യുക്രെയ്ൻ : റഷ്യ-യുക്രെയ്ൻ സംഘർഷം രൂക്ഷമായിരിക്കെ റഷ്യ നടത്തുന്ന മിസൈൽ ആക്രമണം യുഎസ് നല്‍കിയ അതിനൂതന എഫ് 16 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചാണ് യുക്രെയ്ൻ ചെറുക്കുന്നത്. എന്നാല്‍ വ്യാഴാഴ്‌ച നടന്ന ആക്രമണത്തിൽ ഒരു എഫ് 16 വിമാനവും പൈലറ്റും കൊല്ലപ്പെട്ടതായി യുക്രെയ്‌ൻ ഔദ്യോഗികമായി അറിയിച്ചിരുന്നു. യുദ്ധക്കളത്തില്‍ എതിരാളികളില്ലാത്ത അമേരിക്കയുടെ എഫ് 16 തകര്‍ന്നത് ഇതിനോടകം ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
യുക്രെയ്‌നിന് ഇതുവരെ ആറ് എഫ് 16 വിമാനങ്ങള്‍ മാത്രമേ അമേരിക്കയിൽ നിന്ന് ലഭിച്ചിട്ടുള്ളൂ. കുറഞ്ഞത് 100 എണ്ണമെങ്കിലും വേണമെന്ന് യുക്രെയ്‌ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ പ്രദേശങ്ങൾക്കുള്ളിലെ മിസൈൽ സൈറ്റുകൾ ആക്രമിക്കാൻ യുക്രേനിയൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലെൻസ്‌കി പാശ്ചാത്യ രാജ്യങ്ങളോട് അനുമതി തേടിയിട്ടുണ്ട്.
ലോകത്തിലെതന്നെ ഏറ്റവും അത്യാധുനിക യുദ്ധവിമാനമായ എഫ് 16 കൈകാര്യം ചെയ്യാൻ കഴിവുള്ള ഏതാനും പൈലറ്റുമാർ മാത്രമേ യുക്രെയ്‌നിനുള്ളൂ എന്നതാണ് രാജ്യത്തിന്‍റെ പോരായ്‌മയായി വിലയിരുത്തപ്പെടുന്നത്. വിമാനം റഷ്യ ലക്ഷ്യമിട്ടതാണോ പൈലറ്റിന്‍റെ പിഴവ് മൂലം തകരാർ സംഭവിച്ചതാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
എഫ് 16 എയർക്രാഫ്റ്റിന്‍റെ പ്രത്യേകത: 1974-ൽ ആണ് എഫ് 16 വിമാനം ആദ്യമായി യുഎസ് എയർഫോഴ്‌സില്‍ ചേരുന്നത്. കാലാകാലങ്ങളിൽ വിമാനത്തില്‍ വരുത്തുന്ന മെച്ചപ്പെടുത്തലുകളാണ് എഫ് 16-നെ ഇന്നും ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നതിന്‍റെ കാരണം. വിമാനത്തിന്‍റെ ബാഹ്യ രൂപത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും, സാങ്കേതിക വിദ്യയിലും സവിശേഷതകളിലും എഫ് 16 ഇപ്പോഴും മുൻപന്തിയിലാണ്.
യുദ്ധഭൂമിയിൽ നിന്ന് പഠിക്കുന്ന പാഠങ്ങളുടെ അടിസ്ഥാനത്തിലാണ് പതിറ്റാണ്ടുകളായി വിമാനം നവീകരിക്കപ്പെടുന്നത്. വിവിധ ലോക രാജ്യങ്ങൾ യുദ്ധവിമാനങ്ങൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും യുദ്ധക്കളത്തില്‍ ദീർഘനേരം പറക്കാനുള്ള കഴിവ് എഫ് 16-നോളം എത്തിയിട്ടില്ല.
അത്യാധുനിക റഡാർ: പറക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾ നിരീക്ഷിക്കാൻ വിമാനത്തിൽ അഞ്ചാം തലമുറ റഡാറായ എപിജി-83 സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് നേരെ വരുന്ന മിസൈലിന്‍റെയോ വിമാനത്തിന്‍റെയോ ദൂരവും ശേഷിയും കൃത്യമായി നിരീക്ഷിച്ച് പൈലറ്റിന് മുന്നറിയിപ്പ് നൽകാനും ഡിജിറ്റൽ മാപ്പ് തയ്യാറാക്കി പൈലറ്റിന് നൽകാനും എഫ്16-ന് ആകും.
ബാറ്റില്‍സ്‌പേസ് അവബോധം: ശബ്‌ദത്തിന്‍റെ ഇരട്ടി വേഗതയിൽ സഞ്ചരിക്കുമ്പോൾ യുദ്ധ വിമാനങ്ങളിലെ പൈലറ്റിന് ഒന്നും കാണാൻ കഴിയില്ല. ഈ വിമാനത്തിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യുകയും പൈലറ്റിന് ഒരു വിഷ്വൽ മാപ്പായി പ്രദർശിപ്പിക്കുകയും ചെയ്യും. പൈലറ്റിന്‍റെ ഹെൽമറ്റിലാണ് ഇതിന്‍റെ ഡിസ്‌പ്ലേ ഘടിപ്പിച്ചിരിക്കുന്നത്.
പൈലറ്റുമാർക്കുള്ള സുരക്ഷ: എഫ്16 വിമാന നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ച ഓട്ടോമാറ്റിക് ഗ്രൗണ്ട് കൊളിഷൻ അവോയ്‌ഡൻസ് സിസ്റ്റം (ഓട്ടോ ജിസിഎഎസ്) പൈലറ്റിന് നിയന്ത്രണം നഷ്‌ടപ്പെടുമ്പോൾ വിമാനത്തെ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കും. 2014-ൽ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയതിന് ശേഷം വിമാന സ്‌ഫോടനങ്ങളിൽ 26 ശതമാനം കുറവ് വന്നതായി ലോക്ക്ഹീഡ് മാർട്ടിൻ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.
സമാനതകളില്ലാത്ത ആയുധ ശേഖരണം: എഫ് 16- ന് 180 തരം ആയുധങ്ങൾ വഹിക്കാൻ കഴിയുമെന്ന് ലോക്ക്ഹീഡ് മാർട്ടിൻ വെബ്സൈറ്റില്‍ പറയുന്നു. ലോകത്തെ മറ്റൊരു യുദ്ധവിമാനത്തിനും ഈ ശേഷിയില്ലെന്നാണ് ലോക്ഹീഡ് മാർട്ടിൻ അവകാശപ്പെടുന്നത്.
ഇത്തരത്തില്‍ ലോകത്തിന് മുന്നില്‍ ഏറ്റവും കരുത്തനായി നില്‍ക്കുന്ന യുദ്ധ വിമാനത്തിനൊപ്പം അത് പറത്താൻ പരിശീലനം സിദ്ധിച്ച പൈലറ്റിനെ കൂടെ യുക്രെയ്‌നിന് നഷ്‌ടമായത് ലോകം ഉറ്റുനോക്കുന്ന കാര്യമാണ്.
Also Read : റഷ്യക്ക് കനത്ത തിരിച്ചടി: കുർസ്‌ക് മേഖലയിടെ നിയന്ത്രണം പിടിച്ചെടുത്തെന്ന് യുക്രെയ്ന്‍