ചെടികളും പച്ചക്കറികളും നട്ട് പരിപാലിക്കാന്‍ ആഗ്രഹമുള്ളവര്‍ ഏറെയുണ്ട് നമുക്ക് ചുറ്റും. തൈകളുടെ നടീലും പരിപാലനവും ശാസ്‌ത്രീയമായി അറിയില്ലെങ്കിലും തങ്ങളുടെ അറിവും നുറുങ്ങ് വിദ്യകളും കൃഷിയില്‍ പരീക്ഷിക്കുന്നവരും ഏറെ. വിത്ത് മുളപ്പിക്കുന്ന രീതികള്‍ തന്നെ ഇതിന് ഉദാഹരണമാണ്.
ചിലര്‍ വിത്ത് വെള്ളത്തില്‍ കുതിര്‍ത്തി മുളപ്പിക്കുന്നത് കണ്ടിട്ടില്ലേ? വിത്ത് മുളപ്പിക്കാന്‍ ഇത്തരം പൊടിക്കൈകള്‍ ധാരാളമുണ്ട്. എന്നാല്‍ കമ്പോ, ചെടിയോ നടുമ്പോഴോ? കമ്പ് മുറിച്ച് നടുമ്പോള്‍ എങ്ങനെ പെട്ടെന്ന് വേരുവളര്‍ത്താം? നമ്മുടെ വീടുകളില്‍ സാധാരണയായി കാണുന്ന ഈ ഒരൊറ്റ സസ്യം ഉണ്ടെങ്കില്‍ കാര്യം വളരെ നിസാരം.
പറഞ്ഞുവന്നത് നമ്മുടെ കറ്റാര്‍വാഴയെ കുറിച്ചാണ്. കേശ പരിപാലനത്തിലും സൗന്ദര്യ സംരക്ഷണത്തിനുമൊക്കെ വളരെധികം ഉപയോഗിക്കുന്ന ചെടിയാണ് കറ്റാര്‍വാഴ. വയറ്റിലുണ്ടാകുന്ന ചില അസ്വസ്ഥതകള്‍ക്ക് മരുന്നായി ആയുര്‍വേദത്തിലും കറ്റാര്‍വാഴ ഉപയോഗിക്കാറുണ്ട്. കറ്റാര്‍വാഴയില്‍ നിന്ന് സാനിറ്റൈസര്‍ വരെ കണ്ടെത്തിയതും അത്‌ഭുതം തന്നെ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അലൊ വേരയെന്നൊക്കെ നാം സ്‌നേഹത്തോടെ വിളിക്കുന്ന ഈ 'മുള്ളന്‍' ചെടിയുടെ അധികമാരും അറിയാത്ത ഗുണമാണ് ഇവിടെ പറയുന്നത്. ചെടികള്‍ക്ക് വേരുമുളപ്പിക്കാന്‍ കറ്റാര്‍വാഴ ഉപയോഗിച്ചാല്‍ മതി. എങ്ങനെ ഉപയോഗിക്കണം എന്നല്ലേ? കാര്യം വളരെ സിംപിളാണ്.
ഇതൊന്ന് പരീക്ഷിക്കൂ...
നടാനായി പുതിയ തൈയോ, കമ്പോ കിട്ടിയെന്നിരിക്കട്ടെ. ഇത് കറ്റാര്‍വാഴയുടെ നീരില്‍ (ജെല്‍) കുത്തി വച്ച് 30 മിനിറ്റ് കഴിഞ്ഞ് നടാം. പെട്ടെന്ന് വേരുമുളയ്‌ക്കാന്‍ ഇത് വളരെ മികച്ചൊരു രീതിയാണ്.
ഈ രീതി രണ്ടുതരത്തില്‍ പരീക്ഷിക്കാം. കറ്റാര്‍വാഴ പോള മുറിച്ചെടുത്ത് കമ്പില്‍ നീര് ചേരുന്ന രീതിയില്‍ കമ്പ് പോളയിലേക്ക് കുത്തിയിറക്കാം. ചെറിയ കമ്പുകളാണെങ്കിലേ ഈ രീതി ഫലപ്രദമാകൂ. കറ്റാര്‍വാഴ പോള ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഈ ചെടിയില്‍ നിന്നും വരുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകം പൂര്‍ണമായും കളഞ്ഞതിന് ശേഷം വേണം ഉപയോഗിക്കാന്‍. ഈ ദ്രാവകം ദേഹത്തായാല്‍ ചൊറിച്ചില്‍ വരാന്‍ സാധ്യതയുണ്ട്. ഇത് വസ്‌ത്രത്തിലും മറ്റുമായാല്‍ കറപിടിക്കുകയും ചെയ്യും.
വലിയ കമ്പുകളിലോ ചെടികളിലോ വേരുപിടിപ്പിക്കാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കും. നേരത്തെ പറഞ്ഞതുപോലെ പോളയില്‍ കുത്തിവയ്‌ക്കാനാകാത്തതിനാല്‍ മറ്റൊരു രീതിയാണ് ഇതിന് സ്വീകരിക്കുന്നത്. അത് ഇങ്ങനെയാണ്.
കറ്റാര്‍വാഴ പോളകളില്‍ നിന്ന് ഒരുഗ്ലാസ് ജെല്‍ ശേഖരിക്കണം. പോളകള്‍ അടര്‍ത്തി നെടുകെ നീളത്തില്‍ മുറിച്ച് സ്‌പൂണ്‍, ഫോര്‍ക്ക് എന്നിവ ഉപയോഗിച്ച് ജെല്‍ ശേഖരിക്കാവുന്നതാണ്. പക്ഷേ അടര്‍ത്തിയെടുത്ത പോളകളുടെ അഗ്രഭാഗത്തുനിന്നും വരുന്ന മഞ്ഞ ദ്രാവകം പൂര്‍ണമായും ഒഴിവാക്കിയതിന് ശേഷം വേണം ജെല്‍ എടുക്കാന്‍.
ഈ മഞ്ഞ ദ്രാവകം കളയാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. മുറിച്ചെടുത്ത കറ്റാര്‍വാഴ പോള മുറിച്ച ഭാഗം പ്രതലത്തില്‍ തൊടുന്ന രീതിയില്‍ കുത്തനെ വയ്‌ക്കുക. പേപ്പറിലോ മറ്റോ വയ്‌ക്കുന്നത് കുറച്ചുകൂടി നല്ലതാണ്.
ജെല്‍ എടുത്ത ശേഷം ഇത് മിക്‌സില്‍ നന്നായി അരച്ചെടുക്കുക. വെള്ളം ചേര്‍ക്കാതെ വേണം അരച്ചെടുക്കാന്‍. പിന്നീട് ജെല്‍ വെള്ളത്തില്‍ മിക്‌സ് ചെയ്യണം. ഒരുഗ്ലാസ് ജെല്ലിന് മൂന്ന് ലിറ്റര്‍ വെള്ളം എന്നാണ് കണക്ക്. ചെടികള്‍ ഈ മിശ്രിതത്തില്‍ 30 മിനിറ്റ് മുക്കിവച്ച ശേഷം നടുന്നതാണ് ഉത്തമം. ഈ മിശ്രിതം അരിച്ചെടുത്ത് ചെടികളില്‍ സ്‌പ്രേ ചെയ്യുന്നതും നന്ന്.
Also Read: റോസാച്ചെടി പൂത്തുലയും; ഇതൊഴിച്ചാല്‍ മതി
കറ്റാര്‍വാഴ ജെല്‍ പ്രകൃതിദത്തമായ റൂട്ടിങ് ഹോര്‍മോണ്‍ അല്ലെങ്കില്‍ വളര്‍ച്ച ഹോര്‍മോണ്‍ ആയി പ്രവര്‍ത്തിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. വേരിന്‍റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ചില സംയുക്തങ്ങള്‍ കറ്റാര്‍വാഴ ജെല്ലില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഓക്‌സിനുകള്‍ : കറ്റാർവാഴയിൽ ഇൻഡോൾ-3-അസറ്റിക് ആസിഡ് (IAA) പോലെയുള്ള ഓക്‌സിനുകള്‍ അടങ്ങിയിരിക്കുന്നു. വേരുകളുടെ മുളയ്‌ക്കലും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്ന പ്രധാന സസ്യ ഹോർമോണുകളിൽ ഒന്നാണ് ഇത്.
വിറ്റാമിനുകളും എൻസൈമുകളും : കറ്റാർവാഴ ജെല്ലിൽ വിറ്റാമിൻ എ, സി, ഇ തുടങ്ങിയ വിവിധ വിറ്റാമിനുകളും സസ്യങ്ങളുടെ വേരുകളുടെ വളർച്ചയെ നല്ലരീതിയിൽ സ്വാധീനിച്ചേക്കാവുന്ന എൻസൈമുകളും അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ ചെടികളുടെ കരുത്ത് മെച്ചപ്പെടുത്താനും വേര് പിടിക്കുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പോളിസാക്രറൈഡുകൾ : കറ്റാര്‍വാഴ ജെല്ലിൽ പോളിസാക്രറൈഡുകൾ അടങ്ങിയിരിക്കുന്നു. ഇത് വെള്ളം നിലനിർത്തുന്നത് മെച്ചപ്പെടുത്തുകയും വേരുകള്‍ പെട്ടെന്ന് വരാന്‍ സഹായിക്കുകയും ചെയ്യുന്നു.
പഠനങ്ങള്‍ ഇങ്ങനെ...
വേര് പിടിക്കാനുള്ള ഉത്തേജകമായി കറ്റാർവാഴ : ആഫ്രിക്കൻ ജേണൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൽ (2013) പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, മുറിച്ചെടുത്ത തക്കാളി ചെടിയും കരുമുളക് കൊടിയും പഠനവിധേയമാക്കി. ചില ചെടികള്‍ കറ്റാര്‍വാഴ ജെല്ലില്‍ മുക്കിയും ചിലത് അല്ലാതെയും നട്ടു. എന്നാല്‍ കറ്റാര്‍വാഴ ജെല്ലില്‍ മുക്കിയ തൈകളില്‍ പെട്ടെന്ന് വേര് വരികയും അവ കരുത്തുള്ള ചെടികളായി വളരുകയും ചെയ്‌തു. വേരൂന്നാന്‍ കറ്റാര്‍വാഴ ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു എന്ന് പഠനം കണ്ടെത്തുകയായിരുന്നു.
അലങ്കാര സസ്യങ്ങളിലെ പരീക്ഷണം : സയൻഷ്യ ഹോർട്ടികൾച്ചറിൽ (2012) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, അലങ്കാര സസ്യങ്ങളെ പഠനവിധേയമാക്കിയതില്‍ കറ്റാര്‍വാഴ ജെല്‍ വേരുപിടിക്കലില്‍ സ്വാധീനം ചെലുത്തുന്നു എന്ന് കണ്ടെത്തി. കറ്റാര്‍വാഴ ജെല്ലിന് വേരൂന്നലില്‍ സഹായിക്കാനുള്ള കഴിവുണ്ടെന്നും ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും ഈ പഠനം പറയുന്നു.
Also Read: പച്ചക്കറി വേയ്സ്റ്റ് പാഴാക്കല്ലേ; ചെടികൾ തഴച്ചുവളരാൻ ഇത് മാത്രം മതി