ന്യൂഡല്‍ഹി : ഇന്ത്യ അസംതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ വീണ്ടും പ്രതികരണവുമായി അമേരിക്ക. കെജ്‌രിവാളിനെതിരെയുള്ള നടപടി സുതാര്യവും നിഷ്‌പക്ഷവുമാകണമെന്ന് യുഎസ് ആവര്‍ത്തിച്ചു. അറസ്റ്റിന് ശേഷമുള്ള സാഹചര്യം തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അമേരിക്കയുടെ നിലപാടിനെ ആരും എതിര്‍ക്കേണ്ട കാര്യമില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയെ കുറിച്ചും തങ്ങള്‍ക്ക് അറിയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ഫലപ്രദമായ രീതിയില്‍ പ്രചാരണം നടത്തുന്നതിന് തടസം സൃഷ്‌ടിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. ഇക്കാര്യത്തിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് സമയബന്ധിതമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും മില്ലർ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് രണ്ടാമത് പ്രതികരണം നടത്തിയ രാജ്യമാണ് അമേരിക്ക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നീതിയുക്തമായ നിയമ നടപടിയുണ്ടാകണമെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ഇതില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച ഇന്ത്യ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
യുഎസ് ആക്‌ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെയാണ് കഴിഞ്ഞ ദിവസം വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് അമേരിക്കയുടെ പ്രസ്‌താവന അനാവശ്യമാണെന്ന് ഇന്ത്യ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് അമേരിക്ക വീണ്ടും പ്രതികരിച്ചത്.
പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ വിളിച്ചു വരുത്തിയപ്പോഴും തങ്ങളുടെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അമേരിക്ക ചെയ്‌തത്. പരസ്യമായി പറഞ്ഞ കാര്യം തന്നെയാണ് വിഷയത്തില്‍ തങ്ങളുടെ അഭിപ്രായമെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നുമാണ് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞത്. ന്യായവും സുതാര്യവുമായ നിയമ നടപടികളെയാണ് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും കൂടിക്കാഴ്‌ചയില്‍ അദ്ദേഹം അറിയിച്ചു. ഏകദേശം 30 മിനിറ്റ് സമയമാണ് അമേരിക്കന്‍ നയതന്ത്രജ്ഞനുമായി ഇന്ത്യ കൂടിക്കാഴ്‌ച നടത്തിയത്.
വിഷയത്തില്‍ ആദ്യം പ്രതികരിച്ചത് ജര്‍മ്മനിയായിരുന്നു. മുഖ്യമന്ത്രിയുടെ അറസ്റ്റിനെതിരെയായിരുന്നു പ്രതികരണം. ഇതില്‍ അതൃപ്‌തി തോന്നിയ ഇന്ത്യ ജര്‍മ്മനിയെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിഷയത്തില്‍ ജര്‍മനി പ്രതികരിച്ചിട്ടില്ല.