റോസാപ്പൂ... ചിന്ന റോസാപ്പൂ, ഉൻ പേര സെല്ലും റോസാപ്പൂ....ചെമ്പനീര്‍പ്പൂവും പനിനീരുപെയ്യും നിലാവുമൊക്കെ പ്രണയത്തിന്‍റെ പ്രതീകങ്ങളായിട്ട് കാലമേറെയായി. പ്രണയം വെളിപ്പെടുത്താന്‍ ജീവിതത്തിലും വെള്ളിത്തിരയിലും നായിക നായകന് പനിനീര്‍പ്പൂവ് സമ്മാനിക്കാന്‍ തുടങ്ങിയിട്ടും നാളേറെയായി.തലമുറകള്‍ ഏറെ മാറിയിട്ടും മാറ്റമില്ലാതെ നില്‍ക്കുന്ന റോസാപ്പൂ കാല്‍പ്പനികനായ മലയാളിയുടെ ഹൃദയത്തിലുണ്ട് എന്നും.
പൂന്തോട്ടങ്ങളില്‍ മറ്റനവധി പുഷ്‌പങ്ങളുണ്ടാകാമെങ്കിലും ഭംഗിയും നറുമണവും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പുഷ്‌പമാണ് റോസ. ഒരു പനിനീര്‍ച്ചെടിയെങ്കിലുമില്ലാത്ത ഒറ്റവീട് പോലുമുണ്ടാകില്ല കേരളത്തില്‍. നിറവും മണവും കൊണ്ട് പൂന്തോട്ടങ്ങളിലെ മുഖ്യ ആകര്‍ഷണം പനിനീര്‍പ്പൂവ് തന്നെ. വിവിധ നിറങ്ങളില്‍ നറുമണം പരത്തി ഇവയങ്ങനെ പൂത്ത് വിടര്‍ന്ന് നില്‍ക്കും. നിറങ്ങളില്‍ മാത്രമല്ല റോസയുടെ ഇനങ്ങളിലുമുണ്ട് ഏറെ വൈവിധ്യം. ലോകത്താകെ നൂറ്റമ്പതിലധികം റോസാ സ്‌പീഷീസുകളും 30,000 ലധികം റോസാപ്പൂ ഇനങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട 12 എണ്ണത്തിന്‍റെ പ്രത്യേകതകള്‍ മനസിലാക്കാം.
ലേഡി ഇന്‍ റെഡ്: പൂന്തോട്ടങ്ങളെ കളര്‍ഫുള്ളാക്കുന്ന ഒരിനമാണ് ലേഡി ഇന്‍ റെഡ് റോസകള്‍. കുറ്റിച്ചെടിയായി വളരുന്ന ഇവയില്‍ ധാരാളം പൂക്കള്‍ ഉണ്ടാകും. പെരെനിയല്‍ എന്ന ഇനത്തില്‍പ്പെട്ട ചെടിയാണ് ലേഡി ഇന്‍ റെഡ്. നന്നായി സൂര്യപ്രകാശം ആവശ്യമുള്ള ഒരു ചെടിയാണിത്. 8 മുതല്‍ 10 ഇഞ്ച് നീളത്തില്‍ വളരുന്ന ഇവയുടെ പൂക്കള്‍ക്ക് ഏത് സീസണിലും ഒരേ നിറം തന്നെയായിരിക്കും.
ഡീപ്പ് സീക്രട്ട്: ഡീപ് മെറൂണ്‍ നിറത്തിലുള്ള പൂവാണ് ഡീപ്പ് സീക്രട്ടിന്‍റെ പ്രത്യേകത. ഇതും പെരെനിയല്‍ എന്നയിനത്തില്‍പ്പെട്ട വെറൈറ്റി തന്നെയാണ്. 2 മുതല്‍ 4 ഇഞ്ച് ഉയരത്തിലാണ് ഈ ചെടി വളരുക. നന്നായി സൂര്യപ്രകാശം ആവശ്യമുള്ള ഒരിനമാണ് ഡീപ്പ് സീക്രട്ട്. മാത്രമല്ല ഇതിന് പ്രത്യേക വളപ്രയോഗവും ആവശ്യമുണ്ട്. പൂന്തോട്ടങ്ങളിലെ പ്രധാനിയായ ഇതിന്‍റെ ഭംഗിയാണ് ആരെയും ആകര്‍ഷിക്കുക.
ആല്‍ബസ്റ്റര്‍ റോസ്: പനിനീര്‍ച്ചെടിയില്‍ മുള്ളുകളില്ലാത്ത വെള്ളക്കാരനാണ് ആല്‍ബസ്റ്റര്‍ റോസ് .ഏറെക്കാലം ഇതളുകള്‍ പൊഴിയാതെ നില്‍ക്കുന്നതു കൊണ്ടു തന്നെ റോസാ പ്രേമികളില്‍ ഏറെ പ്രിയങ്കരനാണ് ആല്‍ബസ്റ്റര്‍. വെള്ള പൂക്കളുള്ള റോസ് ഇനമാണിത്. കാണാന്‍ എറെ ഭംഗിയുള്ള ഇതിന് നല്ല സുഗന്ധവുമുണ്ട്. എക്കാലത്തും പൂവിടുന്ന ഇവ മഞ്ഞ് കാലത്താണ് കൂടുതലായും വിരിയുന്നത്. വിരിഞ്ഞ് കഴിഞ്ഞ ഒരു പൂവ് രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ് ഇതളുകള്‍ പൊഴിക്കുക. മാത്രമല്ല മറ്റ് റോസ് ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെടിയില്‍ ഒട്ടും മുള്ളുകളില്ലെന്നതു കൊണ്ടു തന്നെ ചെടികളെ പരിപാലിക്കുമ്പോള്‍ ഒട്ടും ഭയപ്പെടേണ്ടതുമില്ല.
നോട്ടിങ് ഹില്‍ റോസ്: നിറത്തിലും മണത്തിലും ആരേയും മോഹിപ്പിക്കുന്ന ബഹു വര്‍ണ്ണ റോസ് ഇനമാണ് നോട്ടിങ് ഹില്‍ റോസ്. പീച്ച് പിങ്ക് കളറുകള്‍ കൂടിച്ചേര്‍ത്തിട്ടുള്ളൊരു വെറൈറ്റിയാണിത്. ചുറ്റും പിങ്ക് ഇതളുകള്‍ മധ്യത്തില്‍ പീച്ച് നിറത്തിലുള്ള ചെറിയ ഇതളുകള്‍. മൊത്തത്തില്‍ പൂവിനകത്ത് ഒരു പൂക്കളം പോലെ തോന്നുന്ന റോസ് ഇനം. അതുകൊണ്ടു തന്നെ ഫ്ലോറല്‍ ഡെക്കറേൺനിലെ ആകര്‍ഷണ കേന്ദ്രവുമാണിത്.പോരാത്തതിന് മുറി മുഴുവന്‍ നിറയുന്ന നറുമണവും. റോസിലെ വിദേശി ഇനമാണ് നോട്ടിങ്ങ് ഹില്‍ റോസ്. വിദേശികളുടെ പൂന്തോട്ടങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരിനമാണ് ഈ വെറൈറ്റി. അതുകൊണ്ട് വിദേശ രീതിയിലുള്ള ഒരു പൂന്തോട്ടം ഒരുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കലക്ഷനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണിത്. മറ്റ് റോസുകളെക്കാള്‍ കൂടുതല്‍ നന്നായി ഇവയുടെ ചെടികള്‍ വളരും.
ആഷ്‌ലി റോസ്: വളരെ പെട്ടെന്ന് പൂ വിരിയുന്ന റോസ് ഇനമാണ് ആഷ്‌ലി റോസ്.ഒരു ജര്‍മ്മന്‍ ഹൈബ്രിഡ് ഇനമാണെങ്കിലും നാട്ടില്‍ മിക്കവീടുകളിലും കാണാവുന്ന ഇനമാണിത്.നിറച്ചും ഇതളുകളുള്ള ഈ റോസ് ബൊക്കെകളിലും റൂം ഡെക്കറേഷനുകളിലും ഒഴിച്ചുകൂടാനാവാത്താണ്. ലൈറ്റ് റോസ് അല്ലെങ്കില്‍ പിങ്ക് കളറിലോ അല്ലെങ്കില്‍ ഇവയോടൊപ്പം ചെറിയ വെള്ള കളര്‍ കൂടിച്ചേര്‍ന്നോ ഉള്ള പൂക്കള്‍ വിരിയുന്ന ആഷ്‌ലി റോസ് ചെടികള്‍ കിട്ടാനുണ്ട്. വളരെ ഇടതൂര്‍ന്നുള്ള ഇതളുകളാണ് ഈ റോസിന്‍റെ പ്രത്യേകത. ചെടി വളര്‍ന്ന് 4,5 ഇഞ്ച് വലുപ്പമെത്തുമ്പോള്‍ തന്നെ ഇതില്‍ പൂക്കള്‍ വിരിയാന്‍ തുടങ്ങും. അതുകാണ്ടു തന്നെ പൂന്തോട്ടങ്ങളിലെ മുഖ്യ ആകര്‍ഷണമാണ് ആഷ്‌ലി റോസ്.
റോയല്‍ പാര്‍ക്ക് റോസ്: പേര് പോലെ തന്നെ റോയലാണ് ഈ റോസ് വെറൈറ്റി. പൂന്തോട്ടത്തിലെ രാജകീയ പദവി നല്‍കേണ്ട ഒന്നുതന്നെയാണ് ഇതെന്ന് പറയാം. അത്രയും മനോഹരിയാണ് റോയല്‍ പാര്‍ക്ക് റോസ്.ലൈറ്റ് യെല്ലോ ഷേയ്‌ഡിലേക്ക് വൈറ്റ് കൂടി മിക്‌സ് ആയിട്ടുള്ള നിറമാണ് മിക്കവാറും റോയലിന്‍റേത്. ലൈറ്റ് മഞ്ഞയും മധ്യത്തില്‍ കടും മഞ്ഞയും കലര്‍ന്നതും ലൈറ്റ് പിങ്കും മഞ്കയും ചേര്‍ന്നതുമായ ഇനങ്ങളും ചിലയിടങ്ങളില്‍ കാണാറുണ്ട്. കുറ്റിച്ചെടിയായാണ് ഇതിന്‍റെ വളര്‍ച്ച. സദാസമയത്തും പൂക്കള്‍ വിരിയുകയും ചെയ്യും.
മൂണ്‍ ലൈറ്റ് ഇന്‍ പാരീസ്: ഫ്ലോറിബണ്ട ഇനത്തില്‍പ്പെട്ട ഒരു വെറൈറ്റിയാണ് മൂണ്‍ ലൈറ്റ് ഇന്‍ പാരീസ്. ഓറഞ്ച്, ഗോള്‍ഡന്‍, പീച്ച് അല്ലെങ്കില്‍ പിങ്ക് എന്നീ നിറങ്ങള്‍ മധ്യത്തിലും വെള്ള അല്ലെങ്കില്‍ ലൈറ്റ് പിങ്ക് ഇതളുകള്‍ ചുറ്റിലുമായി വരുന്ന ഷേയ്‌ഡുകളിലാണ് മൂണ്‍ ലൈറ്റ് ഇന്‍ പാരീസ് കണ്ടു വരുന്നത്. മറ്റ് റോസുകളേക്കാള്‍ കൂടുതലായി ഇതിന് സൂര്യപ്രകാശം ലഭിക്കണം. സൂര്യപ്രകാശം ലഭിക്കുന്നത് പോലെ തന്നെ കൂടുതല്‍ വെള്ളവും ഇതിന്‍റെ വളര്‍ച്ചക്ക് അത്യാവശ്യമാണ്. ഈ ഘടകങ്ങളൊക്കെ ഒത്തു ചേര്‍ന്നാല്‍ ഇവ പൂത്തുലയും.
ഫ്രാൻസിസ് മൈലാൻഡ് റോസ്: വെള്ളയും ലൈറ്റ് റോസ് നിറവും കൂടിച്ചേര്‍ന്നുള്ള ഇനമാണിത്. വളരെ വ്യത്യസ്‌തമായ നറുമണമാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. മേല്‍ പറഞ്ഞ ആല്‍ബസ്റ്റര്‍ റോസിനെ പോലെ തന്നെ ഇതിന്‍റെ ചെടിയില്‍ ഒട്ടും തന്നെ മുളുകളില്ല. അതുകൊണ്ട് ഇവയെ പരിപാലിക്കല്‍ വളരെ എളുപ്പമുള്ള കാര്യമാണ്.
പിങ്ക് ഒഹാര റോസ്: ഗാര്‍ഡനിങ്ങില്‍ പ്രധാനിയായ ഇവ വിരിഞ്ഞിറങ്ങുമ്പോള്‍ അവയുടെ നടുക്കുള്ള ഇതളുകള്‍ക്ക് നേരിയ പിങ്ക് നിറവും അഗ്രത്തുള്ള ഇതളുകള്‍ക്ക് പിങ്കും വൈറ്റും ചേര്‍ന്ന നിറവുമാണ്. വൈറ്റ് ഒഹാര എന്ന വെറൈറ്റിയില്‍ നിന്നും വികസിപ്പിച്ചെടുത്ത ഇനമാണ് പിങ്ക് ഒഹാര വൈറ്റ്. കുറ്റിച്ചെടിയായി വളരുന്ന ഇവയ്‌ക്ക് ഏറെ സൂര്യപ്രകാശം ആവശ്യമാണ്. കൃത്യമായ പരിചരണം ലഭിച്ചാല്‍ നന്നായി പൂക്കുന്ന ഒരിനമാണ് പിങ്ക് ഒഹാര വൈറ്റ്.
എർത്ത് എയ്ഞ്ചൽ റോസ്: ഏതു കാലത്തും പുഷ്‌പിക്കുന്ന റോസാ ഇനമാണ് എർത്ത് എയ്ഞ്ചൽ റോസ്. ആകര്‍ഷകമായ നറുമണമുള്ള ഈ ഇനത്തിന്‍റെ ഇതളുകള്‍ പിയോണി ആകൃതിയിലുള്ളതാണ്. പിയോണി ആകൃതിയായത് കൊണ്ട് തന്നെ ഇതിന്‍റെ ഇതളുകള്‍ വളരെ അടുത്ത് അടുത്തായിരിക്കും. അതുകൊണ്ട് ഒന്നോ രണ്ടോ പൂക്കള്‍ വിരിഞ്ഞാല്‍ അതൊരു പൂങ്കുല പോലെ തോന്നും. പൂര്‍ണ വളര്‍ച്ചയെത്തിയ ഈ ഇനം ചെടിക്ക് മൂന്ന് മുതല്‍ നാലടി വരെ മാത്രമേ ഉയരം വരൂ.
കത്തീഡ്രല്‍ ബെല്‍സ് റോസ്: സുഗന്ധം ഏറെയുള്ള ഈ പനിനീര്‍ച്ചെടി കുറ്റിച്ചെടിയായാണ് വളരുക. യുഎസിലെ പൂന്തോട്ടങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. പിങ്ക് ഹൈബ്രിഡ് ടീ റോസ് ഇനത്തില്‍പ്പെട്ട ചെടിയാണിത്. ഒരേ സമയം ഒരു ചെടിയില്‍ 40ലധികം പൂക്കള്‍ വിരിയുന്ന ഒരിനമാണ്. ഈ ചെടികള്‍ ഉണ്ടെങ്കില്‍ പിന്നെ പൂന്തോട്ടം വളരെ മനോഹരമാകും.
ഷേർളി ബാങ്ക്വറ്റ് റോസ്: നല്ലൊരു പൂന്തോട്ടം ഒരുക്കുമ്പോള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒരിനമാണ് ഷേര്‍ലി ബാങ്ക്വറ്റ് റോസ്. പൂക്കള്‍ വളരെയധികം ഉണ്ടാകുന്ന ഇവ വസന്തക്കാലത്ത് കൂടുതല്‍ സുന്ദരിയാകുക. വെള്ളയും മഞ്ഞയും ചേര്‍ന്നതാണ് ഇതിന്‍റെ നിറം.
Also Read |
- റോസാച്ചെടി പൂത്തുലയും; ഇതൊഴിച്ചാല്‍ മതി
- ഹണിമൂണ്‍ ഇനി കേരളത്തിലാക്കാം; മികച്ച അഞ്ച് ഡെസ്റ്റിനേഷനുകളെ കുറിച്ചറിയാം
- മലനിരകളെ പുല്‍കി കോടമഞ്ഞും കുളിരും; ട്രിപ്പ് വൈബാക്കാന്‍ പറ്റിയൊരിടം, വിസ്‌മയമായി രണ്ടാംമൈല്‍ വ്യൂപോയിന്‍റ്
- ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...
- എങ്ങും പച്ചപ്പും കുളിര്‍ക്കാറ്റും കോടയും; അരിക്കൊമ്പന്‍ ഫേമസാക്കിയ ഒരിടം, വിസ്‌മയം കൊച്ചി-ധനുഷ്‌കോടി ദേശീയപാത