വാഷിങ്‌ടൺ: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ എത്താന്‍ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ. ഒരു മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് തീരുമാനം. ഇവരെ തിരികെ എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണെന്നും നാസ വ്യക്തമാക്കി.
എട്ട് ദിവസത്തെ പരീക്ഷണ യാത്രയ്‌ക്ക് സ്റ്റാർലൈനറിന്‍റെ പേടകത്തില്‍ ബഹിരാകശത്തേക്ക് പുറപ്പെട്ടതാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും. തുടര്‍ന്ന് ഇവര്‍ യാത്ര പുറപ്പെട്ട സ്റ്റാർലൈനര്‍ പേടകത്തില്‍ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്‌നങ്ങളും കണ്ടെത്തി. ഇത് ബഹിരാകാശ സഞ്ചാരികളുടെ തിരിച്ചുവരവിന് തടസമാവുകയായിരുന്നു.
സ്റ്റാർലൈനറിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവരെയും എത്രയും പെട്ടെന്ന് തിരിച്ച് എത്തിക്കാനുളള സാധ്യതയാണ് ആദ്യം നാസ പരിശോധിച്ചത്. എന്നാല്‍, സ്റ്റാർലൈനറിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇരുവരെയും നാട്ടിലെത്തിക്കാന്‍ ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സിന്‍റെ പേടകത്തെ ആശ്രയിച്ചിരിക്കുകയാണ് നാസ. സ്‌പേസ് എക്‌സ് പേടകത്തിനായി 2025 വരെ ബഹിരാകാശ സഞ്ചാരികള്‍ക്ക് കാത്തിരിക്കേണ്ടി വരും.
NASA will return @BoeingSpace's #Starliner to Earth without @NASA_Astronauts Butch Wilmore and Suni Williams aboard the spacecraft.
— NASA Commercial Crew (@Commercial_Crew) August 24, 2024
The uncrewed return allows NASA and Boeing to continue gathering testing data on Starliner during its upcoming flight home, while also not… pic.twitter.com/wkXX0qQXkq
ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ ഇത് തികച്ചും ശരിയായ തീരുമാനമാണെന്ന് ബഹിരാകാശ സഞ്ചാരികളെ സ്പേസ് എക്‌സിന്‍റെ പേടകത്തില്‍ തിരിച്ചെത്തിക്കാനുളള തീരുമാനത്തെ കുറിച്ച് നാസയുടെ അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്റർ ജിം ഫ്രീ പറഞ്ഞു. നാസ ശരിയായ തെരഞ്ഞെടുപ്പ് നടത്തിയെന്ന് എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫൻസ് എഞ്ചിനീയർ ജാൻ ഓസ്ബർഗും പറഞ്ഞു.
തീരുമാനം അറിയിക്കുന്നതിനായി നാസ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബോയിങ് പങ്കെടുത്തില്ല. എന്നാല്‍, ബോയിങ് ക്രൂവിൻ്റെയും ബഹിരാകാശ പേടകത്തിൻ്റെയും സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നു എന്ന് വാര്‍ത്താക്കുറിപ്പിലൂടെ കമ്പനി അറിയിച്ചു.
പലതവണ സ്റ്റാർലൈനറിന്‍റെ വിക്ഷേപണ ശ്രമങ്ങള്‍ സാങ്കേതിക തകരാറുകള്‍ കാരണം മുടങ്ങിയിരുന്നു. തുടര്‍ന്ന് ജൂണിലാണ് പേടകം യാത്ര തിരിച്ചത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്.
ഈ ദൗത്യത്തിന് മുമ്പ് 2019ൽ ക്രൂവില്ലാതെ നടത്തിയ ആദ്യത്തെ പരീക്ഷണ പറക്കൽ മോശം സോഫ്‌റ്റ്‌വെയർ കാരണം ഫൗൾ ചെയ്‌തു. 2022ൽ പരീക്ഷണത്തിന് തയ്യാറെടുത്തപ്പോള്‍ പാരച്യൂട്ടും ക്യാപ്‌സ്യൂളിൻ്റെ പ്രൊപ്പല്ലൻ്റ് സിസ്റ്റത്തിലെ ഹീലിയം ചോർച്ച ഉൾപ്പെടെ മറ്റ് പ്രശ്‌നങ്ങളും ഉയർന്നു വന്നു. എന്നാല്‍ ചോർച്ച ഒറ്റപ്പെട്ടതാണെന്നും ആശങ്കപ്പെടാന്‍ മാത്രം വലുതല്ലെന്നും വിലയിരുത്തി. എന്നാൽ ലിഫ്റ്റോഫിന് ശേഷം കൂടുതൽ ചോർച്ചകൾ ഉണ്ടാവുകയും അഞ്ച് ത്രസ്റ്ററുകളും പരാജയപ്പെടുകയായിരുന്നു.
ഇന്ത്യൻ വംശജയായ സുനിത വില്യംസിന്‍റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. വില്യംസിന്‍റെ ആദ്യയാത്ര 2006ല്‍ ആയിരുന്നു. രണ്ടാമത്തെ ബഹിരാകാശ യാത്ര 2012ലും. ഒരു വര്‍ഷത്തോളം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. അമേരിക്കൻ നേവിയിലെ മുൻ ക്യാപ്റ്റനായ ബുഷ് വിൽമോർ 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.
Also Read: ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയായി ഗോപി തോട്ടക്കുറ; ബ്ലൂ ഒറിജിന്‍ ദൗത്യം പറന്നുയർന്നു