ഹൈദരാബാദ്: അമേരിക്കയില്‍ ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. വിദ്യാര്‍ഥി വിസ അഭിമുഖത്തിനുള്ള സമയം പ്രഖ്യാപിച്ച് അമേരിക്കന്‍ സര്‍ക്കാര്‍. ഈ മാസം 31 വരെ നടക്കുന്ന അഭിമുഖത്തിന്‍റെ സമയക്രമമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ ഡല്‍ഹിയിലെ അമേരിക്കന്‍ മുഖ്യസ്ഥാനപതികാര്യാലയത്തിലും ഹൈദരാബാദ്, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രാദേശിക കേന്ദ്രങ്ങളിലും അഭിമുഖത്തിനായി സമയക്രമം മുന്‍കൂട്ടി ആവശ്യപ്പെടാം.
അമേരിക്കയില്‍ പഠിക്കാന്‍ പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിമുഖത്തിനുള്ള സമയക്രമം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഇടിവി ഭാരത് വാര്‍ത്ത നല്‍കിയിരുന്നു. ഇക്കുറി കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക അവസരം നല്‍കുമെന്നാണ് സൂചന. ഈ മാസം മൂന്നാം വാരത്തില്‍ ജൂണിലെ അഭിമുഖത്തിന്‍റെ പട്ടിക പ്രഖ്യാപിക്കും. പിന്നീട് ജൂണിലും ആവശ്യമെങ്കില്‍ ഓഗസ്റ്റിലും അഭിമുഖം നടത്തും.
അമേരിക്കയില്‍ അധ്യയന സെമസ്റ്റര്‍ ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തിലാണ് ആരംഭിക്കുക. ഇക്കുറി തെലുഗു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏറെ വിദ്യാര്‍ഥികള്‍ അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനത്തിന് അവസരം തേടുമെന്ന് സൂചനയുണ്ട്.
അഭിമുഖത്തിന് ശേഷം വിരലടയാളം ശേഖരിക്കല്‍ പ്രക്രിയയും വിസ നടപടി ക്രമങ്ങളുടെ ഭാഗമായി ഉണ്ടാകും. അമേരിക്കയുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് ശനിയും ഞായറും അവധിയാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ തിരക്ക് പരിഗണിച്ച് ഈ മാസം 19നും 26നും അവ പ്രവര്‍ത്തിക്കും.
വിദ്യാര്‍ഥി വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ സന്ദര്‍ശക (ബി1,ബി2) വിസ സ്ലോട്ടുകള്‍ ലഭ്യമാകും. ഓഗസ്റ്റ് അവസാനവാരമോ സെപ്റ്റംബര്‍ രണ്ടാം വാരമോ വിദ്യാര്‍ഥി വിസ നടപടികള്‍ പൂര്‍ത്തിയാകും. തൊട്ടുപിന്നാലെ സന്ദര്‍ശക വിസ നടപടികള്‍ തുടങ്ങും.
സെപ്റ്റംബറിലോ ഒക്‌ടോബറിലോ ആകുമിത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നവംബറിലാണ് നടക്കുക. അതിന് മുമ്പ് സന്ദര്‍ശക വിസ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.