ലണ്ടൺ: ലിവർപൂളിന് സമീപമുള്ള തുറമുഖ പട്ടണമായ സൗത്ത് പോർട്ടിൽ യുവാവായ അക്രമിയുടെ കുത്തേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ കുട്ടികൾക്കായി നടത്തുന്ന ഡാൻസ് - യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി 11 കുട്ടികളെയാണ് കുത്തിവീഴ്ത്തിയത്. സംഭവത്തിൽ കൊലപാതകവും കൊലപാതകശ്രമവും ആരോപിച്ച് 17 വയസുള്ള യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പ്രതിയുടെ കൈയിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. പ്രാദേശിക സമയം ജൂലൈ 29 രാവിലെ 11:47 നാണ് സംഭവം നടന്നത്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ ആറ് കുട്ടികളുടെ നില ഗുരുതരമാണെന്നും, രണ്ട് മുതിർന്നവർക്കും സംഭവത്തിൽ പരുക്കുണ്ടെന്നും മേർസിസൈഡ് പൊലീസ് ചീഫ് കോൺസ്‌റ്റബിൾ സെറീന കെന്നഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാകാം മുതിർന്നവർക്കും പരിക്കേറ്റതെന്നാണ് നിഗമനം. ആറുവയസ് മുതൽ പത്തുവയസുവരെ പ്രായമുള്ള കുട്ടികൾക്കായുള്ള ഡാൻസ് - യോഗാ ക്ലാസാണ് ഇവിടെ നടന്നിരുന്നത്.
സംഭവത്തിൽ ചാൾസ് മൂന്നാമൻ രാജാവും വില്യം രാജകുമാരനും പ്രധാനമന്ത്രി സർ കെയ്ർ സ്‌റ്റാമർ ഉൾപ്പെടെയുള്ള നേതാക്കളും നടുക്കവും ദുഃഖവും രേഖപ്പെടുത്തി. പരിക്കേറ്റ കുട്ടികൾ ലിവർപൂളിലെ അൾഡർ ഹെ ചിൽഡ്രൻസ് ഹോസ്‌പിറ്റൽ, എയ്ൻട്രീ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ, സൗത്ത്പോർട്ട് ആൻഡ് ഫോംബൈ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയിലാണ്. അക്രമിയെ തിരിച്ചറിഞ്ഞതായും ആക്രമണത്തിന് ഉപയോഗിച്ച ആയുധമുൾപ്പെടെ കസ്‌റ്റഡിയിൽ എടുത്തതായും സെറീന കെന്നഡി സൂചിപ്പിച്ചു.
"തിങ്കളാഴ്‌ച (ജൂലൈ 29) രാവിലെ 11:47 നാണ് ആക്രമണത്തെക്കുറിച്ച് പൊലീസിന് റിപ്പോർട്ട് ലഭിച്ചത്. സംഭവസ്ഥലത്ത് എത്തുമ്പോൾ ഒന്നലധികം കുട്ടികൾ പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. ക്രൂരമായ രീതിയിൽ ആക്രമിക്കപ്പെട്ട നിലയിലായിരുന്നു അവരുണ്ടായിരുന്നത്. കുട്ടികളുടെ പരിക്കുകൾ കണ്ട് ഞങ്ങൾ ഭയന്നു" - സെറീന കെന്നഡി പറഞ്ഞു. ഡാൻസ് സ്‌കൂളിലെ ടെയ്‌ലർ സ്വിഫ്റ്റ് തീം പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുന്നതിനിടെയാണ് അക്രമി കത്തിയുമായി കടന്ന് ആക്രമിക്കാൻ തുടങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ആക്രമണത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവം ഭീകരാക്രമണമല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തേക്ക് ടാക്‌സിയിലെത്തിയ അക്രമി മാസ്‌ക് ധരിച്ചിരുന്നതായും ടാക്‌സിക്കൂലി കൊടുക്കാൻ വിസമ്മതിച്ചതായും ദൃക്‌സാക്ഷികളിൽ ഒരാൾ വെളിപ്പെടുത്തി.
സങ്കൽപ്പിക്കാനാവാത്ത ദുരന്തമാണ് ഈ കുട്ടികളുടെ കുടുംബൾക്ക് ഉണ്ടായിരിക്കുന്നതെന്നും രാജ്യത്തെ എല്ലാവരുടെയും പ്രാർഥനയും അനുശോചനവും ജീവൻ നഷ്‌ടപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Also Read: വഞ്ചിയൂർ വെടിവയ്‌പ്പ് കേസ്: പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന