വാഷിങ്ടൺ: ഇസ്രയേലിന് 20 ബില്ല്യൺ ഡോളറിന്‍റെ ആയുധങ്ങൾ നൽകാൻ യുഎസ്. യുദ്ധവിമാനങ്ങളും അത്യാധുനിക എയർ ടു എയർ മിസൈലുകലുമുൾപ്പെടെയുള്ള 20 ബില്ല്യൺ ഡോളറിന്‍റെ ആയുധങ്ങൾ ഇസ്രയേലിന് വിൽപ്പന നടത്താന്‍ അംഗീകാരം നൽകിയതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്‍റ് അറിയിച്ചു. 50-ലധികം എഫ്-15 യുദ്ധവിമാനങ്ങൾ, അഡ്വാൻസ്‌ഡ് മീഡിയം റേഞ്ച് എയർ-ടു-എയർ മിസൈലുകൾ അല്ലെങ്കിൽ AMRAAM-കൾ, 120 എംഎം ടാങ്കിനുള്ള വെടിയുണ്ടകൾ, ടെക്‌നിക്കൽ വാഹനങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ കരാർ പ്രകാരം വില്‍പന നടത്തും.
ഇസ്രയേൽ ഉൾപ്പെട്ടേക്കുമോ മിഡിൽ ഈസ്‌റ്റ് യുദ്ധത്തിന് തുടക്കമിടുമോ എന്ന ആശങ്ക ഉയരുന്ന സമയത്താണ് ഈ വിവരം പുറത്ത് വരുന്നത്. ആയുധങ്ങൾ ഉടന്‍ തന്നെ കൈമാറുന്ന വിധമാണ് കരാർ എന്നാണ് വിവരം. നടപ്പാകാൻ വർഷങ്ങളെടുക്കുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ളത്.
“യുഎസ് ഇസ്രയേലിന്‍റെ സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമാണ്, ശക്തവും തയ്യാറായതുമായ സ്വയം പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും അത് നിലനിർത്തുന്നതിനും ഇസ്രയേലിനെ യുഎസ് സഹായിക്കേണ്ടത് രാജ്യത്തിന്‍റെ ദേശീയ താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. ഈ നിർദ്ദിഷ്‌ട വിൽപന ആ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്,” എന്ന് ആയുധ വിൽപന സംബന്ധിച്ച് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
20 ബില്യൺ ഡോളറിൻ്റെ കരാറില്‍ കൂടുതലും ജെറ്റുകളാണ്. ബോയിങ് നിർമ്മിക്കുന്ന പുതിയ 50 വിമാനങ്ങളുടെ വിൽപ്പന കൂടാതെ നിലവില്‍ ഇസ്രയേലിന്‍റെ പക്കലുള്ള രണ്ട് ഡസൺ എഫ്-15 യുദ്ധവിമാനങ്ങൾക്കുള്ള പുതിയ എഞ്ചിനുകളും റഡാറുകളും അടക്കമുള്ള നവീകരണ കിറ്റുകളും കരാറില്‍ ഉൾപ്പെടുന്നുണ്ട്. 2029-ൽ ആദ്യ ഡെലിവറി നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
ഗാസയിലെ സിവിലിയൻ മരണങ്ങൾ കൂടുന്ന സാഹചര്യത്തില്‍ സൈനിക പിന്തുണ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസിനുമേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും ഇസ്രായേലിനുള്ള പിന്തുണ തുടരുകയാണ് ബൈഡൺ ഭരണകൂടം. ഗാസയിലെ ജനസാന്ദ്രതയുള്ള സിവിലിയൻ പ്രദേശങ്ങളിൽ ഇസ്രായേലിന്‍റെ തുടർച്ചയായ വ്യോമാക്രമണങ്ങൾ കണക്കിലെടുത്ത് 2,000 പൗണ്ട് ആയുധങ്ങൾ നല്‍കാനുളള നീക്കത്തില്‍ നിന്ന് യുഎസ് നേരത്തെ പിന്മാറിയിരുന്നു.