ന്യൂഡല്‍ഹി: ലോക ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ 143രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126 -ാമത്. ഗാലപ്, ഓക്‌സ്‌ഫോര്‍ഡ് വെല്‍ബീയിങ്ങ് ഗവേഷണ കേന്ദ്രം, ഐക്യരാഷ്‌ട്രസഭ സുസ്ഥിര വികസന സൊല്യൂഷന്‍ നെറ്റ്‌വര്‍ക്ക്, ലോക ഹാപ്പിനെസ് റിപ്പോര്‍ട്ട് പത്രാധിപ സമിതി എന്നിവ ചേര്‍ന്നാണ് ലോക ഹാപ്പിനെസ് റിപ്പോര്‍ട്ട് തയാറാക്കുന്നത്(Explained: What Makes Indians Happy).
ഫിന്‍ലന്‍ഡ് തന്നെയാണ് പട്ടികയില്‍ ഇക്കുറിയും ഒന്നാമത്. ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വീഡന്‍, അടക്കമുള്ള അഞ്ച് നോര്‍മാഡിക് രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നേപ്പാളിനും പാകിസ്ഥാനും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. നേപ്പാളിന്‍റെ സ്ഥാനം 93 -ാമതും പാകിസ്ഥാന്‍റേത് 108 -ാമതുമാണ്. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്നിലായി യഥാക്രമം 128, 129 സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. ലോകത്തെ ഏറ്റവും അസന്തുഷ്‌ടമായ രാജ്യം അഫ്‌ഗാനിസ്ഥാനെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിലെ മൊത്ത ദേശീയ സന്തോഷ സൂചിക പട്ടികയില്‍ ഭൂട്ടാനും മാലിദ്വീപും ഇടം പിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എന്ത് കൊണ്ടാണ് ഇന്ത്യ പട്ടികയില്‍ ഇത്രയും പിന്നിലായത്? ഇന്ത്യാക്കാരെ എന്താണ് സന്തുഷ്‌ടരും അസന്തുഷ്‌ടരുമാക്കുന്നത്.? ലോക ഹാപ്പിനെസ് റിപ്പോര്‍ട്ട് 2024ലെ ഒരു അധ്യായത്തില്‍ ഇതിനുള്ള കാരണങ്ങള്‍ വിശദമാക്കുന്നുണ്ട്.
പ്രായമേറിയ മുതിര്‍ന്ന ഇന്ത്യക്കാരുടെ ജീവിത സംതൃപ്‌തിയിലെ വ്യത്യാസങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ അധ്യായത്തില്‍ ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമായ ഇന്ത്യയില്‍ പ്രായമായവരുടെ സംഖ്യ വന്‍തോതില്‍ വര്‍ദ്ധിക്കുന്നു, അത് കൊണ്ട് തന്നെ സന്തോഷത്തിനും വാര്‍ധക്യമേറുന്നു. സ്‌ത്രീകളെക്കാള്‍ പ്രായമേറിയ പുരുഷന്‍മാരാണ് രാജ്യത്തുള്ളതെന്നതും ഇതിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രായമാകുന്തോറും ഉയര്‍ന്ന ജീവിത സംതൃപ്‌തിയെന്നത് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ കാര്യത്തില്‍ ഇത് സംഭവിക്കുന്നില്ല. രാജ്യത്തെ പ്രായമായ സ്‌ത്രീകള്‍ക്ക് പ്രായമായ പുരുഷന്‍മാരെക്കാള്‍ ജീവിത സംതൃപ്‌തി കുറവാണ്. ഉന്നത വിദ്യാഭ്യാസമുള്ള സാമൂഹ്യശ്രേണിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രായമായവര്‍ വിദ്യാഭ്യാസമില്ലാത്ത പിന്നാക്ക വിഭാഗത്തിലുള്ള അതേ പ്രായത്തിലുള്ളവരെക്കാള്‍ സംതൃപ്‌തരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജീവിത സാഹചര്യങ്ങള്‍, വേര്‍തിരിവുകള്‍, സ്വന്തം ആരോഗ്യനിലവാരം തുടങ്ങിയവ ജീവിത സംതൃപ്‌തിയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളാണ്.
ലോകത്തെ ഏറ്റവും വലിയ, രണ്ടാമത്തെ പ്രായമായ ജനവിഭാഗം ഉള്ളത് ഇന്ത്യയിലാണ്. രാജ്യത്തെ 1400 ലക്ഷം ഇന്ത്യക്കാര്‍ അറുപതിനും അതിന് മുകളിലും പ്രായമുള്ളവരാണ്. ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. അവരുടെ വൃദ്ധസമൂഹത്തിന്‍റെ എണ്ണം 2500 ലക്ഷമാണ്. രാജ്യത്തെ വൃദ്ധ ജനതയുടെ വളര്‍ച്ചാനിരക്ക് മൊത്തം ജനസംഖ്യാവളര്‍ച്ചയുടെ മൂന്നിരട്ടി വേഗത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ അറുപതിന് മുകളില്‍ പ്രായമുള്ളവരുടെ ഇടയില്‍ നടത്തിയ 24 പഠനങ്ങളില്‍ പ്രായം, ലിംഗം, സാമൂഹ്യ ബന്ധങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍, ജീവിത രീതികള്‍, വിദ്യാഭ്യാസം, വരുമാനം, ജാതി, മതം, ആരോഗ്യശീലങ്ങള്‍, ആരോഗ്യസ്ഥിതി, ആരോഗ്യപരിരക്ഷ എന്നിവ പില്‍ക്കാല ജീവിത സന്തോഷത്തെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മോശം കുട്ടിക്കാലം, സാമ്പത്തിക സ്ഥിതി, സാമൂഹ്യ പിന്തുണയില്ലാത്ത ജീവിതം, ശാരീരിക വൈഷമ്യങ്ങള്‍, ഒറ്റപ്പെടല്‍ തുടങ്ങിയവയും താഴ്‌ന്ന ജീവിത സംതൃപ്‌തിക്ക് കാരണമാകുന്നു.
അത് പോലെ തന്നെ രാജ്യത്തെ വൃദ്ധജനതയുടെ ഇടയിലെ വിദ്യാഭ്യാസ നിലവാരവും ജീവിത സംതൃപ്‌തിയും തമ്മിൽ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രായമായ ഇന്ത്യക്കാരില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ ഇതേ പ്രായത്തിലുള്ള ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംതൃപ്‌തരാണ്.
നിരവധി, സാമൂഹ്യ, ആരോഗ്യ, ജനസംഖ്യാ ഘടകങ്ങളും പ്രായമായവരിലെ ജീവിത സംതൃപ്‌തിയെ സ്വാധീനിക്കുന്നു. വിദ്യാഭ്യാസമുള്ളവരുടെ ജീവിത നിലവാരം താരതമ്യേന മെച്ചപ്പെട്ടതായിരിക്കും. ഇവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടായിരിക്കാനെങ്കിലും സാധ്യതയുണ്ട്. ഇതിലൂടെ മികച്ച ശീലങ്ങളും, നൈപുണ്യങ്ങളും വിഭവങ്ങളും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള കഴിവും ഇവരില്‍ ഉണ്ടാക്കിയിട്ടുണ്ടാകാം. ഇത് ആത്യന്തികമായി ജീവിത സംതൃപ്‌തി നല്‍കുന്നു. അങ്ങനെ വിദ്യാഭ്യാസത്തിന് ജീവിത സംതൃപ്‌തിക്ക് നല്ല സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നു. ഇക്കാര്യങ്ങള്‍ നേരത്തെയുള്ള പല പഠനങ്ങളിലും കണ്ടെത്തിയിട്ടുമുണ്ട്.
വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് ആരോഗ്യ പരിരക്ഷ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങളും കുറവായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് പലപ്പോഴും ശാരീരിക മാനസിക അസുഖങ്ങളും കൂടാം. ഇത് ജീവിത സംതൃപ്‌തിയെ മോശമായി ബാധിക്കാം.
വിദ്യാഭ്യാസം കുറഞ്ഞവരില്‍ വിഷാദരോഗം പോലുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
അതുപോലെ തന്നെ ജാതിയും ജീവിത സംതൃപ്‌തിയും തമ്മിലും ബന്ധപ്പെട്ടിരിക്കുന്നു. ജാതിയാണ് പലപ്പോഴും പലതും നേടാനും നേടാതിരിക്കാനുമുള്ള കാരണം. അറിവ്, അധികാരം, മുഖ്യധാര സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയ്ക്ക് പലപ്പോഴും ജാതി ഒരു മാനദണ്ഡമാകാറുണ്ട്.
ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് പലപ്പോഴും പലതും ലഭ്യമാകുന്നു. അവരുടെ പില്‍ക്കാല ജീവിത സംതൃപ്‌തിക്ക് അത് കാരണമാകുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രായമായ പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ജീവിത സംതൃപ്‌തിയും ഇതര ജാതി മതത്തിലുള്ളവരുടെ ജീവിത സംതൃപ്‌തിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം സമൂഹത്തിലുണ്ടായ വിദ്യാഭ്യാസപുരോഗതിയടക്കമുള്ളവയുടെ ഫലമായി ഇവയില്‍ പില്‍ക്കാലത്ത് മാറ്റമുണ്ടായിട്ടുണ്ട്.
Also Read: അതിഥികൾക്ക് ജയമൊരുക്കുന്ന തിരുവനന്തപുരം; ജില്ലയ്‌ക്ക് പുറത്തുള്ളവര്‍ എംപിമാരായത് 8 തവണ
പ്രായമുള്ള വിവാഹിതരായ, ഉയര്‍ന്ന വിദ്യാഭ്യാസനിലവാരമുള്ള പുരുഷന്‍മാര്‍ ഉയര്‍ന്ന ജീവിത സംതൃപ്‌തി പുലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുക വഴി ജീവിത സംതൃപ്‌തി നേടാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രായമായവര്‍ക്കും, പുരുഷന്‍മാര്‍ക്കും വിധവകള്‍ക്കും വിദ്യാഭ്യാസമില്ലാത്തവര്‍ക്കും സാമൂഹ്യ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ മികച്ച ജീവിത സംതൃപ്‌തി കൈവരിക്കാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിവേചനം കുറയ്ക്കുന്നതും പ്രായമാകുമ്പോള്‍ മികച്ച ജീവിതം സാധ്യമാക്കുന്നു.