അടുക്കളയിലെ ചില പാത്രങ്ങൾ തുരുമ്പ് പിടിക്കാറുണ്ട്. പരിചരണ കുറവും, അമിതമായ ഉപയോഗവുമെല്ലാം പാത്രങ്ങൾ തുരുമ്പ് പിടിക്കുന്നതിന്‍റെ കാരണങ്ങളാണ്. ദീർഘനാൾ ഉപയോഗിക്കാതെ മാറ്റി വച്ചാലും പാത്രങ്ങളിൽ തുരുമ്പ് പിടികൂടും. ഇത്തരം പാത്രങ്ങൾ വൃത്തിയാക്കാനായി വളരെയധികം കഷ്‌ടപ്പെടേണ്ടി വരുന്നതിനാൽ പലരും ഇത് കളയുകയാണ് ചെയ്യാറ്. എന്നാൽ ഇനി ആർക്കും വലിയ വിലകൊടുത്തു വാങ്ങിയ പത്രങ്ങൾ തുരുമ്പെടുത്തതിനാൽ ഉപേക്ഷിക്കേണ്ടി വരില്ല. തുരുമ്പ് നീക്കാൻ പ്രതിവിധിയുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാത്രങ്ങൾ തുരുമ്പെടുക്കാതെ സൂക്ഷിക്കാനാകും. അതിനായി ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ഉപയോഗ ശേഷം പെട്ടെന്ന് വൃത്തിയാക്കുക
ഭക്ഷണം പാകം ചെയ്‌ത പാത്രങ്ങൾ പെട്ടെന്ന് തന്നെ വൃത്തിയാക്കാൻ ശ്രമിക്കുക. ചിലയാളുകൾ പാത്രങ്ങൾ കഴുകാതെ കുറെ സമയം സിങ്കിലിടാറുണ്ട്. ഇത് പാത്രങ്ങൾ പെട്ടന്ന് തുരുമ്പെടുക്കാൻ കാരണമാകും. പാത്രങ്ങൾ ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുന്നത് നല്ലതാണ്. ഇത് തുരുമ്പ് പിടിക്കാതിരിക്കാൻ ഗുണം ചെയ്യും.
എണ്ണ പുരട്ടി സൂക്ഷിക്കുക
ഇരുമ്പ്, കാർബൺ സ്റ്റീൽ തുടങ്ങിയ പാത്രങ്ങൾ ഉപയോഗത്തിന് ശേഷം കഴുകി ഉണക്കിയതിന് ശേഷം അൽപ്പം എണ്ണ പുരട്ടുക. വെളിച്ചെണ്ണയോ, വെജിറ്റബിൾ ഓയിലോ ഇതിനായി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ പാത്രങ്ങളിലെ ഈർപ്പം ഇല്ലാതാക്കാനും തുരുമ്പ് വരാതിരിക്കാനും സഹായിക്കും.
ദ്രാവകങ്ങൾ സൂക്ഷിക്കരുത്
ഭക്ഷണം പാകം ചെയ്യാൻ ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ കുറേനേരം ദ്രാവകവ രൂപത്തിലുള്ള ഭക്ഷണങ്ങൾ സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് പാത്രങ്ങളിൽ പെട്ടന്ന് തുരുമ്പ് പിടിക്കാൻ കാരണമാകും. ഇരുമ്പ് പാത്രങ്ങളിൽ തക്കാളി ഉൾപ്പെടെയുള്ള ആസിഡുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പാകം ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. തുരുമ്പിനെ നീക്കാനുള്ള കഴിവ് ആസിഡുകൾക്ക് ഉണ്ടെകിലും അവ പാകം ചെയ്യുന്നത് പാത്രം വേഗം നശിക്കാൻ ഇടയാക്കും.
കഴുകാൻ വിനാഗിരിയിലോ നാരങ്ങയോ ഉപയോഗിക്കുക
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ വിനാഗിരിയോ നാരങ്ങാ നീരോ ചേർത്ത വെള്ളത്തിൽ കഴുകാം. ഇവയിൽ അസിഡിറ്റി ഉള്ളതിനാൽ തുരുമ്പിനെ തുരത്താൻ ഇത് സഹായിക്കും. പാത്രം പെട്ടെന്ന് കേടുവരാതിരിക്കാനും ഇത് ഗുണകരമാണ്.
വെയിലത്ത് ഉണക്കുക
പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെയിലത്ത് ഉണക്കിയ ശേഷം മാത്രം എടുത്തു വയ്ക്കുക. പാത്രത്തിലെ ഈർപ്പം ഇല്ലാതാക്കാനും തുരുമ്പിനെ തടയാനും ഉണക്കി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വെയിലത്ത് വച്ച് ഉണക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു തുണി, ടിഷ്യൂ എന്നിവ ഉപയോഗിച്ച് തുടച്ച് ഈർപ്പം കളയുക. ശേഷം ഫാനിന്‍റെ ചുവട്ടിൽ വയ്ക്കാം. ശേഷം എണ്ണ പുരട്ടി എടുത്തു വയ്ക്കുക.
Also Read: വാഷിങ് മെഷീൻ ഈസിയായി വൃത്തിയാക്കാം; ഇവ മാത്രം മതി