അബുദാബി: ഇസ്രയേലിന്‍റെ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലേക്ക് മാനുഷിക സഹായം ലഭ്യമാക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനും അമേരിക്കൻ നിയർ ഈസ്‌റ്റ് റെഫ്യൂജി എയിഡുമായി (അനേര) സഹകരിച്ച് യുഎഇ. 400 ടൺ ഭക്ഷണം സൈപ്രസിലെ ലാർനാക്ക വഴി അഷ്‌ഡോദ് തുറമുഖത്തെത്തിച്ച് ട്രക്കുകളിൽ ഇന്ന് ഗാസയിലേക്ക് പോകും. ദാരുണമായ മാനുഷിക സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുന്ന ഗാസ മുനമ്പിലെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിന് അന്താരാഷ്‌ട്ര സമൂഹത്തിലെ എല്ലാ പങ്കാളികളുമായും സഹകരിക്കാൻ യുഎഇ ആഗ്രഹിക്കുന്നതായി അന്താരാഷ്‌ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.
ഗാസയിലെ ജനങ്ങള്‍ക്കായി ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുന്നതിന് യുഎഇ ഗവൺമെന്‍റുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അനേരയും പ്രസ്‌താവിച്ചു. നിരവധി സഹായം വരും ദിവസങ്ങളില്‍ എത്തിക്കുമെന്നും അനേര സിഇഒയും പ്രസിഡന്‍റുമായ സീൻ കരോൾ പ്രഖ്യാപിച്ചു.
250 വിമാനങ്ങൾ, 38 എയർഡ്രോപ്പുകൾ, 1,160 ട്രക്കുകൾ, മൂന്ന് കപ്പലുകൾ എന്നിവയിലൂടെ മെഡിക്കൽ ഉപകരണങ്ങളടക്കം 31,000 ടണ്ണിലധികം അടിയന്തര സഹായങ്ങൾ ഇതുവരെ യുഎഇ ഗാസയില്‍ എത്തിച്ചിട്ടുണ്ട്.
ഗാസയില്‍ പരിക്കേറ്റവര്‍ക്ക് കൃത്രിമ അവയവങ്ങള്‍ ഘടിപ്പിച്ച് യുഎഇ ഫീൽഡ് ഹോസ്‌പിറ്റൽ
അബുദാബി : ഗാസ മുനമ്പിൽ നടന്ന ആക്രമണങ്ങളില്‍ കൈകാലുകൾ നഷ്‌ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും കൃത്രിമ അവയവങ്ങള്‍ ഘടിപ്പിക്കുന്ന പ്രക്രിയയില്‍ വ്യാപൃതരാണ് ഗാസയിലെ യുഎഇ ഫീൽഡ് ഹോസ്‌പിറ്റൽ. പരിക്കേറ്റവർക്ക് പല ഘട്ടങ്ങളിലായി 61 കൃത്രിമ അവയവങ്ങള്‍ എത്തിക്കുമെന്ന് ആശുപത്രി അറിയിച്ചു. ഓരോ ഘട്ടത്തിലും പരിക്കേറ്റ 10 പേർക്ക് 'പ്രോസ്‌തെറ്റിക്‌സ്' ഘടിപ്പിക്കും.
കഴിഞ്ഞ ഡിസംബറിലാണ് ഗാസയില്‍ യുഎഇ ഫീൽഡ് ഹോസ്‌പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 200 കിടക്കകളുടെ ശേഷിക്കൊപ്പം, 73 പുരുഷന്മാര്‍, 25 സ്‌ത്രീകള്‍ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ള 98 വോളണ്ടിയർമാരുടെ മെഡിക്കൽ സ്‌റ്റാഫും ഉൾപ്പെടുന്നതാണ് ആശുപത്രി. വലുതും ചെറുതുമായ 1,517 ശസ്‌ത്രക്രിയകൾ ആശുപത്രി ഇതുവരെ നടത്തി. കഴിഞ്ഞ മാസങ്ങളിൽ 18,000-ലധികം പേരെ ആശുപത്രിയില്‍ ചികിത്സിച്ചു.