റെയ്‌ക്‌ജാവിക്: ഐസ്‌ലൻഡിലെ റെയ്‌ക്‌ജാനസില്‍ അഗ്നിപർവ്വത സ്‌ഫോടനം. അഗ്നിപർവ്വതം പൊട്ടിതെറിച്ചുണ്ടായ ലാവ, ഗ്രിൻഡാവിക്കിന്‍റെ വടക്ക് ഭാഗത്തേക്ക് എത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമീപ പ്രദേശമായ ബ്ലൂ ലഗൂണിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ അഗ്നിപര്‍വ്വത സ്ഫോടനമാണിത്. ശനിയാഴ്‌ചയാണ് റെയ്‌ക്‌ജാനസ് ഉപദ്വീപില്‍ അഗ്നിപർവ്വത സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന് മുന്‍പ് തന്നെ ഐഎംഒയുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ, പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം സന്ദേശമായി ലഭിച്ചു. തുടര്‍ന്നാണ്, മേഖലയില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിച്ചത്.
ഐസ്‌ലാൻഡിന്‍റെ തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിൽ നിന്ന് ബ്ലൂ ലഗൂണിലേക്ക് ഒരു മണിക്കൂർ ദൈര്‍ഘ്യമാണുള്ളത്. രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രവും, പ്രധാന വിമാനത്താവളമായ കെഫ്‌ലാവിക് ഇന്‍റർനാഷണലിന്‍റെ ആസ്ഥാനം കൂടിയാണിത്. ഏറ്റവും സജീവമായ അഗ്നിപർവ്വത പ്രദേശങ്ങളിലൊന്നാണ് ഐസ്‌ലാൻഡ്.