പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നടുവേദന. ഇത് ഒരു രോഗമല്ല രോഗലക്ഷണമാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവരിൽ വരെ നടുവേദന ഒരുപോലെ കണ്ടുവരുന്നു. പല കാരണങ്ങളാൽ നടുവേദന അനുഭവപ്പെട്ടേക്കാം. തേയ്‌മാനം, ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങൾ, എന്നിവയെല്ലാം ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഇന്ന് ഇരുന്ന് ജോലി ചെയ്യുന്ന ആളുകളിൽ നടുവേദന സാധാരണമായി മാറിയിരിക്കുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടുവേദന കുറയ്ക്കാൻ സാധിയ്ക്കും. അതിനായുള്ള ചില പരിഹാര മാർഗങ്ങൾ ഇതാ.
വ്യായാമം
ശരീരത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം പ്രധാനമാണ്. പതിവായി വ്യായാമം ചെയ്യുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. യോഗ, നീന്തൽ എന്നിവയും നടുവേദനയ്ക്ക് ആശ്വാസം നൽകും. ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം നിങ്ങളെ സഹായിക്കും.
ശരിയായ പോസ്‌ചറിൽ ഇരിക്കുക
ഇരുന്ന് ജോലി ചെയ്യുന്നവർ ശരിയായ പോസ്‌ചറിൽ ഇരിക്കാൻ ശ്രദ്ധിക്കണം. പേശികൾ, ഡിസ്‌കുകൾ, ലിഗമെന്‍റുകൾ എന്നിവയ്ക്ക് ഉണ്ടാകുന്ന ആയാസം കുറയ്ക്കാൻ ഇത് ഗുണം ചെയ്യും.
ശരിയായ ഉറക്കം
ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താൻ നല്ല ഉറക്കം ലഭിക്കേണ്ടതുണ്ട്. അതിനാൽ 7 മുതൽ 9 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടതെ നട്ടെല്ലിന് ആയാസം നൽകുന്ന രീതിയിലുള്ള കിടത്തം ഒഴിവാക്കുക. നടുവിന് സമ്മർദ്ദം നൽകാത്ത കിടക്ക തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
ശരീരഭാരം കുറയ്ക്കാം
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. നടുവേദനയുള്ളവരിൽ ഭൂരിഭാഗം പേരും അമിതവണ്ണമുള്ളവരാണ്. ശരീരഭാരം കൂടുമ്പോൾ നട്ടെലിന്‍റെ ഭാഗത്തുള്ള പേശികൾക്ക് ആയാസമുണ്ടാക്കാൻ കാരണമാകും. ഇത് നടുവേദനയിലേക്ക് നയിക്കും. അതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നത് നട്ടെല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ഇടയ്ക്കിടെ നടക്കാം
ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക. ഇത് നടുവേദന കുറയ്ക്കാൻ സഹായിക്കും.
സമ്മർദ്ദം കുറയ്ക്കുക
ഉയർന്ന സമ്മർദ്ദം, പിരിമുറുക്കം എന്നിവ നടുവേദനയുടെ മറ്റൊരു കാരണമാണ്. സമ്മർദ്ദം നേരിടുന്ന ആളുകളിൽ പേശി സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ഇത് ശരീരവേദനയിലേക്ക് നയിക്കുകയും ചെയ്യും.
അതേസമയം ദീഘകാലം വിട്ടുമാറാത്ത നടുവേദന അനുഭവപ്പെട്ടാൽ നിർബന്ധമായും ആരോഗ്യവിദഗ്‌ധന്‍റെ സഹായം തേടുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: പ്രമേഹം, ഹൃദയാഘാതം എന്നിവ തടയാം; ലളിതമായ ഈ ശീലം പതിവാക്കൂ