ഹൈദരാബാദ്: ഏപ്രില്‍ മേയ് മാസങ്ങളില്‍ ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ഇടക്കാല ബജറ്റ് സാധാരണ നിലയില്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു വൃഥാ വ്യായാമമാണ്. പക്ഷേ 2019 ലെ മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് പരിശോധിക്കുമ്പോള്‍ പ്രതീക്ഷക്ക് വകയുണ്ട്. അന്ന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ബജറ്റില്‍ പ്രഖ്യാപിക്കുക മാത്രമല്ല, 2018 മുതല്‍ പ്രാബല്യം നല്‍കി നടപ്പാക്കുക കൂടി ചെയ്‌തിരുന്നു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡു 2019 പൊതു തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വലിയൊരു ഭാഗം കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്‌തിരുന്നു. സമാനമായ ഒരു പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലും പ്രതീക്ഷിക്കാമോ.
ഇത്തവണത്തെ ബജറ്റില്‍ കാര്‍ഷിക മേഖലയുടെ പ്രധാന പ്രതീക്ഷകള്‍ ഇവയാണ്:
1. താഴേത്തലത്തില്‍ കാര്‍ഷിക ആവാസ വ്യവസ്ഥയ്ക്കായി ബജറ്റിന് എന്തു ചെയ്യാന്‍ കഴിയും എന്നതാണ് കര്‍ഷകര്‍ ഉറ്റു നോക്കുന്നത്. കര്‍ഷകര്‍ക്ക് തുഛമായ പലിശയ്ക്ക് ഉദാര വായ്‌പകള്‍ പ്രധാന പ്രതീക്ഷയാണ്. കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിക്കാനും ജലസേചനത്തിനും കൃഷിക്കുള്ള മറ്റ് ദീര്‍ഘകാല ചെലവുകള്‍ക്കുമായി കൂടിയ സബ്‌സിഡി നിരക്കില്‍ കൂടുതല്‍ വായ്‌പകള്‍ അനുവദിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടാകണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നു. കാര്‍ഷികോല്‍പ്പാദന വളര്‍ച്ചയില്‍ വിള ഇന്‍ഷൂറന്‍സിന് നിര്‍ണായകമായ ഒരു സ്ഥാനമുണ്ട്. വിള ഇന്‍ഷൂറന്‍സ് പദ്ധതി വ്യാപിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
2. നൂതനമായ കൃഷി രീതികള്‍ പിന്തുടരുന്നവര്‍ക്ക് പ്രോല്‍സാഹനം നല്‍കേണ്ടത് കാര്‍ഷിക വളര്‍ച്ചക്ക് അനിവാര്യമാണ്. ഇന്ത്യയെപ്പോലെ രൂക്ഷമായ ജല ക്ഷാമം നേരിടുന്ന ഒരു രാജ്യത്ത് ഡ്രിപ്പ് ഇറിഗേഷന്‍ അഥവാ കണിക ജലസേചനം ഇതിനുള്ള പരിഹാരമാണ്. ഇത് പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേക ഇന്‍സെന്‍റീവുകളും നികുതി ഇളവുകളും ലളിത വായ്‌പകളും പ്രതീക്ഷിക്കുന്നു. കൃഷി ഭൂമിയുടെ ക്ഷാമം പരിഹരിക്കാന്‍ വെര്‍ട്ടിക്കല്‍ ഫാര്‍മിങ്ങും ലിഫ്റ്റ് ഇറിഗേഷനും പോലുള്ള നൂതന മാര്‍ഗങ്ങളും പ്രോല്‍സാഹിപ്പിക്കപ്പെടണം. ബജറ്റില്‍ ഇതിനൊക്കെയുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാകണമെന്ന് കാര്‍ഷിക ലോകം ആഗ്രഹിക്കുന്നു.
3. കാര്‍ഷിക വിളകളുടെ വില്‍പ്പനയ്ക്ക് മുമ്പും പിമ്പും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാര്യമായ ശ്രദ്ധ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ല. മണ്ണിന്‍റെ ഗുണ നിലവാര പരിശോധനയും തുടര്‍ പരിശോധനകളും ഒരു ഉദാഹരണം. മൊബൈല്‍ മണ്ണ് പരിശോധനാ യൂണിറ്റുകള്‍ വ്യാപകമാക്കുന്നതിനുള്ള വിഹിതം നീക്കി വെച്ച ഇത്തരം പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ബജറ്റ് ശ്രദ്ധിക്കുമെന്ന പ്രതീക്ഷിക്കുന്നു. വിളവെടുപ്പിന് ശേഷം മാര്‍ക്കറ്റുകളിലേക്ക് വലിയ നാശമോ കേടു പാടുകളോ കൂടാതെ വിളകള്‍ എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനങ്ങള്‍, കുറ്റമറ്റ കോള്‍ഡ് സ്റ്റോറേജ്, വിശാലമായ ഗോഡൗണ്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം കര്‍ഷകര്‍ ആഗ്രഹിക്കുന്നുണ്ട്. ഈ ആവശ്യങ്ങള്‍ നിറവേറ്റി സപ്ലൈ ചെയിന്‍ കാര്യക്ഷമമാക്കാനുള്ള ഇടപെടലുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് മറ്റൊരു പ്രതീക്ഷ. ഗോഡൗണ്‍ സൗകര്യങ്ങളും കോള്‍ഡ് സ്റ്റോറേജുകളും പ്രാഥമിക പാക്കിങ്ങ് സെന്‍ററുകളും ഒരുക്കുന്നതിന് പൊതു സ്വകാര്യ സഹകരണത്തോടെ (PPP മാതൃകയില്‍) ഇന്‍സെന്‍റീവുകളും നികുതി ഇളവുകളും നല്‍കാവുന്നതാണ്.
4. ഭക്ഷ്യ ധാന്യ ഇറക്കുമതിക്ക് ബദല്‍ ആണ് ബജറ്റില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന ഇനം. പച്ചക്കറികള്‍ ഭക്ഷ്യ ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയുടെ കാര്യത്തില്‍ രാജ്യം ഇപ്പോഴും ഇറക്കുമതിയെയാണ് കാര്യമായി ആശ്രയിക്കുന്നത്. ആഭ്യന്തര വിപണിയിലെ ആവശ്യം നിറവേറ്റാന്‍ 2024-25 വര്‍ഷം രാജ്യം ഒരു ദശ ലക്ഷം ടണ്‍ തുവരപ്പരിപ്പ് ഇറക്കുമതി ചെയ്യേണ്ടി വരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങള്‍ കൃഷിചെയ്യുന്ന കൃഷിയിടത്തിന്‍റെ വ്യാപ്‌തി കുറഞ്ഞത് ഇതിന് ഒരു പ്രധാന കാരണമാണ്. രാജ്യത്തെ തുവരപ്പരിപ്പ് ക്ഷാമത്തിന്‍റെ യഥാര്‍ത്ഥ കാരണം നാം മനസിലാക്കേണ്ടതുണ്ട്. രാജ്യത്തെ തുവരപ്പരിപ്പ് ഉല്‍പ്പാദനത്തില്‍ വന്ന വലിയ ഇടിവ് കാരണമാണ് നമുക്ക് ആഫ്രിക്കന്‍ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. മഹാരാഷ്ട്രയും കര്‍ണാടകയും ഉത്തര്‍പ്രദേശുമാണ് രാജ്യത്തെ പ്രധാന തുവരപ്പരിപ്പ് ഉല്‍പ്പാദക സംസ്ഥാനങ്ങള്‍. കഷ്‌ടകാലമെന്നു പറയട്ടെ ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇത്തവണ കാലവര്‍ഷം മോശമായിരുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം രാജ്യത്തെ 2022-23 വര്‍ഷത്തെ തുവരപ്പരിപ്പ് ഉല്‍പ്പാദനം ഏതാണ്ട് 3.4 ദശലക്ഷം മെട്രിക് ടണ്‍ ആണ്. ഇതാകട്ടെ കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനത്തേക്കാള്‍ (4.2 മെട്രിക് ടണ്‍) 19 ശതമാനം കുറവാണ്. 2019 നെ വെച്ചു നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനം മെച്ചമാണ് എന്നു പറയാമെങ്കിലും രാജ്യത്തെ തുവരപ്പരിപ്പ് ഉല്‍പ്പാദനം 2018 ക്രമാനുഗതമായി കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന കൃഷിയിടങ്ങളും ചുരുങ്ങിവരുന്നതായാണ് സൂചന. 2023 സെപ്റ്റംബര്‍ വരെ 122.57 ലക്ഷം ഹെക്റ്റര്‍ കൃഷി ഭൂമിയിലാണ് ഭക്ഷ്യ ധാന്യങ്ങള്‍ കൃഷി ചെയ്‌തത്.
കഴിഞ്ഞ തവണ ഇതേ സീസണില്‍ 128.49 ലക്ഷം ഹെക്റ്ററില്‍ ആയിരുന്നു ധാന്യ വിളകള്‍ കൃഷി ചെയ്‌തിരുന്നത് എന്നോര്‍ക്കുക. തുവരപ്പരിപ്പിന്‍റെ വിലയില്‍ പൊതുവേ വിപണിയില്‍ വലിയ ചാഞ്ചാട്ടം അനുഭവപ്പെടാറുണ്ട്. ഇതാകട്ടെ മറ്റ് പരിപ്പിനങ്ങളുടേയും ധാന്യങ്ങളുടേയും വിലയിലും വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും. ധാന്യങ്ങള്‍ ഇന്ത്യാക്കാരുടെ ഭക്ഷണത്തിന്‍റെ അവിഭാജ്യ ഘടകമായതു കൊണ്ടു തന്നെ തുവരപ്പരിപ്പിന്‍റെ വിലയിലുണ്ടാവുന്ന മാറ്റം ഇന്ത്യയില്‍ മൊത്തത്തിലുള്ള വിലക്കയറ്റത്തിനും ഭക്ഷ്യ ക്ഷാമത്തിനുമൊക്കെ വഴി വെച്ചേക്കാം.
5. ഇതേപോലെ തന്നെയാണ് ഭക്ഷ്യ എണ്ണകളുടെ ക്ഷാമം. ഒരോ വര്‍ഷവും 10 ബില്യണ്‍ ഡോളറിനുള്ള ഭക്ഷ്യ എണ്ണയാണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. വിരോധാഭാസമെന്നു പറയട്ടെ ഭക്ഷ്യ എണ്ണകളുടെ കാര്യത്തില്‍ 1990 ല്‍ തന്നെ രാജ്യം സ്വയം പര്യാപ്‌തത കൈവരിച്ചതുമാണ്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി വെട്ടിച്ചുരുക്കി ഭക്ഷ്യ എണ്ണ ഉല്‍പ്പാദനം ത്വരിതപ്പെടുത്താനുള്ള നടപടികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
വിള വൈവിധ്യ വല്‍ക്കരണത്തിന് കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്ന തീരുമാനങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്ന മറ്റൊന്ന്. ഉദാഹരണത്തിന് ജൈവ കൃഷി രീതികള്‍ക്ക് വലിയ പ്രചാരമാണ് കോവിഡാനന്തര കാലത്ത് കിട്ടിയത്. ഇത്തരം ശ്രമങ്ങള്‍ക്ക് മുതിരാന്‍ കര്‍ഷര്‍ക്ക് പ്രോല്‍സാഹനവും പിന്തുണയും ആവശ്യമാണ്. ചോളവും ബജ്റ, റാഗി അഥവാ മുത്താറി, തിന എന്നിവ പോലുള്ള ചെറു ധാന്യങ്ങളും സുസ്ഥിര വിളകളാണ്. ഇത്തരം വിളകളിലേക്ക് കടക്കാനും വിള വൈവിധ്യത്തിന് ശ്രമിക്കാനും സാമ്പത്തിക പിന്തുണയടക്കം കര്‍ഷകര്‍ക്ക് ആവശ്യമാണ്.
ഇന്ത്യന്‍ കര്‍ഷകര്‍ പൊട്ടാസ്യം ഫോസ്‌ഫറസ് എന്നിവയടിസ്ഥാനമാക്കിയുള്ള വളങ്ങളേക്കാള്‍ യൂറിയ അധിഷ്‌ഠിത വളങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. യൂറിയയുടെ വിലക്കുറവാണ് കര്‍ഷകരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇതാകട്ടെ മണ്ണിന്‍റെ ഫലപുഷ്‌ടിയെ പ്രതികൂലമായി ബാധിക്കുന്നു. യൂറിയയുടെ അമിതോപയോഗവും ആശ്രിതത്വവും കുറയ്ക്കാന്‍ കര്‍ഷകര്‍ക്ക് ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്‌ഫര്‍ സ്‌കീം നടപ്പാക്കണം. കാര്‍ഷിക ഗവേഷണത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കണം.
കൃഷിയില്‍ നിന്നുള്ള ആഭ്യന്തര ഉല്‍പാപദന വളര്‍ച്ചയുടെ 0.35 ശതമാനം മാത്രമാണ് കാര്‍ഷിക ഗവേഷണങ്ങള്‍ക്കായി ഇന്ത്യയില്‍ ഓരോ വര്‍ഷവും ചെലവാക്കുന്നത്. ചൈന ഇതിനായി നീക്കി വെക്കുന്നത് 0.80 ശതമാനമാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളും വികസിത- വികസ്വര രാജ്യങ്ങളുമൊക്കെ നമ്മുടേതിനേക്കാള്‍ കൂടിയ വിഹിതം കാര്‍ഷിക ഗവേഷണങ്ങള്‍ക്കായി നീക്കി വെക്കുന്നു. കാര്‍ഷിക ഗവേഷണങ്ങലുടെ ഫലം മണ്ണിന്‍റെ ഫലപുഷ്‌ടിയിലും വിള സമൃദ്ധിയിലും മാത്രമല്ല കാര്‍ഷിക വരുമാനത്തിന്‍റെ വര്‍ധനയിലും പ്രതിഫലിക്കും.
കാര്‍ഷിക ബില്ലുകളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തതയും ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക വിളകളുടെ വിപണനം സംബന്ധിച്ച കാര്യങ്ങലിലാണ് കൂടുതല്‍ വ്യക്തത വേണ്ടത്. 2 വര്‍ഷം നീണ്ട കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ബില്ലുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതില്‍ കാര്‍ഷിക പരിഷ്‌കരണങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. വമ്പന്‍മാരായ ഇടനിലക്കാര്‍ വില നിര്‍ണയിക്കുന്ന പച്ചക്കറി ചന്തകളിലേക്ക് നിര്‍ബന്ധ പൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നതിന് പകരം വിളകള്‍ എവിടെ വില്‍ക്കണമെന്ന് നിശ്ചയിക്കാനുള്ള അധികാരം കര്‍ഷകര്‍ക്ക് തന്നെ നല്‍കണം.
ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ പ്രധാനവും മിക്കവാറും എല്ലാ ബജറ്റുകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരിഗണിക്കാറുള്ളതുമാണ്. കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യയും സംരംഭകത്വവും കൊണ്ടു വരുന്നതില്‍ നിര്‍ണായക തീരുമാനമെടുക്കുക വഴി ഈ ബജറ്റ് നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കാം.
കാലാവസ്ഥ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വില നിലവാരം, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് സമയാസമയം കൃത്യമായ അറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനം വേണം. അങ്ങിനെ വന്നാല്‍ തങ്ങളുടെ വിളകളെക്കുറിച്ചും വിപണനത്തെക്കുറിച്ചും വിപണിയെക്കുറിച്ചുമൊക്കെ മികച്ചതും യുക്തമായതുമായ തീരുമാനമെടുക്കാന്‍ അവര്‍ക്ക് സാധിക്കും. കാര്‍ഷിക വിപണിയിലും ഊഹക്കച്ചവടത്തിന് വഴിയൊരുക്കുമെന്ന ചര്‍ച്ച ഏറെക്കാലമായി നടക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ ഇത് നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
കൂടുതല്‍ കൂടുതല്‍ കാര്‍ഷിക സംരംഭകരെ സൃഷ്‌ടിക്കുക എന്നതും പ്രധാനമാണ്. ഇപ്പോള്‍ത്തന്നെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ വിപണിയിലുണ്ട്. ഇത്തരം സ്റ്റാര്‍ട്ട് അപ്പുകളുടെ സേവനം യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനും കര്‍ഷകരിലേക്കെത്താനും ഇത്തരം സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇന്‍സെന്‍റീവുകള്‍ നല്‍കുന്ന കാര്യവും ധനമന്ത്രി പരിഗണിക്കണം.