ചിക്കാഗോ: മുഖത്തും മൂക്കിലും വസ്ത്രത്തിലും രക്തക്കറയുമായി അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ സഹായത്തിനായി കരയുന്ന ഇന്ത്യൻ വിദ്യാർഥിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അമേരിക്കയിലെ ചിക്കാഗോ നഗരത്തിലാണ് സംഭവം. ഫെബ്രുവരി 4 ന് രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ മാരകമായ ആക്രമണത്തിന് വിധേയനായ ഇന്ത്യൻ വിദ്യാർഥി സയ്യിദ് മസാഹിർ അലി തന്നെയാണ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
സയ്യിദ് മസാഹിർ അലിയെ മൂന്ന് പേർ പിന്തുടരുന്നത് വീഡിയോയില്‍ കാണാം. എക്സിൽ പോസ്റ്റ് ചെയ്ത ഒരു പ്രത്യേക വീഡിയോയിൽ, അലിയുടെ മൂക്കിലും മുഖത്തും രക്തക്കറയും വസ്ത്രത്തിൽ രക്തക്കറയും കാണാം. അലി തനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയാണ് അമേരിക്കയിൽ ആക്രമിക്കപ്പെട്ടത്. ചിക്കാഗോയിലെ ഇന്ത്യാന വെസ്ലിയൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അലി.
ഭക്ഷണം കഴിക്കാനായി വീടിന് സമീപത്തെ ഹോട്ടലിലേക്ക് പോകുന്നതിനിടെ മൂന്ന് പേർ പിന്തുടര്ന്ന് ആക്രമിക്കുകയും, ഫോൺ പിടിച്ചു വാങ്ങി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് അലി പറയുന്നത്. അലി അതി ക്രൂരമായി ആക്രമിച്ച ശേഷം പ്രതികള്‍ ഫോണും പണവും തട്ടിയെടുത്ത് ഓടിപ്പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Attack On Hyderabadi Youth In America). ഗുരുതരമായി പരിക്കേറ്റ അലി ആശുപത്രിയില്‍ ചികിത്സയിലാണ്.
ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് കേസ് അന്വേഷിക്കുന്ന പ്രാദേശിക ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആറ് മാസം മുമ്പാണ് അലി ഹൈദരാബാദിൽ നിന്ന് യുഎസിലേക്ക് മാറിയത്. അമേരിക്ക സ്വപ്ന രാജ്യമാണെന്നും സ്വപ്നങ്ങൾ നിറവേറ്റാനും മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കാനുമാണ് അമേരിക്കയില്‍ എത്തിയതെന്നും അലി ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.
ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം തുടരുന്നു: 2024 ജനുവരി മാസം മൂന്ന് ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. സിൻസിനാറ്റിയില്‍ ശ്രേയസ് റെഡ്ഡി, ഇന്ത്യാന സ്റ്റേറ്റില്‍ നീല്‍ ആചാര്യ, ജോർജിയയില്‍ വിവേക് സൈനി എന്നിവരാണ് ജനുവരി മാസം അമേരിക്കയില്‍ വിവിധ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്.