നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നായതിനാൽ എല്ലാ വീടുകളിലും നട്ടുവർത്തുന്ന ഒരു മരമാണ് കറിവേപ്പ്. ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിലെ വിഷാംശം ഇല്ലാതാക്കാനും രുചി വർധിപ്പിക്കാനും സഹായിക്കുന്നതിനാൽ കറികളിലും മറ്റ് ഭക്ഷണങ്ങളിലും കറിവേപ്പില ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. മുടിയുടെ ആരോഗ്യം നിലനിർത്താനും കറിവേപ്പില വ്യാപകമായി ഉപയോഗിച്ച് വരുന്നു. അതുകൊണ്ട് തന്നെ മിക്ക വീടുകളിലെയും അടുക്കള തോട്ടത്തിൽ ഒരു കറിവേപ്പില മരമെങ്കിലും ഉണ്ടാകും.
കടകളിൽ സുലഭമായി ലഭ്യമായ കറിവേപ്പില പലതരം കീടനാശിനികൾ ഉപയോഗിച്ചാണ് വളർത്തിയെടുക്കുന്നത്. അതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാൽ വീട്ടിൽ തന്നെ നട്ടുവളർത്തുന്നതാണ് ഉത്തമം. ചില വീടുകളിൽ എത്ര പരിപാലിച്ചിട്ടും കറിവേപ്പ് ശരിയായി വളരാത്ത സ്ഥിതിയുണ്ട്. ഇല മുറിഞ്ഞു പോകുക, ഇലകളിലെ നിറം മാറ്റം, പുതിയ മുള വരാതിരിക്കുക എന്നിവയെല്ലാം കറിവേപ്പിന്‍റെ വളർച്ചയെ ബാധിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇത്തരം പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാൻ സഹായിക്കുന്ന ഫലപ്രദമായ ഒരു മാർഗം ഇതാ.
ആവശ്യമായ ചേരുവകൾ : വിനാഗിരി, കഞ്ഞിവെള്ളം, ചാരം
വിനാഗിരി
അച്ചാറിടാനും ചില ഭക്ഷണങ്ങൾ പാകം ചെയ്യാനും വൃത്തിയാക്കാനും തുടങ്ങീ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് വിനാഗിരി. അതുപോലെ കറിവേപ്പ് തഴച്ചു വളരാനും വിനാഗിരി വളരെയധികം സഹായിക്കും.
കഞ്ഞിവെള്ളം
ചോറ് വയ്ക്കുമ്പോൾ നമ്മൾ വെറുതെ കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കഞ്ഞിവെള്ളമെന്ന് പലർക്കും അറിയില്ല. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ കഞ്ഞിവെള്ളം സൂപ്പറാണെന്ന് ചിലർക്കെങ്കിലും അറിവുണ്ടാകും. അതുപോലെ കറിവേപ്പില പെട്ടന്ന് വളരാനും കഞ്ഞിവെള്ളം ബെസ്റ്റാണ്.
ചാരം
കറിവേപ്പിലയിൽ കാണുന്ന കുത്തുകൾ, നിറ വ്യത്യാസം തുടങ്ങിയവ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ചാരം. ആരോഗ്യമുള്ള ഇലകൾ ലഭിക്കാനും ചാരം ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
കറിവേപ്പിലയുടെ ഇലകൾ പറിച്ചെടുക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കറിവേപ്പില മരത്തിന്‍റെ വളർച്ചയെ ബാധിക്കും. കറിവേപ്പില പറിക്കുമ്പോൾ എപ്പോഴും മുകൾ ഭാഗത്ത് നിന്ന് തണ്ടോടെ പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഒരു ലിറ്റർ പുളിപ്പിച്ച കഞ്ഞിവെള്ളത്തിലേക്ക് രണ്ട് തുള്ളി വിനാഗിരിയും അൽപ്പം ചാരവും ചേർത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം കറിവേപ്പില മരത്തിന്‍റെ ചുവട്ടിലും ഇലകളിലും തളിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി കറിവേപ്പിലയിൽ കാണുന്ന കീടങ്ങൾ, ചെറിയ പുഴുക്കൾ എന്നിവയെ ചെറുക്കനും കറിവേപ്പില വളർന്ന് പന്തലിക്കാനും സഹായിക്കും. ഓരോ മാസവും ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കുക.