അടുത്തളത്തോട്ടത്തില് വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒന്നാണ് ചീര. ചാക്കിലും ചെടിച്ചട്ടിയിലുമായി ടെറസിലും ഇതു കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശം കിട്ടുന്ന തുറസായ പ്രദേശമാണ് ചീര കൃഷി ചെയ്യാന്‍ അനുയോജ്യം.
നഴ്‌സറികളില്‍ നിന്നും തൈകള്‍ വാങ്ങിയോ അല്ലെങ്കില്‍ വിത്തിട്ടോ ചീര വളര്‍ത്താം. വിത്തിടുമ്പോള്‍ ഇവ കടത്തിക്കൊണ്ടുപോവാന്‍ ഉറുമ്പുകളും കാത്തിരിപ്പുണ്ടെന്ന കാര്യം മറക്കരുത്. ചെറിയൊരു പൊടിക്കൈ ചെയ്‌താല്‍ ഈ ഉറുമ്പ് ശല്യം ഏറെക്കുറെ പരിഹരിക്കാനാവും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിത്തിടുമ്പോള്‍ അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയാല്‍ മതിയെന്നാണ് ഈ രംഗത്ത് ഏറെ അനുഭവ സമ്പത്തുള്ള കര്‍ഷകനായ ആദര്‍ശ് സാക്ഷ്യപ്പെടുത്തുന്നത്. തവാരണയുണ്ടാക്കി എട്ട് മുതല്‍ പത്ത് സെന്‍റീമീറ്റര്‍ അകലത്തിലുള്ള വരികളിലാണ് ചീര വിത്ത് ഇടേണ്ടത്. ഇതിന് ശേഷം ചപ്പിലകള്‍ കൊണ്ട് പുതയിടണം.
വെള്ളം കെട്ടിക്കിടക്കാത്ത രീതിയില്‍ രണ്ടു നേരവും നന നിര്‍ബന്ധമാണ്. നാലോ അഞ്ചോ ഇല വന്നാല്‍ ചെടി പിഴുത് മാറ്റി നടണം. നന്നായി പാകപ്പെടുത്തിയ സ്ഥലത്ത് ചാലുകള്‍ തീര്‍ത്ത് 30 മുതല്‍ 40 സെന്‍റീ മീറ്റര്‍ അകലത്തിലാണ് ഇവ വച്ചുപിടിപ്പിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമെന്തെന്നാല്‍ വെയിലാറി വൈകീട്ടാണ് തൈകള്‍ നടേണ്ടത്.
ജൈവവളങ്ങള്‍ നല്‍കിയാലും നല്ല വിളവുറപ്പാണ്. ആട്ടിന്‍ കാഷ്ഠം, ഗോമൂത്രം, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ചാണകം, മണ്ണിര വളം എന്നിവ വളമായി ചേര്‍ക്കാം. ചീരയ്ക്ക് ഒപ്പം വളരുന്ന കളകള്‍ നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗ കീട ശല്യം നിയന്ത്രിക്കാന്‍ കഴിയുന്നതും രാസമരുന്നുകളുടെ പ്രയോഗം ഒഴിവാക്കാം.
ALSO READ: വീട്ടിലെ കറിവേപ്പ് ഇനി തഴച്ച് വളരും; ഇതൊന്ന് പരീക്ഷിക്കൂ... - TIPS TO GROW CURRY TREES FAST
ചീരയുടെ ഇലകളില്‍ കൂടുകെട്ടി പുഴുക്കള്‍ രൂക്ഷമായാല്‍ ഇതു നുള്ളിയെടുത്ത് നശിപ്പിക്കണം. പുള്ളിക്കുത്ത് രോഗത്തിന് മഞ്ഞപ്പൊടിയും ബാര്‍ സോപ്പും ചേര്‍ത്ത വെള്ളം തളിക്കുന്നതും ഗുണം ചെയ്യുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നല്ല ചീര വിത്തുകള്‍ക്ക് കൃഷിഭവന്‍, കൃഷിഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുന്നതാണ് നല്ലത്.