ഹൈദരാബാദ് : 'നല്ല കാര്യത്തിന് മുമ്പ് മധുരം കഴിച്ച് തുടങ്ങണം' എന്ന നാടൻ ശൈലി നമ്മൾ എല്ലാവര്‍ക്കും പരിചിതമായിരിക്കും. പിന്നെന്തുകൊണ്ട് നിങ്ങളൊരു പ്രണയം തുടങ്ങുമ്പോൾ അത് മധുരം കഴിച്ചായിക്കൂടാ. വാലൻ്റൈൻസ് ആഴ്‌ചയിലെ (Valentines Week 2024) മൂന്നാം ദിവസം മധുരവുമായി ഏറെ ബന്ധപ്പെട്ടതാണ്.
പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള 'വാലൻ്റൈൻസ് ഡേ' ഫെബ്രുവരി 14 നാണെങ്കിലും അതിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിക്കും. പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, റോസ് ഡേ, ഹഗ് ഡേ അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇന്ന് ഫെബ്രുവരി 9, ചോക്ലേറ്റ് ഡേ (Chocolate Day). നിങ്ങളുടെ വാലൻ്റൈന് ചോക്ലേറ്റുകൾ നല്‍കാനായി കാലം കാത്തുവച്ച ഒരു ദിനം. പ്രണയിക്കുന്നവര്‍ക്ക് പരസ്‌പരം പ്രണയം തുറന്ന് പറയുന്നതിനും പങ്കുവയ്ക്കുന്നതിനുമുള്ള ഉപാധിയെന്ന നിലയില്‍ ഈ ദിവസം ചോക്ലേറ്റ് കൈമാറാം.
ചോക്ലേറ്റ് നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളെ സജീവമാക്കുന്ന ഒരു അനുഭവം നൽകുന്നു. ലോകത്ത് ഭൂരിഭാഗം ആളുകളും രുചിക്കാൻ ഇഷ്‌ടപ്പെടുന്ന പലഹാരങ്ങളില്‍ ഒന്നാണിത്. നമ്മുടെ ഒരു മോശം ദിനത്തെ സന്തോഷമുള്ളതാക്കി മാറ്റാൻ ഇത് സഹായകമാണ്.
വിശുദ്ധ വാലൻ്റൈൻസ് എന്ന പേരിലും അറിയപ്പെടുന്ന വാലൻ്റൈൻസ് ഡേ ഫെബ്രുവരി പകുതിയോടെ ആചരിച്ചിക്കുന്ന ലൂപ്പർകാലിയ എന്ന റോമൻ ഉത്സവത്തിന്‍റെ ബാക്കിപത്രമാണ് എന്നാണ് പറയപ്പെടുന്നത്. വിക്‌ടോറിയൻ കാലഘട്ടം മുതൽ, പ്രണയത്തിലായ സ്‌ത്രീകളും പുരുഷന്മാരും നൽകുന്ന സമ്മാനങ്ങളിലെ പ്രധാന ഘടകമാണ് ചോക്ലേറ്റുകൾ.
ചോക്ലേറ്റ് കേവലം ഒരു മധുരം മാത്രമല്ല. പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും ചോക്ലേറ്റിനുണ്ട്. ചോക്ലേറ്റിലെ പ്രകൃതിദത്ത രാസവസ്‌തുക്കൾ ആളുകളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചോക്ലേറ്റിലെ ട്രിപ്റ്റോഫാൻ നമ്മുടെ തലച്ചോറിലെ എൻഡോർഫിനുകളുടെ അളവിനെ ബാധിക്കുന്നു, എളുപ്പത്തില്‍ 'മൂഡ്' മാറ്റുന്നതിനും സന്തോഷം അനുഭവപ്പെടുന്നതിനുമെല്ലാം ഇത് സഹായകമാണ്. ദിവസവും നിയന്ത്രിത അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയത്തിനും ഹൃദ്രോഗങ്ങളെ അകറ്റിനിർത്തുന്നതിനും നല്ലതായും കണക്കാക്കപ്പെടുന്നുണ്ട്.
"ദൈവങ്ങൾക്കുള്ള ഭക്ഷണം" എന്ന് പറയുന്നതിനുള്ള ഗ്രീക്ക് പദമായ 'തിയോബ്രോമ കൊക്കോ' എന്നറിയപ്പെടുന്ന കൊക്കോ മരത്തിൽ നിന്നാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. കൊക്കോ ദൈവദത്ത പഴമാണെന്ന് വിശ്വസിച്ചിരുന്ന മെസോഅമേരിക്കൻ നാഗരികതയായ ആസ്ടെക്കുകൾ കൊക്കോ പാനീയം ഔഷധ കൂട്ടായും എനർജി ഡ്രിങ്കായും കുഴമ്പായും എല്ലാം ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.
92 ശതമാനം ആളുകളും ചോക്ലേറ്റുകൾ അഥവാ മിഠായികൾ സമ്മാനമായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് നാഷണൽ കൺഫെക്ഷനേഴ്‌സ് അസോസിയേഷൻ (യുഎസിൽ) നടത്തിയ ഒരു പഠനം പറയുന്നത്. ഓരോ വാലൻ്റൈൻസ് ദിനത്തിലും ചോക്ലേറ്റ്, മിഠായി എന്നിവയുടെ വിൽപ്പനയിലൂടെ ഏകദേശം 4 ബില്യൺ ഡോളർ വരുമാനം കൊണ്ടുവരുന്നുണ്ട്, അത് വർഷം തോറും കൂടി വരികയും ചെയ്യുന്നു.
ഇന്നത്തെ കാലത്ത്, നിങ്ങളുടെ പ്രിയപ്പെട്ടവരെ തീർച്ചയായും വിസ്‌മയിപ്പിക്കാൻ കഴിയുന്ന ആകർഷകമായ റാപ്പുകളില്‍ തയ്യാറായ ചോക്ലേറ്റുകൾ വിപണിയിൽ ലഭ്യമാണ്. ഈ ദിനത്തെ കുറച്ചുകൂടി മനോഹരമാക്കാൻ ഇവ സഹായിക്കും. ഇനി സ്വന്തം കൈകൊണ്ടുണ്ടാക്കിയ ചോക്ലേറ്റ് നല്‍കി പ്രണയിക്കുന്നയാളെ ഞെട്ടിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങൾക്ക് വീട്ടിൽ ഹൃദയാകൃതിയിലുള്ള ചോക്ലേറ്റുകൾ ഉണ്ടാക്കാം. അല്ലെങ്കില്‍ രുചികരമായ ചോക്ലേറ്റ് കേക്കോ മഫിനുകൾ ഉണ്ടാക്കി പ്രിയപ്പെട്ടവരെ ചോക്ലേറ്റ് ദിനത്തില്‍ നിങ്ങൾക്ക് സന്തോഷിപ്പിക്കാം.