത് ഒരു ടീം ആസൂത്രണം ചെയ്യുക
- എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനായി റിമൈൻഡറുകൾ സജ്ജീകരിക്കുക
- ജോലിയിൽ ഇടയ്‌ക്ക് ഒരു ചെറിയ ഇടവേള എടുക്കുക
- സമയം പാഴാക്കാതിരിക്കുക
- ഒരു ദിവസം എങ്ങനെ ചെലവഴിക്കണമെന്നതിന് മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുക
- കുറഞ്ഞത് ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങുക
- ആരോഗ്യകരമായ പ്രഭാത ദിനചര്യ സൃഷ്‌ടിക്കുക
- ഒരു സമയത്ത് ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
- ചീത്ത ശീലങ്ങൾ പൂർണമായും ഒഴിവാക്കുക
- മടിയെ പൂർണമായും അകറ്റി നിർത്തുക
ഉൽപ്പാദനക്ഷമതയുടെ പ്രതിബന്ധങ്ങൾ:
- വിവരങ്ങളുടെ ലഭ്യതക്കുറവ്
- ഫലപ്രദമല്ലാത്ത ആശയവിനിമയം
- ആവശ്യമായ പരിശീലനം ലഭിക്കാതെ വരുന്നത്
- അപര്യാപ്‌തമായ ഉപകരണങ്ങൾ
- പ്രചോദനത്തിൻ്റെ അഭാവം
- സമ്മർദ്ദം
- അമിത ജോലി
ലോക ഉത്‌പാദനക്ഷമത ദിനം എങ്ങനെ ആചരിക്കാം:
- വലിയ സ്വപ്‌നം കണ്ടുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. ജോലിയിൽ പുതിയ ലക്ഷ്യങ്ങൾ ഉണ്ടാക്കുക.
- സമയപരിധിയെക്കുറിച്ച് ഓർമിപ്പിക്കാനും, ചെയ്യേണ്ട കാര്യങ്ങൾ ഓർഗനൈസ് ചെയ്യാനുമുള്ള റിമൈൻഡറുകളും നിർദേശങ്ങളും ലഭിക്കാന്‍ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായം തേടുക
- ജോലികൾ അടുക്കും ചിട്ടയോടെയും ചെയ്യുക
- ജോലികൾ പൂർത്തിയാക്കുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെ സ്വയം അഭിനന്ദിക്കുക
Also Read: 62 വർഷമായി വായന ജീവിത വ്രതം; വ്യത്യസ്‌തനായി ഒരു മാവൂരുകാരന്‍