സിയോൾ: ഫേസ്ബുക്കിന്‍റെ മാതൃ സ്ഥാപനമായ മെറ്റയ്‌ക്ക് 15 മില്ല്യൺ ഡോളര്‍ പിഴയിട്ട് ദക്ഷിണ കൊറിയ. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ മതം, രാഷ്‌ട്രീയ വീക്ഷണങ്ങള്‍, ലൈംഗിക താത്പര്യങ്ങള്‍ ഉള്‍പ്പെടെയുളള സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി പരസ്യ കമ്പനികള്‍ക്ക് നല്‍കി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. 980,000 ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങളാണ് നാല് വര്‍ഷത്തിനിടയില്‍ മെറ്റ ചോര്‍ത്തിയത്.
ശേഖരിച്ച വിവരങ്ങള്‍ 4,000 പരസ്യ കമ്പനികള്‍ക്ക് വിറ്റതായും കമ്മിഷന്‍ കണ്ടെത്തി. ഉപഭോക്താക്കള്‍ ലൈക്ക് ചെയ്യുന്ന പേജുകളും കാണുന്ന പരസ്യങ്ങളും വിശകലനം ചെയ്‌താണ് മെറ്റ വിവരങ്ങള്‍ സമാഹരിക്കുന്നത് എന്നും കമ്മിഷന്‍ പറഞ്ഞു. നിർദ്ദിഷ്‌ട മതം, ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍, സ്വവര്‍ഗാനുരാഗം, നോര്‍ത്ത് കൊറിയയില്‍ നിന്നുളള രക്ഷപ്പെടല്‍ തുടങ്ങിയ വിഷയങ്ങളിലെ ആളുകളുടെ താത്‌പര്യം മനസിലാക്കുന്നതിന് പരസ്യങ്ങള്‍ തരംതിരിച്ച് ഉപയോഗിച്ചതായും കമ്മിഷന്‍ ഡയറക്‌ടർ ലീ യൂൻ ജങ് പറഞ്ഞു. വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്നതിനായി സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന മെറ്റ ഇതിനെ കുറിച്ച് കൃത്യമായി ഡാറ്റ പോളിസിയില്‍ പ്രതിപാദിക്കുകയോ ഉപയോക്താക്കളുടെ അനുമതി വാങ്ങുകയോ ചെയ്‌തിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിഷ്‌ക്രിയമായ പേജുകൾ നീക്കം ചെയ്യുന്നതില്‍ വീഴ്‌ച വരുത്തിയതിലൂടെ ഉപയോക്താക്കളുടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിലാണ് മെറ്റ പരാജയപ്പെട്ടതെന്നും ലീ പറഞ്ഞു. നിഷ്‌ക്രിയമായ പേജുകള്‍ ഉപയോഗിച്ച് ഹാക്കർമാർ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിക്കുന്നു. കൃത്യമായ പരിശോധന നടത്താതെ വ്യാജ അക്കൗണ്ടുകള്‍ക്ക് മെറ്റ അംഗീകാരം നല്‍കുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. 2018 മുതല്‍ 2022 വരെ നീണ്ടുനിന്ന പഠനത്തിലൂടെയാണ് നിയമവിരുദ്ധമായി മെറ്റ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് സൗത്ത് കൊറിയ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ കണ്ടെത്തിയത്.
വിശ്വാസം, രാഷ്‌ട്രീയ വീക്ഷണം, ലൈംഗിക താത്പര്യങ്ങള്‍ മുതലായ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം ഉറുപ്പുവരുത്തുന്നതാണ് ദക്ഷിണ കൊറിയയിലെ പ്രൈവസി ലോ. വ്യക്തികളുടെ കൃത്യമായ അനുവാദം ഇല്ലാതെ ഇത്തരം വിവരങ്ങള്‍ ഉപോയഗിക്കുന്നതില്‍ നിന്ന് കമ്പനികളെ നിയമം വിലക്കുന്നു.
മെറ്റയുടെ മറുപടി: കമ്മിഷന്‍റെ തീരുമാനം ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുമെന്ന് മെറ്റ അറിയിച്ചു. മറ്റ് പ്രതികരണത്തിന് മെറ്റ തയ്യാറായിട്ടില്ല.
ദക്ഷിണ കൊറിയ മെറ്റയ്‌ക്ക് വിധിച്ച പിഴകള്‍: 2022ല്‍ സൗത്ത് കൊറിയ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മിഷൻ ഗൂഗിളിനും മെറ്റായ്ക്കും 72 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. ഉപഭോക്താക്കളുടെ ഓൺലൈൻ പെരുമാറ്റം അവരുടെ സമ്മതമില്ലാതെ നിരീക്ഷിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് അന്ന് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെയാണ് ഇരു കമ്പനികളും വിവരം ശേഖരിച്ചതെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
പ്രൈവസി ലോ ലംഘിച്ചതിന്‍റെ പേരില്‍ ദക്ഷിണ കൊറിയ ചുമത്തിയ ഏറ്റവും വലിയ പിഴയായിരുന്നു അത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ വിവിരം കൈമാറിയതിന് മെറ്റയ്‌ക്ക് 2020ല്‍ 4.8 മില്ല്യൺ ഡോളര്‍ പിഴ ചുമത്തിയിരുന്നു. സുരക്ഷ വീഴ്‌ച ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്റ്റംബറിൽ യൂറോപ്പ് മെറ്റയ്‌ക്ക് 100 മില്യൺ ഡോളര്‍ പിഴ ചുമത്തിയിരുന്നു.
Also Read: റഷ്യൻ കോടതി ഗൂഗിളിന് വിധിച്ച പിഴ കേട്ടോ...കേട്ടു കേൾവി പോലുമില്ലാത്ത അത്രയും ഭീമൻ തുക