തെന്നിന്ത്യക്കാരുടെ ഇഷ്‌ട പലഹാരത്തിൽ ഒന്നാണ് മുറുക്ക്. വ്യത്യസ്‌ത തരത്തിലുള്ള മുറുക്കുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കടയിൽ നിന്നും മുറുക്കുകൾ വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ്. വരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന തേങ്ങാപ്പാൽ മുറുക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി - 4 കപ്പ്
- ഉഴുന്ന് - 1 കപ്പ്
- പച്ചരി - 2 ടീസ്‌പൂൺ
- കറുത്ത എള്ള് - 2 ടീസ്‌പൂൺ
- പൊട്ടുകടല - 2 ടീസ്‌പൂൺ
- തേങ്ങാപ്പാൽ - 1 കപ്പ്
- ഉരുകിയ വെണ്ണ - 50 ഗ്രാം
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യമായ അളവ്
കോക്കനട്ട് മിൽക്ക് മുറുക്ക് തയ്യാറാക്കുന്ന വിധം
മുറുക്ക് ഉണ്ടാക്കാൻ ആദ്യം ഒരു പാൻ സ്റ്റൗവിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഉഴുന്ന് ഇട്ട് 2 മിനിറ്റ് വറുത്ത് മാറ്റിവെക്കുക (ഉഴുന്നിന്‍റെ നിറം മാറാതെ ശ്രദ്ധിക്കണം). പച്ചരിയും നന്നായി വറുത്തെടുക്കുക. ശേഷം അതേ പാനിൽ പൊട്ടു കടലയും ചെറുതായി വറുത്ത് മാറ്റി വയ്ക്കുക. ഇനി ഈ മൂന്ന് ചേരുവകളും ചൂടാറിയതിന് ശേഷം ഒരു മിക്‌സി ജാറിലേക്കിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം അത്യാവശ്യം വലുപ്പമുള്ള ഒരു പത്രമെടുത്ത് അതിലേക്ക് പൊടിച്ച് വച്ചിരിക്കുന്ന മിശ്രിതവും, അരിപ്പൊടി, എള്ള്, വെണ്ണ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക.
ഈ മിശ്രിതത്തിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് മാവ് പാകപ്പെടുത്തി എടുക്കുക (തേങ്ങാപ്പാലിന്‍റെ അളവ് കുറവാണെങ്കിൽ അൽപം വെള്ളം ചേർത്ത് കുഴച്ചെടുക്കാം). ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് എണ്ണ ഒഴിക്കുക. ഇതിനിടെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് മുറുക്ക് അച്ചിലേക്ക് മാറ്റാൻ മറക്കരുത്. എണ്ണ ചൂടായതിനു ശേഷം മാവ് ഇതിലേക്ക് പിഴിഞ്ഞ് ഇടുക. ഒരു ഗോൾഡൻ നിറമാകുന്നതു വരെ വറുത്തെടുക്കുക. ശേഷം വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം. വളരെ എളുപ്പത്തിൽ രുചികരവും ക്രിസ്‌പിയുമായ തേങ്ങാപാൽ മുറുക്ക് വീട്ടിൽ തയ്യാറാക്കാം.
Also Read : കടയിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ മസാല ചായ തയ്യാറാക്കിയാലോ; സീക്രട്ട് റെസിപ്പി ഇതാ