പ്രണയ ബന്ധങ്ങൾ ആയാലും വിവാഹ ബന്ധമായാലും വേർപിരിയുക എന്നത് വളരെ പ്രയാസകരമാണ്. ഒരു വ്യക്തിയെ മാനസികമായും ശരീരകമായും തളർത്താൻ ബ്രേക്ക് അപ്പുകൾ കാരണമാകാറുണ്ട്. ഊണിലും ഉറക്കത്തിലും തന്നോടൊപ്പം ഉണ്ടായിരുന്ന ആളെ പിരിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബന്ധം പിരിയുമ്പോൾ മനസിന്‍റെ താളം തെറ്റി കടുത്ത വിഷാദത്തിന് അടിമപ്പെടുന്നവർ ഏറെയാണ്. എന്നാൽ ബന്ധങ്ങൾ തകരുമ്പോൾ അതിനെ അതിജീവിച്ച് മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. ചിലർക്ക് അതിന് കഴിയാതെ വരുമ്പോഴാണ് പല അനാവശ്യ ചിന്തകൾ ഉണ്ടാകുന്നത്. കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ഓർമകൾ മറക്കാൻ എളുപ്പമല്ലെങ്കിലും അതിൽ നിന്ന് പുറത്ത് കടക്കുകയും ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകേണ്ടതുമുണ്ട്. അതിനുവേണ്ടി സഹായിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കോണ്ടാക്റ്റ് ഉപേക്ഷിക്കുക
ഒരു റിലേഷൻഷിപ്പ് അവസാനിച്ചാൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് കോണ്ടാക്റ്റ് ഉപേഷിക്കുകയെന്നതാണ്. പഴയ ഓർമകൾ മറക്കാൻ ഇത് വളരെ അനിവാര്യമാണ്. ഏതെങ്കിലും തരത്തിൽ ആശയവിനിമയം വച്ച് പുലർത്തുന്നത് പഴയ കാല ഓർമകളിലേക്ക് കൊണ്ടെത്തിയ്ക്കും. ഇത് നിങ്ങൾക്ക് കൂടുതൽ മാനസിക പ്രയാസം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ മുൻ പാട്‌ണറുമായി ഒരു കോണ്ടാക്റ്റും വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
സ്വന്തം പോരായ്‌മകൾ മനസിലാക്കാനും സ്വയം വളരാനുള്ള വഴിയൊരുക്കാനും ചില ബ്രേക്കപ്പുകൾ കാരണമാകാറുണ്ട്. അതിനാൽ പാട്‌ണറുമായി പിരിഞ്ഞതിന് ശേഷം ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണം. ചിന്തകൾ ഒഴിവാക്കാനും ഓർമകൾ മറക്കാനും ഇത് സഹായിക്കും. കൂടാതെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എന്തെങ്കിലും കാര്യത്തിൽ ഏർപ്പെടാനും ശ്രമിക്കണം.
സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുക
പാട്‌ണറുമായി പിരിഞ്ഞാൽ സുഹൃത്തുക്കളോടൊപ്പമോ ബന്ധുക്കളോടൊപ്പമോ കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക. ഒറ്റയ്ക്കിരിക്കുന്നത് ഒഴിവാക്കുക. ആവശ്യമെങ്കിൽ സുഹൃത്തുക്കളുടെ സഹായം തേടാൻ മടിക്കരുത്. വിഷമങ്ങൾ മറ്റൊരാളോട് പങ്കുവെയ്ക്കുന്നത് ആശ്വസം നൽകാൻ സഹായിക്കും. കൂട്ടുകാരുമൊത്ത് യാത്ര പോകാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ശ്രമിക്കുക.
ഓർമ്മകൾ ഒഴിവാക്കുക
പഴയ പാട്‌ണർ ഒപ്പമുണ്ടായിരുന്ന സമയത്തുള്ള എല്ലാ ഓർമകളും ഒഴിവാക്കുക. ഇത് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും പുതിയൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ പ്രധാനമാണ്. അവരുടെ ഓർമകൾ നൽകുന്ന വസ്‌തുക്കൾ നിങ്ങളുടെ ചുറ്റിൽ നിന്നും നീക്കം ചെയ്യുക. മാനസിക പിന്തുണയ്ക്കായി സുഹൃത്തുക്കളുടെയോ കുടുംബത്തിന്‍റെയോ സഹായം തേടുക.
Also Read: പങ്കാളിയ്ക്ക് നിങ്ങളോട് മടുപ്പ് തോന്നുന്നുണ്ടോ ? തിരിച്ചറിയാനുള്ള വഴികൾ ഇതാ