കൊളംബോ: ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് സുരക്ഷ ശക്തമാക്കി. വിദേശസഞ്ചാരികള്‍ക്ക് -പ്രത്യേകിച്ച് ഇസ്രയേലികള്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഇസ്രയേലികള്‍ക്ക് നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വക്താവ് ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ നിഹാല്‍ താല്‍ദുവ പറഞ്ഞു. അരുഗം ബേ, പൊത്തുവില്‍ മേഖലകളിലാണ് സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അരുഗം ബേ സന്ദര്‍ശക മേഖലയില്‍ 500 പൊലീസ് ഉദ്യോഗസ്ഥരെയും പ്രത്യേക കര്‍മ്മസേനയിലെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഗാസയിലെയും ലെബനനിലെയും യുദ്ധങ്ങളെ രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ അപലപിക്കുന്നുണ്ട്. ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ഇവര്‍ സംഘടിപ്പിക്കുന്നു.
ഇസ്രയേലികളെ ബഹിഷ്ക്കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ആഹ്വാനങ്ങളുണ്ട്. കൊളംബോയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ, യാത്ര ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അരുഗം ബേ ലക്ഷ്യമിട്ട് ചില ആക്രമണ പദ്ധതികള്‍ക്ക് ആസൂത്രണമുള്ളതായി വിശ്വസനീയ വിവരം കിട്ടിയതായി അമേരിക്കന്‍ സ്ഥാനപതി കാര്യാലയം പറയുന്നു. അമേരിക്കന്‍ പൗരന്‍മാര്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അരുഗം ബേ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശമുണ്ട്.
റഷ്യയും തങ്ങളുടെ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇന്‍റലിജന്‍സ് ഏജന്‍സികളുമായി ചേര്‍ന്ന് പൊലീസ് നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശമുണ്ട്. സംശയാസ്‌പദമായ എന്തെങ്കിലും നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കാനായി സന്ദര്‍ശകര്‍ക്കായി ഒരു ഹോട്ട്‌ലൈന്‍ സംവിധാനം ആവിഷ്ക്കരിക്കണമെന്നും നിര്‍ദേശമുണ്ട്.