പാപ്പുവ ന്യൂഗിനിയ : ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി മരണം. ഏങ്ക പ്രവിശ്യയിലെ വാപെനമണ്ട ജില്ലയിൽ ഞായറാഴ്‌ച പുലർച്ചെയാണ് സംഘര്‍ഷം ഉടലെടുത്തത്. ആംബുലിൻ, സിക്കിൻ ഗോത്രങ്ങളും അവരുടെ സഖ്യകക്ഷികളുമാണ് ഏറ്റുമുട്ടിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്‌തു. എകെ47,എം4 റൈഫിള്‍ തുടങ്ങിയ നൂതന ആയുധങ്ങളുപയോഗിച്ചാണ് സംഘം ഏറ്റുമുട്ടിയത് എന്നാണ് റിപ്പോര്‍ട്ട്.
"പാപ്പുവ ന്യൂ ഗിനിയയില്‍ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നരഹത്യയാണിത്" - മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജോർജ് കാകാസ് പറഞ്ഞു. ഇതുവരെ 54 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സംഘര്‍ഷത്തിനിടെ മുറിവേറ്റ ചിലര്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതോടെ മരണ സംഖ്യ ഉയര്‍ന്നേക്കും.
സംഘര്‍ഷം നടന്ന പ്രദേശത്തെ റോഡുകളിൽ നിന്നും നദിക്കരയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങൾ പൊലീസ് ട്രക്കുകളിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയെന്ന് കാകാസ് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരെയും കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയവരെയും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. മരണ സംഖ്യ 60, 65 ആയി ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. കഴിഞ്ഞ വര്‍ഷം ഇതേ ഗോത്രങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏങ്ക പ്രവിശ്യയിൽ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു എന്നും കാകാസ് പറഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടിയെടുക്കാനും ദുരിതബാധിത പ്രദേശങ്ങളില്‍ കൂടുതൽ സൈനികരെ വിന്യസിക്കാനും പ്രതിപക്ഷം പ്രധാനമന്ത്രി ജെയിംസ് മാരയോട് ആവശ്യപ്പെട്ടു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാനും പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഗോത്രങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുക്കാന്‍ സാധ്യതയുള്ള വിവരം നേരത്തെ ലഭിച്ചിരുന്നുവെന്നും അത് ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നുമാണ് ഏങ്ക ഗവര്‍ണര്‍ പീറ്റർ ഇപാറ്റാസ് പറഞ്ഞത്. ദക്ഷിണ പസഫിക്കിന്‍റെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് പാപ്പുവ ന്യൂ ഗിനിയ. 10 ദശലക്ഷം ആളുകള്‍ താമസിക്കുന്ന രാജ്യത്ത് 800 വിവിധ ഭാഷകളുണ്ട്. ചൈനയും അമേരിക്കയും ഓസ്‌ട്രേലിയയും ഒരുപോലെ സുരക്ഷാബന്ധങ്ങൾ തേടുന്ന രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ വെല്ലുവിളിയായി തുടരുകയാണ്.
ഓസ്‌ട്രേലിയയുടെ ഏറ്റവും അടുത്ത അയൽരാജ്യവും തങ്ങളുടെ വിദേശ സഹായം ഏറ്റവും കൂടുതൽ സ്വീകരിക്കുന്നതുമായ പാപ്പുവ ന്യൂ ഗിനിയയെ സഹായിക്കാൻ തങ്ങളുടെ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് അറിയിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തയാണ് പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് പുറത്തുവന്നതെന്ന് തിങ്കളാഴ്ച(19-02-2024) ഒരു റേഡിയോ അഭിമുഖത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പാപ്പുവ ന്യൂ ഗിനിയയക്ക് പൊലീസ് ഓഫീസർമാരുടെ പരിശീലനം, സുരക്ഷാ സേവനം തുടങ്ങിയ സഹായങ്ങള്‍ ഓസ്‌ട്രേലിയ നല്‍കി വരുന്നുണ്ട്.
2022ലെ തെരഞ്ഞെടുപ്പിന് ശേഷം ഏങ്ക മേഖലയിൽ ഗോത്രവർഗക്കാര്‍ തമ്മിലുള്ള അക്രമം രൂക്ഷമായി തുടരുകയാണ്. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളും നടപടിക്രമങ്ങളിലെ അപാകതകളുടെയും പേരില്‍ രാജ്യത്ത് അടിക്കടി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
രാജ്യത്ത് ഉണ്ടായിരിക്കുന്ന അക്രമ സംഭവങ്ങളുടെ പ്രത്യാഘാതങ്ങള്‍ തടയുന്നതിനും അവയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും അന്താരാഷ്ട്ര ശ്രദ്ധയും പിന്തുണയും ആവശ്യമാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.