വാഷിങ്ടണ്‍: ഇന്ത്യ തങ്ങളുടെ തന്ത്രപരമായ പങ്കാളിയെന്ന് അമേരിക്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. ഇന്ത്യയുമായി നിരന്തരം തങ്ങള്‍ ചര്‍ച്ചകള്‍ നടത്തി വരുന്നുവെന്നും അമേരിക്ക പറഞ്ഞു.
റഷ്യന്‍ ബന്ധത്തിലെ തങ്ങളുടെ ആശങ്കകള്‍ അടക്കം ഇന്ത്യയെ അറിയിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മില്ലര്‍. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്‌ടര്‍ ഒര്‍ബന്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്‌ച നടത്തിയത് പോലെയേ മോദിയുെട സന്ദര്‍ശനത്തെ തങ്ങള്‍ കാണുന്നുള്ളൂവെന്നും മില്ലര്‍ വ്യക്തമാക്കി.
റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങളോട് യുക്രൈന്‍ സംഘര്‍ഷത്തില്‍ ഒരു പ്രമേയം കൊണ്ടുവരണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഇന്ത്യയോടും ആവശ്യപ്പെടും. ഐക്യരാഷ്‌ട്രസഭയുടെ നിയമസംഹിതകളെ മാനിച്ച് കൊണ്ടും യുക്രൈന്‍റെ പരമാധികാരത്തെ മാനിച്ച് കൊണ്ടുമാകണം പ്രമേയമെന്നും മില്ലര്‍ പറഞ്ഞു.
മോദി എന്ത് ചര്‍ച്ചകളാണ് നടത്തിയതെന്ന് പരസ്യപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ് തങ്ങള്‍. ഇന്ത്യയെ തങ്ങളുടെ ആശങ്കകകള്‍ അറിയിക്കും. റഷ്യയുമായി ഇടപാടുകള്‍ നടക്കുന്ന ഏത് രാജ്യമായാലും അവര്‍ ഐക്യരാഷ്‌ട്രസഭ ചാര്‍ട്ടര്‍ അനുസരിക്കുന്നുവെന്ന് ഉറപ്പാക്കണം.
കഴിഞ്ഞ ദിവസം രാത്രി പുട്ടിന്‍ മോദിക്ക് സ്വന്തം ഔദ്യോഗിക വസതിയായ നോവോ-ഒഗാര്‍യോവോയില്‍ വിരുന്ന് നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുെട സന്ദര്‍ശനം തന്‍റെ രാജ്യത്തിന്‍റെ വികസനത്തിന് സഹായകമാകുമെന്ന പ്രതീക്ഷയും പുട്ടിന്‍ പങ്കുവച്ചു. രണ്ട് വര്‍ഷം മുമ്പ് റഷ്യ യുക്രൈന്‍ അധിനിവേശം നടത്തിയ ശേഷം ആദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്.
മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യൻ സന്ദർശനത്തിലെ പ്രധാന അജണ്ട. റഷ്യ - യുക്രൈൻ സംഘർഷം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ സന്ദർശനം എന്ന നിലയിൽ, അക്കാര്യമടക്കം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി മോദി ചർച്ച നടത്തും. ഇന്ന് ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും. ഇന്ന് മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം സമ്മാനിക്കും.
റഷ്യ യുക്രയിൻ സംഘർഷമടക്കമുള്ള ലോക കാര്യങ്ങളടക്കം ഉച്ചകോടിയിൽ ചർച്ചയാകും. ഇന്ത്യ - റഷ്യ വ്യാപാര സഹകരണം ശക്തമാക്കുന്നതിനുള്ള തീരുമാനവും ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനിടെ റഷ്യയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും.
ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകും. നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്. ഓസ്ട്രിയൻ പ്രസിഡന്‍റ്, ചാൻസലർ എന്നിവരുമായി ചർച്ച നടത്തുന്ന മോദി വിയന്നയിലും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി; വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്‌ച നടത്തും