ന്യൂയോർക്ക്: ഡീപ് ഫേക്കില്‍ കുരുങ്ങി പ്രശസ്‌ത ഗായിക ടെയ്‌ലര്‍ സ്വിഫ്‌റ്റും. എഐ ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്ത സ്വിഫ്റ്റിൻ്റെ അശ്ലീല ഡീപ് ഫേക്ക് ചിത്രങ്ങൾ ഓൺലൈനിൽ വൈറലാകുകയാണ്. അശ്ലീല വെബ്‌സൈറ്റുകളിലും ബ്ലോഗുകളിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട് (Deepfake Explicit Images of Taylor Swift Spread on Social Media Sparks Outrage ).
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ ചിത്രങ്ങള്‍ ആദ്യം പങ്കുവയ്‌ക്കപ്പെട്ടത്. പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ടെയ്‌ലര്‍ സ്വിഫ്റ്റിന്‍റെ ആരാധക വൃന്ദമായ 'സ്വിഫ്‌റ്റീസ്' പ്രതിഷേധവുമായി രംഗത്തെത്തി. ടെയ്‌ലറിന് അനുകൂലമായി #ProtectTaylorSwift ഹാഷ്‌ടാഗ് ക്യാമ്പയിനും ഇവര്‍ തുടക്കമിട്ടു. അശ്ലീല ചിത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ക്യാമ്പയിനും നടക്കുന്നുണ്ട്. ഇതോടൊപ്പം സ്വിഫ്റ്റിന്‍റെ പോസിറ്റീവ് ചിത്രങ്ങള്‍ ധാരാളമായി പോസ്‌റ്റ് ചെയ്യാനും ആരാധകര്‍ ആഹ്വാനം ചെയ്യുന്നു.
എക്‌സില്‍ സ്വിഫ്റ്റിന്‍റെ അശ്ലീല ചിത്രങ്ങളുടെ ഒരു പ്രളയം തന്നെയുണ്ടെന്ന് ഡീപ്ഫേക്ക് കണ്ടെത്തുന്നതില്‍ വിദഗ്‌ധരായവരുടെ സംഘമായ 'ഗ്രൂപ്പ് റിയാലിറ്റി ഡിഫെൻഡർ' വ്യക്‌തമാക്കി. പിന്നീട് ഇവയില്‍ ചിലത് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും ഷെയര്‍ ചെയ്യപ്പെട്ടു. പലതും നീക്കം ചെയ്യപ്പെടുമ്പോഴേക്കും ദശലക്ഷക്കണക്കിന് ഉപയോക്താക്കളിലേക്ക് എത്തിക്കഴിഞ്ഞതായും റിയാലിറ്റി ഡിഫൻഡർ ചൂണ്ടിക്കാട്ടി.
Also Read: ഡീപ്ഫേക്ക് വിനോദം അപകടം; പരസ്‌പര വിശ്വാസത്തോടെയുള്ള ആശയവിനിമയമാണ് വേണ്ടത്: സാറ ടെണ്ടുല്‍കര്‍
ഡീപ്ഫേക്ക് ചിത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ എളുപ്പത്തില്‍ ലഭിക്കുന്നതും, ഉപയോഗിക്കാൻ എളുപ്പമുള്ളതുമായതിനാല്‍ ഇവയുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചു വരുന്നതായി ഗവേഷകർ പറഞ്ഞു. 2019-ൽ, AI സ്ഥാപനമായ ഡീപ് ട്രേസ് ലാബ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഈ ചിത്രങ്ങൾ സ്ത്രീകൾക്കെതിരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ ഇരകളാക്കപ്പെടുന്നത് മിക്കപ്പോഴും ഹോളിവുഡ് അഭിനേത്രികളും ദക്ഷിണ കൊറിയൻ കെ-പോപ്പ് ഗായകരുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സംഭവത്തില്‍ പ്രതികരിച്ച എക്‌സ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സമ്മതമില്ലാതെ എടുത്ത നഗ്നചിത്രങ്ങൾ പങ്കിടുന്നത് കർശനമായി നിരോധിച്ചിരുക്കുന്നതായി വ്യക്‌തമാക്കി. "ഞങ്ങളുടെ ടീമുകൾ തിരിച്ചറിഞ്ഞതായ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുന്നതില്‍ സജീവമാണ്. അവ പോസ്രറ്റ് ചെയ്‌ത അക്കൗണ്ടുകൾക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു. കൂടുതൽ ലംഘനങ്ങൾ ഉടനടി കൈകാര്യം ചെയ്യപ്പെടും. ഉള്ളടക്കം നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്." ഒരു എക്‌സ് പോസ്‌റ്റില്‍ കമ്പനി വിശദീകരിച്ചു.
മെറ്റയും സംഭവത്തില്‍ വിശദീകരണം പുറത്തിറക്കി. ഇതിനെ ശക്‌തമായി അപലപിക്കുന്നതായും ഇത്തരം ലംഘനങ്ങള്‍ കണ്ടെത്താന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ കര്‍ശന നിരീക്ഷണം തുടരുന്നതായും മെറ്റ അറിയിച്ചു.
Also Read: രശ്‌മികയ്ക്കു പിന്നാലെ ഡീപ്‌ഫേക്കിൽ കുരുങ്ങി കാജോളും ; വസ്‌ത്രം മാറുന്ന വീഡിയോ വൈറൽ
ഉപയോക്‌താവ് നല്‍കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ചിത്രങ്ങള്‍ നല്‍കുന്ന നിരവധി എഐ പ്ലാറ്റ്‌ഫോ മുകള്‍ നിലവിലുണ്ട്. സ്‌റ്റേബിൾ ഡിഫ്യൂഷൻ, മിഡ്‌ജേർണി, ഓപ്പൺ എഐയുടെ ഡാൾ-ഇ എന്നിവയാണ് ഇവയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.