തിരുവനന്തപുരം: ഒരു കാലത്ത് ചെടികളും മരങ്ങളുമൊക്കെ വീടിന് പുറത്താണ് വച്ചു പിടിപ്പിച്ചിരുന്നതെങ്കില്‍ ആ ട്രെൻഡില്‍ നിന്ന് മാറി ചെടികള്‍ വീടിനുള്ളിലേക്ക് എന്ന ആശയത്തിലേക്ക് മലയാളികള്‍ മാറുകയാണ്. അതില്‍ പല ചെടികളും നമ്മള്‍ വയ്ക്കുന്നത് സാമ്പത്തികാഭിവൃദ്ധിയുണ്ടാകും എന്ന വിശ്വാസത്തില്‍ കൂടിയാണ്. ഇതേപ്പറ്റി വാസ്‌തു വിദഗ്‌ധന്‍ ഡോ. ഡെന്നീസ് ജോയി പറയുന്നതിങ്ങനെ.
ചെടികള്‍ വീടിന്‍റെ ഭംഗി കൂട്ടുന്നതിന് വേണ്ടി മാത്രമുള്ളതല്ല. വാസ്‌തു പ്രകാരവും ഫെന്‍സൂയി പ്രകാരവും വീടുകളില്‍ പ്ലാന്‍റുകള്‍ വച്ച് പിടിപ്പിക്കുന്നത് കുടുംബത്തിന്‍റെയും കുടുംബാംഗങ്ങളുടെയും അഭിവൃദ്ധിക്കും കാരണമാകും. മണി പ്ലാന്‍റ്, ചൈനീസ് ബാംബു എന്നിവയെല്ലാം വീടിനുള്ളില്‍ വയ്ക്കുന്നത് ഈ ഒരുദ്ദേശത്തോടു കൂടിയാണ്. എന്നാല്‍ ഇത്തരത്തില്‍ ചെടികള്‍ വീടിനുള്ളില്‍ വയ്ക്കുന്നത് വാസ്‌തു ശാസ്‌ത്ര വിധി പ്രകാരമല്ലെങ്കില്‍ വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.
ചെടികള്‍ വയ്‌ക്കേണ്ടതിന് തെരഞ്ഞെടുക്കേണ്ട ഇടങ്ങള്‍
മണി പ്ലാന്‍റ്, ചൈനീസ് ബാംബു എന്നിവ വീടിന്‍റെ ഹാളിന്‍റെ തെക്ക് കിഴക്കേ ഭാഗത്തിയി വച്ചു കൊടുക്കുക. ഇത് നമ്മുടെ സാമ്പത്തികാഭിവൃദ്ധി വര്‍ധിപ്പിക്കും. സാധാരണയായി മണി പ്ലാന്‍റൊക്കെ പടര്‍ന്ന് കയറുന്ന രീതിയില്‍ വയ്ക്കാറുണ്ട്. എന്നാല്‍ വീടിനുള്ളില്‍ പടര്‍ന്ന് കയറുന്ന തരത്തില്‍ ചെടികള്‍ വയ്ക്കാന്‍ പാടില്ല.
അങ്ങനെയുള്ള ചെടികള്‍ക്ക് മറ്റുള്ള വസ്‌തുക്കളുടെ ആശ്രയമില്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നതാണ്. ഈ സ്ഥിതി ആ വീട്ടുകാരെയും ബാധിച്ചേക്കാം. മണി പ്ലാന്‍റ് പാത്രത്തില്‍ വച്ച് പിടിപ്പിക്കുമ്പോള്‍ താഴേക്ക് തൂങ്ങിക്കിടക്കുന്ന രീതിയില്‍ വയ്ക്കാതിരിക്കുക. മുകളിലോട്ടു വളരുന്ന രീതിയില്‍ ചാരി വച്ച് വളര്‍ത്തുക.
ബെഡ് റൂമില്‍ വേണ്ട: ഇന്ന് പല വീടുകളുടെയും കിടപ്പുമുറികളില്‍ പലതരം അലങ്കാര ചെടികള്‍ വയ്ക്കുന്നതു കണ്ടു വരുന്നുണ്ട്. എന്നാല്‍ വാസ്‌തുപരമായി ഇത് നന്നല്ല. രാത്രിയില്‍ ചെടികള്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തു വിടുന്നവയാണ്. ബെഡ് റൂമില്‍ മണി പ്ലാന്‍റോ ചൈീസ് ബാംബുവോ വച്ചു പിടിപ്പിക്കുന്നത് കാരണം രാത്രിയില്‍ മുറിക്കുള്ളില്‍ ഓക്‌സിജന്‍ കുറയുന്നതിന് കാരണമാകും.
ഇത് ഉറക്കക്കുറവിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. അതുകൊണ്ട് വീടിനുള്ളില്‍ ഒന്നുകില്‍ ഹാളിലോ അല്ലെങ്കില്‍ വീടിന്‍റെ തെക്ക് കിഴക്ക് ഭാഗത്തോ വയ്ക്കുക. മുറ്റത്താണ് മണി പ്ലാന്‍റോ ചൈനീസ് ബാംബുവോ വയ്ക്കാനാഗ്രഹിക്കുന്നതെങ്കിലും അതും മുറ്റത്തിന്‍റെ തെക്ക് കിഴക്കേ ഭാഗത്തു വയ്ക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. ഇത് സാമ്പത്തിക ഉയര്‍ച്ചയ്ക്കും കാരണമാകുമെന്നാണ് വിശ്വാസം. വീടിന്‍റെ കിഴക്ക് ഭാഗത്ത് ചെടി വയ്ക്കുന്നത് പ്രശസ്‌തി കൂട്ടുമെന്നും വിശ്വസിക്കപ്പെടുന്നു.
പ്രശസ്‌തി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പരീക്ഷിക്കാം. വീടിന്‍റെ കിഴക്ക് ഭാഗത്ത് ചൈനീസ് ബാംബു വയ്ക്കുന്നവര്‍ ഒരു ബൗളില്‍ വെള്ളം നിറച്ച് വയ്ക്കുന്നതാണുചിതം. മുള്ളുള്ള ചെടികളോ കറയുള്ള ചെടികളോ വീടിനുള്ളില്‍ വയ്ക്കരുത്. കാരണം ഫെന്‍സൂയി പ്രകാരം ഇത്തരം ചെടികള്‍ പാടില്ലെന്നാണ്.
Also Read : സാഹസികരെ, മനം കുളിര്‍പ്പിക്കും ട്രക്കിങ് സ്‌പോട്ടുകള്‍ ഇതാ...! കാടുകയറാം വനം വകുപ്പിനൊപ്പം