ബീഫ് എന്ന് കേട്ടാൽ വായിൽ വെള്ളമൂറുന്നവർ നിരവധിയാണ്. പൊറോട്ട, അപ്പം, പുട്ട്, ചപ്പാത്തി, ചോറ് തുടങ്ങീ എന്ത് തന്നെയായാലും ഇവയോടൊപ്പം കഴിക്കാൻ ബീഫുണ്ടെങ്കിൽ സംഗതി ഉഷാറാണ്. വളരെ എളുപ്പം തയ്യാറാക്കിയെടുക്കാവുന്ന രുചികരമായ ഒരു അടിപൊളി ബീഫ് റോസ്‌റ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ് -1 കിലോ (ചെറുതായി കട്ട് ചെയ്‌തത്)
- ചെറിയുള്ളി - 1.5 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1.5 ടേബിൾ സ്‌പൂൺ
- സവാള - 1 കപ്പ്
- പച്ചമുളക് - 5 എണ്ണം
- തക്കാളി - 3 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- മുളക് പൊടി - 1 ടേബിൾ സ്‌പൂൺ
- മല്ലിപ്പൊടി - 1.5 ടീസ്‌പൂൺ
- മഞ്ഞൾ പൊടി - 1 ടീസ്‌പൂൺ
- ഗരം മസാല - 1 ടീസ്‌പൂൺ
- കുരുമുളക് പൊടി - 1/2 ടീസ്‌പൂൺ
- പെരുംജീരകം - 1/2 ടീസ്‌പൂൺ
- തേങ്ങാക്കൊത്ത് - 1 ടേബിൾ സ്‌പൂൺ
- വറ്റൽമുളക് - 3 എണ്ണം
- വെളിച്ചെണ്ണ - 4 ടേബിൾ സ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കഴുകി വൃത്തിയാക്കിയ ബീഫ് വെള്ളം വാർത്ത് വക്കുക. ഇതിലേക്ക് അൽപ്പം ഇഞ്ചിവെളുത്തുള്ളി പേസ്റ്റും മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, അര ടീസ്‌പൂൺ ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് മിക്‌സ് ചെയ്‌ത് അരമണിക്കൂർ മാറ്റി വയ്ക്കാം. ശേഷം ഇത് പ്രഷർ കുക്കറിലേക്കിട്ട് അരക്കപ്പ് വെള്ളം ചേർത്ത് നാല് മുതൽ അഞ്ച് വിസിൽ വരുന്നത് വരെ വേവിക്കുക. ഒരു ഉരുളിയോ അടി കട്ടിയുള്ള പത്രമോ അടുപ്പിൽ വച്ച് ചൂടായതിനു ശേഷം വെളിച്ചെണ്ണ ഒഴിക്കാം. ഇതിലേക്ക് ചെറിയുള്ളിയും സവാളയുമിട്ട് വഴറ്റിയെടുക്കാം. തക്കാളി കൂടി ചേർത്തിളക്കുക. ഇഞ്ചിവെളുത്തുള്ളി പേസ്റ്റും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാകമായി വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ്, ഗരം മസാല എന്നിവയിട്ട് നല്ലപോലെ വഴറ്റിയെടുക്കണം. ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് അടച്ചുവച്ച് വേവിക്കുക. 20 മിനിട്ടിന് ശേഷം അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കാം. മറ്റൊരു പാനെടുത്ത് അൽപ്പം വെളിച്ചെണ്ണ ഒഴിക്കുക. ചൂടായാൽ ചെറുതായി അരിഞ്ഞ ചെറിയുള്ളിയും തേങ്ങാക്കൊത്തും ചേർത്തിളക്കുക. ചെറുതായി നിറം മാറുമ്പോൾ കറിവേപ്പിലയും വറ്റൽ മുകളും കൂടി ഇതിലേക്കിടുക. ഇത് ബീഫിലേക്ക് ചേർക്കാം. ഇതോടെ നാടൻ ബീഫ് റോസ്റ്റ് റെഡി.
Also Read : നൂറു കറിയുടെ ഗുണം; ഇതൊരിത്തി മതി പ്ലേറ്റ് കാലിയാക്കാൻ; റെസിപ്പി