ഇന്ന് ഹഗ് ഡേ. വാലന്‍റൈന്‍സ് വീക്കിലെ ആറാം ദിവസമാണ് ഹഗ് ഡേ ആയി ആഘോഷിക്കുന്നത്. ഒരു ആലിംഗനത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിനം. ആലിംഗനം അല്ലെങ്കില്‍ കെട്ടിപ്പിടിത്തം എന്നത് സ്നേഹത്തിന്‍റെയും, കരുതലിന്‍റെയും ഭാഷയാണ്. ഒരാളോടുള്ള നമ്മളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ വാക്കുകള്‍ പരാജയപ്പെടുമ്പോള്‍ ശാരീരിക സ്‌പര്‍ശനത്തിന്‍റെ ഈ ഭാഷ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാറുണ്ട് (Hug Day 2024).
നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ ഉണ്ടെന്നും, അവരുടെ ഏത് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നിങ്ങള്‍ തയ്യാറാണെന്നും, മാനസിക പ്രയാസങ്ങളും, സംഘര്‍ഷങ്ങളും വർധിക്കുമ്പോൾ അവരുടെ സുരക്ഷിത ഇടമാണ് നിങ്ങളെന്ന് അറിയിക്കാനും പലപ്പോഴും ആലിംഗനങ്ങളാല്‍ സഹായിക്കും. അതുകൊണ്ട് ഹഗ് ഡേയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
ഏറ്റവും കാര്യക്ഷമമായ പ്രണയ ഭാഷകളിലൊന്നായ ആലിംഗനം വാക്കുകൾക്ക് പോലും ചെയ്യാൻ കഴിയാത്ത വികാരങ്ങൾ പകരുന്നു. ഈ ദിവസം കമിതാക്കളും, ദമ്പതികളും പരസ്‌പരം ആലിംഗനം ചെയ്‌ത് തങ്ങളുടെ സ്നേഹം പങ്കിടുന്നു.
സ്നേഹത്തോടെയുള്ള ആലിംഗനവും സ്‌പർശവും വൈകാരിക സുരക്ഷിതത്വം മാത്രമല്ല ആരോഗ്യ സംരക്ഷണവും നൽകും. ആലിംഗനങ്ങൾ സഹാനുഭൂതി, മനസ്സിലാക്കൽ, അനുകമ്പ എന്നിവയുമായി മാത്രമല്ല, സൗമ്യതയോടും സ്നേഹത്തോടും കൂടി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ആലിംഗന ദിനത്തിൽ, ജീവിതത്തിന്‍റെ ഉയർച്ച താഴ്‌ചകളിൽ പരസ്‌പരം താങ്ങാനാകുമെന്ന വാഗ്‌ദാനമായും ഒരു ആശ്വാസമായും പ്രണയികൾ പരസ്‌പരം ആശ്ലേഷിക്കുന്നത്.
ആലിംഗനത്തിന് പിന്നിലെ ഗുണങ്ങൾ: പരസ്‌പരം പുണരുമ്പോള്‍ ശരീരത്തിലെ സന്തോഷ ഹോര്‍മോണായ ഓക്‌സിടോസിന്‍റെ അളവ് കൂടും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ പിടിച്ച് കെട്ടാനും അതുവഴി രക്തസമ്മര്‍ദം കുറച്ച് ഉന്മേഷം പകരാനും ആലിംഗനം സഹായിക്കും. തലച്ചോറിലെ സെറോടോണിനെ നന്നായി ബൂസ്റ്റ് ചെയ്യാനും മാനസീക സംഘര്‍ഷം കുറയ്ക്കാനും ഒരൊറ്റ കെട്ടിപ്പിടിത്തം മതിയെന്നാണ് ജോണ്‍ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണ്ടുപിടിത്തം.
ശാരീരികമായും മാനസികമായും ആലിംഗനം ചെയ്യുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. മനുഷ്യബന്ധത്തിന് ശാരീരിക സ്‌പർശം അനിവാര്യമാണ്. ആലിംഗനത്തിന് ഉത്കണ്‌ഠ കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും. ആലിംഗനം സന്തോഷത്തെ പ്രോത്സാഹിപ്പിക്കുന്ന തലച്ചോറിലെ ന്യൂറോ ട്രാൻസ്‌മിറ്ററായ ഓക്‌സിടോസിൻ പ്രകാശനം ഉത്തേജിപ്പിക്കുന്നു.
ആലിംഗനം സമ്മർദ്ദവും ഉത്കണ്‌ഠയും കുറയ്ക്കുന്നു. ആലിംഗനം നിങ്ങളുടെ ഹൃദയത്തിന് നല്ലതാണ്. റൊമാൻ്റിക് അർത്ഥത്തിൽ മാത്രമല്ല, നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും. കോപം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക്, ആലിംഗനം ഒരു ഉപയോഗപ്രദമായ വ്യായാമമായിരിക്കും. നിങ്ങളുടെ പങ്കാളിയെ കൂടുതൽ തവണ ആലിംഗനം ചെയ്യാനുള്ള കാരണങ്ങൾ കണ്ടെത്തുകയും അതിൽ ആത്മാർത്ഥത പുലർത്തുകയും ചെയ്യുക. ആലിംഗനം വൈകാരിക വേദന കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇഷ്‌ടമുള്ളവർ ഒന്നു കെട്ടപ്പിടിച്ച് ആശ്വസിപ്പിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളേ നമുക്കൊക്കെ പലപ്പോഴും ഉണ്ടാവാറുള്ളൂ. അതവരിൽ മാനസിക സമ്മർദം കുറയ്ക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യും. ഇന്നത്തെ ദിവസം നമുക്ക് അതിനായി മാറ്റിവയ്ക്കാം. പ്രിയപ്പെട്ടവരെ സ്നേഹത്താൽ ആലിംഗനം ചെയ്യാം.